സ്വര്‍ണവില കുത്തനെ കൂടാന്‍ പോകുന്നു!! കാത്തിരിക്കുന്നത് അമ്പരപ്പിക്കും പ്രതിസന്ധി, പാപ്പരാകും
സ്വര്‍ണവില ഇനിയും വര്‍ധിക്കുമോ? നിലവിലെ വില തന്നെ താങ്ങാനാകാത്ത അവസ്ഥയാണ്. ഈ ഘട്ടത്തില്‍ ഇനിയും വില കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ ഉപഭോക്താക്കളെ കൂടുതല്‍ വിഷമത്തിലാക്കും. സ്വര്‍ണവില ഇനിയും കൂടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അമേരിക്ക നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് സ്വര്‍ണത്തെ ബാധിക്കുക. ഒന്നിന് പിറകെ ഒന്നായി അമേരിക്ക നേരിടുന്ന പ്രതിസന്ധി ലോക സമൂഹത്തെ ബാധിക്കും.
പണപ്പെരുപ്പമായിരുന്നു അമേരിക്ക ഇതുവരെ നേരിട്ട വെല്ലുവിളി. ഇത് നേരിടാന്‍ പലിശ നിരക്ക് തുടര്‍ച്ചയായി ഉയര്‍ത്തുകയായിരുന്നു കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം പണപ്പെരുപ്പം ഉയര്‍ത്തുന്ന ഭീഷണി കുറഞ്ഞിട്ടുണ്ട്. അപ്പോഴാണ് അടുത്ത വെല്ലുവിളി വന്നിരിക്കുന്നത്. ഇനി അമേരിക്കയുടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഐക്യത്തോടെ നിന്നാല്‍ മാത്രമേ രക്ഷയുള്ളൂ.

വിപണിയില്‍ പ്രതിസന്ധി രൂപപ്പെടുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ എല്ലാവരും സ്വര്‍ണം വാങ്ങിക്കൂട്ടും. നിക്ഷേപകര്‍ മാത്രമല്ല, രാജ്യങ്ങളും സ്വര്‍ണം വാങ്ങും. ഇതാണ് സ്വര്‍ണത്തിന് അപ്രതീക്ഷിതമായ വിലവര്‍ധനവിന് കാരണം. അമേരിക്കയുടെ ട്രഷറി വൈകാതെ കാലിയാകും. ഈ പ്രതിസന്ധി മറികടക്കാന്‍ കടമെടുക്കല്‍ പരിധി ഉയര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ യോജിച്ച് തീരുമാനമെടുക്കുകയാണ് വേണ്ടത്.
ചൊവ്വാഴ്ച നിര്‍ണായകമായ യോഗം അമേരിക്കയില്‍ നടക്കാന്‍ പോകുകയാണ്. പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ മുന്‍കൈയ്യെടുത്താണ് യോഗം വിളിക്കുക. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുക്കല്‍ പരിധി ഉയര്‍ത്തണമെന്ന് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇതുവരെ പ്രതിപക്ഷം യോജിച്ചിട്ടില്ല. സമവായമുണ്ടാക്കാനാണ് യോഗം വിളിക്കുന്നത്.
നിലവില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയില്ലെന്നാണ് മിക്ക സാമ്പത്തിക നിരീക്ഷകരും കരുതുന്നത്. എന്നാല്‍ അതിനേക്കാള്‍ വലിയ തിരിച്ചടി കടമെടുക്കല്‍ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ സംഭവിക്കും. അമേരിക്കയുടെ തിരിച്ചടവുകള്‍, ശമ്പളം, ബില്ലുകള്‍, ക്ഷേമ പദ്ധതികള്‍ എന്നിവ എല്ലാം മുടങ്ങുന്ന സാഹചര്യമുണ്ടാകും. ജോലികള്‍ നഷ്ടമാകും, പലിശ കൂടുകയും ചെയ്യും. ഇന്ന് വരെ അമേരിക്കന്‍ ചരിത്രത്തില്‍ സംഭവിക്കാത്തതാണിത്.
ഭരണപക്ഷം ചെലവ് ചുരുക്കാന്‍ തയ്യാറാകണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവില്‍ 31.4 ലക്ഷം കോടി ഡോളറാണ് കടമമെടുക്കല്‍ പരിധി. ഇത് നിലനിര്‍ത്തുകയോ ഉയര്‍ത്തുകയോ വേണം. ഇതിന് രാഷ്ട്രീയമായ തീരുമാനമാണ് ആവശ്യം. കൊവിഡിന് ശേഷം പതിയെ ഉയര്‍ന്നുവരുന്ന അമേരിക്കന്‍ വിപണിക്ക് തിരിച്ചടി ഒഴിവാക്കാന്‍ പരിധി ഉയര്‍ത്തണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നു.
ജൂണ്‍ വരെ ഉപയോഗിക്കാനുള്ള പണമാണ് ട്രഷറിയിലുള്ളത്. അതിനകം കടമെടുക്കല്‍ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്ക വന്‍ പ്രതിസന്ധിയില്‍ കൂപ്പുകുത്തും. ഈ ആശങ്ക നിറഞ്ഞ സാഹചര്യം നിലനില്‍ക്കുന്നത് വിപണിക്ക് ഗുണകരമല്ല. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയും. സ്വര്‍ണവില കുത്തനെ കൂടുകയും ചെയ്യും. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ പ്രതിഫലിക്കും.
നിലവില്‍ കേരളത്തില്‍ സ്വര്‍ണവില പവന് 45320 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വില തുടരുന്നു. വലിയൊരു വര്‍ധനവാണോ ഇനി വരാന്‍ പോകുന്നത് എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഓരോ ദിവസും രാവിലെ വ്യാപാരം തുടങ്ങുന്ന വേളയിലാണ് ജ്വല്ലറികളിലെ പ്രതിദിന വില നിശ്ചയിക്കുക. ഇതിന് വ്യാപാരികള്‍ക്ക് പ്രത്യേക സംവിധാനമുണ്ട്.












Click it and Unblock the Notifications