സ്വർണ വില എങ്ങോട്ട്? ഇപ്പോൾ വാങ്ങിവെച്ചില്ലെങ്കിൽ എട്ടിന്റെ പണി? അത് സംഭവിച്ചാൽ കോളടിച്ചു
ആഗോള വിപണിയിൽ സ്വർണ വിലയിൽ വലിയ കുറവാണ് കഴിഞ്ഞ ദിവസങ്ങളൽ രേഖപ്പെടുത്തിയത്. ഇന്നലെ രാജ്യാന്തരവിപണിയിൽ ഔൺസിന് 3254 ഡോളറായിരുന്നു വില. യുഎസ്-ചൈന വ്യാപാരതർക്കം പരിഹരിക്കപ്പെട്ടതാണ് വിലക്കുറവിന് വഴിവെച്ചത്. അതേസമയം ഈ വില ഇനിയും കുത്തനെ കുറയുമോ അതോ വൻ വർധനവ് രേഖപ്പെടുത്തുമോയെന്നാണ് ആളുകൾ പ്രധാനമായും ഉറ്റുനോക്കുന്നത്.
പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡ് തലവൻ ജെറോം പോവലിന്റെ നടപടികൾക്ക് അനുസരിച്ച് സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കും. യുഎസ് പിപിഐ (പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ്) യും വിലയെ സ്വാധീനിക്കും.

സ്വർണ വില ഒരുമാസത്തിനിടയിലെ ഏറ്റവും വലിയ താഴ്ചയിൽ
കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ വിലക്കുറവിലായിരുന്നു വ്യാഴാഴ്ചത്തെ സ്വർണവില. ഡോളറിന്റെ കരുത്ത് നഷ്ടപ്പെട്ടതാണ് വിലയിൽ പ്രതിഫലിച്ചത്. ഇനി ഉറ്റുനോക്കുന്നത് സ്വർണവില ആഗോള വിപണിയിൽ ഔൺസിന് 3155 ആകുമോയെന്നതാണ്. ഈ വിലയ്ക്ക് താഴേക്ക് സ്വർണ വില ഇടിഞ്ഞാൽ തുടർന്നും വലിയ വിലക്കുറവ് രേഖപ്പെുത്തിയേക്കം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പണപ്പെരുപ്പ ഡാറ്റയ്ക്കായി ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ഡാറ്റ പുറത്തുവരുന്നതോട് കൂടി മാന്ദ്യ ഭീഷണികൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരും. മാന്ദ്യഭീഷണി ശക്തമായാൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കും. ഇത് സ്വർണ വില ഉയരാൻ കാരണമാകും. എന്നാൽ ഭീഷണി ഇല്ലാതായാൽ നിരക്കിൽ മാറ്റം വരുത്താൻ ഫെഡ് തയ്യാറായേക്കില്ല, സ്വാഭാവികമായും വില കുറയും.
ഈ വർഷം വില എന്താകും
വിലയിൽ വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തുമ്പോഴും ഈ വർഷം അവസാനത്തോടെ ആഗോളവിപണിയിൽ സ്വർണ വില ഔൺസിന് 3700 ഡോളർ വരെ എത്തിയേക്കുമെന്നാണ് ഗോൾഡ്മാൻ സാച്ച്സ് പ്രവചിക്കുന്നത്. ഒരുപക്ഷെ 4500 വരെ പോകാനുള്ള സാധ്യതയും കൽപ്പിക്കുന്നുണ്ട്.
എന്നാൽ വില കുറയാനുള്ള സാധ്യതയാണ് റോയിറ്റേഴ്സ് സർവ്വേ പ്രവചിക്കുന്നത്. ഔൺസിന് 3065 ഡോളർ വരെ എത്തിയേക്കുമെന്നാണ് പ്രവചനം. അതേസമയം ജൂൺ പകുതിയോടെ ഹ്രസ്വകാല ഇടിവ് ഏകദേശം 3110 ഡോളർ ആയേക്കുമെന്നാണ് കോയിൻകോഡെക്സ് പ്രവചനം. വർഷാവസാനം 3925 ഡോളർ വരെ എത്താനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയും കേന്ദ്ര ബാങ്കുകളും പണപ്പെരുപ്പത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ച് കൂടിയായിരിക്കും വിലയിലെ മാറ്റങ്ങൾ.
സ്വർണം സുരക്ഷിത നിക്ഷേപമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വർണം സുരക്ഷിത നിക്ഷേപം തന്നെയാണെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിലയിൽ നേരിയ കുറവുകൾ പ്രവചിക്കപ്പെടുമ്പോഴും നീണ്ട കാലത്തേക്ക് സ്വർണം ആദായകരമാണ്. ആഗോള പണപ്പെരുപ്പ ആശങ്കകൾ, കേന്ദ്ര ബാങ്കുകളുടെ നീക്കങ്ങൾ, പലിശ നിരക്കിൽ വരുന്ന മാറ്റങ്ങൾ എന്നിവ കൂടി നിരീക്ഷിക്കേണ്ടത് പ്രധാനമാണെന്ന് ഇബിസി ഫിനാൻഷ്യൽ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. അതേസമയം നിക്ഷേപകങ്ങൾ തങ്ങളുടെ നിക്ഷേപങ്ങൾ സ്വർണത്തിൽ മാത്രം ഒതുക്കാതെ മറ്റ് ആസ്തികളിലും ആശ്രയിക്കണമെന്നും വിദഗ്ധർ ആവർത്തിക്കുന്നു.
കേരളത്തിൽ എന്ത് സംഭവിക്കും?
കഴിഞ്ഞ മാസം ഈ സമയത്ത് കേരളത്തിൽ സ്വർണ വില പവന് 74320 രൂപയായിരുന്നു. ഗ്രാമിന് ഏകദേശം 9200 രൂപയും. എന്നാൽ വ്യാഴാഴ്ച കേരളത്തിൽ സ്വർണ വില ഒറ്റയടിക്ക് കുറഞ്ഞ് പവന് വില 68,880 രൂപയായി. കഴിഞ്ഞ ഏപ്രിൽ 11 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. ആഗോള വിപണിയിലെ ചലനങ്ങൾ തന്നെയാണ് കേരളത്തിലും സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് ആഗോള ഭൗമ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതികൂലമായാൽ കേരളത്തിലും സ്വർണ വില വർധിച്ചേക്കും.












Click it and Unblock the Notifications