സ്വർണ വില ആഗോള തലത്തിൽ ഇനിയും കുറയും? തിരിച്ചടിയായി കണക്കുകൾ
സ്വർണ വിപണിയിൽ വീണ്ടും ആശങ്ക പരത്തി അമേരിക്കയിൽ നിന്നുള്ള പുതിയ സാമ്പത്തിക റിപ്പോർട്ട്. പണപ്പെരുപ്പം ഇനിയും നിയന്ത്രണത്തിലായിട്ടില്ലെന്ന സൂചനകളും അതേസമയം സമ്പദ്‌വ്യവസ്ഥ ശക്തമായി മുന്നേറുന്നുവെന്ന കണക്കുകളും ഒരുമിച്ചെത്തിയതാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. സാധാരണയായി അനിശ്ചിതത്വകാലങ്ങളിൽ സുരക്ഷിത നിക്ഷേപമായി ആളുകൾ സ്വർണത്തിലേക്ക് തിരിയാറുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം സ്വർണത്തിന് അത്ര അനുകൂലമല്ലെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്ക് പുറത്തുവിട്ട എമ്പയർ സ്റ്റേറ്റ് മാനുഫാക്ചറിംഗ് സർവേയാണ് ഇപ്പോൾ വിപണിയിൽ ചർച്ചയാകുന്നത്. ഏപ്രിലിൽ 11 പോയിന്റ് ആയിരുന്ന സൂചിക മെയ് മാസത്തിൽ 19.5 ആയി ഉയർന്നു.അതായത് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിനെക്കാൾ വളരെ ഉയർന്ന വളർച്ചയാണിത്. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മുന്നേറ്റങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.

'കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ് മെയ് മാസത്തിൽ ന്യൂയോർക്ക് സംസ്ഥാനത്തെ ഉൽപ്പാദന മേഖലയിൽ രേഖപ്പെടുത്തിയതെന്ന് ന്യൂയോർക്ക് ഫെഡിലെ ഇക്കണോമിക് റിസർച്ച് അഡ്വൈസർ റിച്ചാർഡ് ഡീറ്റ്സ് പറഞ്ഞു. പുതിയ ഓർഡറുകളും കയറ്റുമതിയും ഗണ്യമായി വർധിച്ചു, തൊഴിൽ അവസരങ്ങളും കൂടി. എന്നാൽ, വിലക്കയറ്റത്തിന്റെ തോത് കുത്തനെ ഉയർന്നു, ഡെലിവറി സമയവും സപ്ലൈ ലഭ്യതയും മോശമായി', അദ്ദേഹം വിശദീകരിച്ചു.
റിപ്പോർട്ടിലെ കണക്കുകൾ നോക്കിയാൽ പുതിയ ഓർഡർ സൂചിക 19.3ൽ നിന്ന് 22.7 ആയി ഉയർന്നു. ഷിപ്പ്‌മെൻ്റ് സൂചികയിൽ വലിയ മാറ്റമില്ലാതെ 18.9 നിലനിന്നു. തൊഴിൽ സൂചികയിൽ ചെറിയ കുറവുണ്ടായി. എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് പ്രൈസസ് പെയ്ഡ് സൂചികയാണ്. ഇത് 51ൽ നിന്ന് 62.6 ആയി കുതിച്ചുയർന്നു. അതായത് വ്യവസായ മേഖലയിൽ ചെലവുകളും വിലക്കയറ്റവും ഇപ്പോഴും ശക്തമാണെന്ന് വ്യക്തമാണ്.
ഈ സാഹചര്യത്തിൽ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കാൻ വേഗം തയ്യാറാകില്ലെന്നാണ് വിപണി കരുതുന്നത്. ആവശ്യമായാൽ പലിശനിരക്കുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ തുടർന്നേക്കാമെന്നും വിലയിരുത്തലുണ്ട്. അതാണ് സ്വർണ വിപണിയിൽ ഇപ്പോൾ സമ്മർദ്ദമുണ്ടാക്കുന്നത്. കാരണം പലിശ ലഭിക്കാത്ത നിക്ഷേപമായതിനാൽ ഉയർന്ന പലിശനിരക്കുകൾ ഉള്ള സമയത്ത് സ്വർണത്തിലേക്കുള്ള ആകർഷണം സാധാരണയായി കുറയാറുണ്ട്.
ഇതിനിടയിൽ സ്വർണ വില വീണ്ടും ഇടിഞ്ഞു. സ്പോട്ട് ഗോൾഡിന്റെ വില ഒരു ഔൺസിന് 4,546.60 ഡോളർ നിരക്കിലാണ് ഇന്ന് വ്യാപാരം നടന്നത്. മുൻ ദിവസത്തേക്കാൾ രണ്ട് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ശക്തമായ സാമ്പത്തിക ഡാറ്റ പുറത്തുവന്നിട്ടും സ്വർണത്തിന് തിരിച്ചുയരാൻ സാധിക്കാത്തത് നിക്ഷേപകരുടെ ആശങ്ക വ്യക്തമാക്കുന്നതായാണ് വിപണി നിരീക്ഷകർ പറയുന്നത്.
എന്നിരുന്നാലും ദീർഘകാലത്തിൽ സ്വർണത്തിന്റെ പ്രാധാന്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് തന്നെയാണ് നിക്ഷേപകർ ആവർത്തിക്കുന്നത്. ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങൾ എന്നിവ വീണ്ടും സ്വർണത്തിൻ്റെ സുരക്ഷിത നിക്ഷേപ പദവി ഉയർത്തിയേക്കും. അതുകൊണ്ട് തന്നെ ഹ്രസ്വകാല ഇടിവുകൾ മാത്രം നോക്കാതെ വിപണിയുടെ വലിയ ചിത്രം കണക്കിലെടുത്ത് വേണം നിക്ഷേപകർ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications