സ്വർണ വില 1 ലക്ഷത്തിന് താഴേക്ക് വീഴുമോ; വിപണിയിൽ സംഭവിക്കുന്നത്..ഡോളർ കരുത്ത് കാട്ടിയാൽ ഇടിഞ്ഞ് വീഴു
ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കിടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. സ്വർണത്തിനും സമാനമായ കുതിപ്പാണ് പ്രതീക്ഷിക്കപ്പെട്ടത്. സാധാരണ നിലയിൽ യുദ്ധ സാഹചര്യങ്ങളിൽ സ്വർണവില ഉയരുകയെന്നത് സ്വാഭാവികമാണ്. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ തുടരുകയാണ് മഞ്ഞലോഹം.
ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനെ ആക്രമിച്ചപ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില ട്രോയ് ഔൺസിന് 5,296-ൽ നിന്ന് 5,423 ഡോളറായി ഉയർന്നിരുന്നു. എന്നാൽ മാർച്ച് 3-ന് 6 ശതമാനത്തിലധികം ഇടിഞ്ഞ് 5,085 ഡോളറിലെത്തി. ഈ ആഴ്ച 5,050-നും 5,200-നും ഇടയിലാണ് വ്യാപാരം നടന്നത്. നിലവിൽ വില 5,175 ഡോളറാണ്.ഡോളറിന്റെ കരുത്തും ഉയർന്ന ട്രഷറി വരുമാനവുമാണ് സ്വർണ വില കുതിക്കാതിരിക്കുന്നതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

അതേസമയം ക്രൂഡ് ഓയിൽ വില ഇപ്പോഴത്തെ നിലയിൽ കുതിക്കുകയാണെങ്കിൽ സ്വണത്തിന് ഇനിയും വില കുറഞ്ഞേക്കാനുള്ള സാധ്യതകൾ ചില വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വിലക്കയറ്റം ദീർഘകാല പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നും സെൻട്രൽ ബാങ്കുകൾ പലിശനിരക്കുകൾ ഉയർത്തുമെന്നും മെറ്റൽസ് ഡെയ്‌ലി വെബ്സൈറ്റ് സിഇഒ റോസ് നോർമൻസ് പറയുന്നു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയിൽ ഉയർന്ന പലിശനിരക്കുകൾ സ്വർണം പോലുള്ള വരുമാനമില്ലാത്ത ആസ്തികളെക്കാൾ സർക്കാർ ബോണ്ടുകളെയാണ് ആകർഷകമാക്കുന്നത്. 'സ്വർണത്തിൻ്റേയും വെള്ളിയുടെയും വില ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്, എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളിലെ വലിയ മുന്നേറ്റങ്ങൾക്ക് ശേഷമുള്ള സ്വാഭാവിക മാറ്റമാണിത്. അസാധാരണമായ ചാഞ്ചാട്ടം കാരണം ചില നിക്ഷേപ സ്ഥാപനങ്ങൾക്ക് സ്വർണം ശേഖരിക്കുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ സ്വർണം വിറ്റഴിച്ചതാണ് വിലക്കുറവിലേക്ക് നയിച്ചതെന്നും അതൊരു സ്വാഭാവിക നടപടിയാണെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നു. പണലഭ്യതയിൽ കുറവുണ്ടാകുമ്പോൾ ആളുകൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നതു വരെയും ശരിയായ ആസ്തികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതുവരെയും എല്ലാം വിറ്റഴിയപ്പെടുമെന്ന് അൽ റംസിലെ ഗവേഷണ വിഭാഗം തലവൻ അമേർ ഹലവി വിശദീകരിച്ചു. പരമ്പരാഗതമായി, വലിയ തിരിച്ചടികളുണ്ടാകുമ്പോൾ സ്വർണ പോലും ആദ്യം വിറ്റഴിക്കുകയും പിന്നീട് മുന്നേറ്റം നടത്തുകയും ചെയ്യും',അദ്ദേഹം പറഞ്ഞു.
അതിനിടെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾക്കിടയിലും പ്രമുഖ ബാങ്കുകൾ സ്വർണത്തിന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ജെപി മോർഗൻ 2026 അവസാനത്തോടെ സ്വർണ വില ഔണ്‍സിന് 6,300 ഡോളറിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ഡ്യൂഷേ ബാങ്ക് ഈ വർഷാവസാനത്തോടെ 6,000 ഡോളർ സാധ്യതയാണ് പ്രവചിക്കുന്നത്.
കേരളത്തിലെ വില
സംസ്ഥാനത്ത് സ്വർണ വില നിലവിൽ 1,18,960 എന്ന നിലവാരതിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതായത് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 1.30 ലക്ഷമെങ്കിലും നൽകേണ്ടി വരും. ഇനി സ്വർണം 6000ത്തിലേക്ക് കുതിക്കുകയാണെങ്കിൽ കേരളത്തിൽ ഒരു പവൻവില 1.50 ലക്ഷം കടക്കും.
ഇറാൻ യുദ്ധം കൂടുതൽ കാലം തുടരുകയും ക്രൂഡ് ഓയിൽ വില ഉയരുകയും ചെയ്താൽ സ്വർണ വിലയിൽ ഇനിയും മാറ്റത്തിനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പ്രവചനം. എന്നാൽ ഇതിലൊന്നും അമിത പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.












Click it and Unblock the Notifications