സ്വര്‍ണവില മൂക്കു കുത്തി വീണു; ബോബി ചെമ്മണ്ണൂരിന്റെ പ്രവചനം സത്യമാകുന്നു? പുതിയ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു. രാവിലെ വലിയ വര്‍ധനവ് രേഖപ്പെടുത്തി സര്‍വകാല റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സംഭവിച്ച പുതിയ മാറ്റങ്ങള്‍ സ്വര്‍ണത്തിന്റെ വില ഇടിച്ചു. കേരളത്തിലും വില കുറയാന്‍ ഇത് കാരണമായി. 1600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഈ വേളയില്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ എന്തു ചെയ്യണം എന്ന് അറിയാം.
സ്വര്‍ണവില തുടര്‍ച്ചയായി കുതിക്കുന്ന വേളയിലാണ് ബോബി ചെമ്മണ്ണൂര്‍, അധികം വൈകാതെ വില കുറഞ്ഞേക്കുമെന്ന് പ്രവചിച്ചത്. ഇപ്പോഴുള്ള വര്‍ധനവിന് പിന്നില്‍ ചില രാജാക്കന്മാരുടെ കളിയാണ് എന്നും അദ്ദേഹം സരസമായി പറഞ്ഞിരുന്നു. മാത്രമല്ല, വൈകാതെ 25 ശതമാനം വരെ വിലയില്‍ കുറവ് പ്രതീക്ഷിക്കാമെന്നും ബോബി സൂചിപ്പിച്ചിരുന്നു.

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 1520 രൂപയാണ് ഇന്ന് രാവിലെ വര്‍ധിച്ചത്. ഇതോടെ സര്‍വകാല റെക്കോര്‍ഡ് നിരക്കായ 97360 രൂപയില്‍ പവന്‍ വില എത്തി. ഗ്രാമിന് 12170 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 10005 രൂപ, 14 കാരറ്റ് ഗ്രാമിന് 7800 രൂപ, 9 കാരറ്റ് ഗ്രാമിന് 5030 രൂപ എന്നിങ്ങനെയായിരുന്നു ഇന്ന് രാവിലെ കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവില.
കുറഞ്ഞ നിരക്ക് ഇങ്ങനെ
ഉച്ചയ്ക്ക് ശേഷം ചിത്രം മാറി. 22 കാരറ്റ് ഗ്രാമിന് 200 രൂപ കുറഞ്ഞ് 11970 രൂപയായി. 1600 രൂപ കുറഞ്ഞ് പവന് 95760 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9850 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7680 രൂപയിലെത്തി. 9 കാരറ്റ് ഗ്രാമിന് 4950 രൂപയുമായി. എന്നാല്‍ വെള്ളിയുടെ വിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല. ഗ്രാമിന് 180 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ഈ വേളയില്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയാണ് വേണ്ടത്.
ഇന്ന് രാവലെ രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4350 ഡോളര്‍ ആയിരുന്നു. ഇപ്പോള്‍ 4270 ഡോളറില്‍ താഴെ എത്തി. മാത്രമല്ല, ഡോളര്‍ മൂല്യം അല്‍പ്പം മെച്ചപ്പെട്ട് 98.81 എന്ന നിരക്കിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം 88.02 എന്ന നിരക്കിലുമായി. ഇതെല്ലാമാണ് ഉച്ചയോടെ സ്വര്‍ണവില കുറയാന്‍ കാരണം. സ്വര്‍ണവില ഇനിയും കുറയണം എങ്കില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കണം എന്ന് പറയാം.
ഈ മാറ്റങ്ങള്‍ വന്നാല്‍ സ്വര്‍ണം ഇനിയും കുറയും
ഇന്ത്യയില്‍ രൂപയുടെ മൂല്യം ഉയരണം. ജിഎസ്ടി കുറയണം. രാജ്യാന്തര വിപണിയില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉണ്ടാവേണ്ടതുണ്ട്. അമേരിക്കയില്‍ തൊഴില്‍ സാഹചര്യം മെച്ചപ്പെടണം. പലിശ നിരക്ക് കുറയാതെ നില്‍ക്കണം. യുദ്ധങ്ങള്‍ അവസാനിക്കണം. ഡോളറിന്റെ കരുത്ത് വര്‍ധിപ്പിക്കണം. പണപ്പെരുക്കം കുറയേണ്ടതുണ്ട്. ഇത്തരം മാറ്റങ്ങള്‍ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും.
എന്നല്‍ ചൈനക്കെതിരെ അമേരിക്ക വീണ്ടും താരിഫ് ഭീഷണി മുഴക്കിയത് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഉയര്‍ന്ന താരിഫ് ചുമത്തിയത് അമേരിക്ക കുറച്ചിട്ടുമില്ല. ഇത്തരം വ്യാപാര ആശങ്കകളും നീങ്ങേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജും സ്വര്‍ണ വ്യാപാരി ബോബി ചെമ്മണ്ണൂരുമെല്ലാം പ്രവചിക്കുന്നത് വൈകാതെ വില കുറയാനുള്ള സാധ്യതയാണ്.












Click it and Unblock the Notifications