സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്
ആഗോളതലത്തിൽ ഇന്നും സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളർ ശക്തിപ്പെട്ടതും ഫെഡറൽ റിസർവ് പലിശ നിരക്ക് ഉടൻ കുറയ്ക്കുമെന്ന പ്രതീക്ഷ മങ്ങിയതുമാണ് ഇതിന് കാരണം. ഡോളർ കരുത്താർജിക്കുമ്പോൾ, മറ്റ് കറൻസി വാങ്ങുന്നവർക്ക് സ്വർണ്ണം വിലയേറിയതാകും, ഇത് ആവശ്യം കുറയ്ക്കും.
അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം മൂന്നാം വാരത്തിലേക്ക് നീങ്ങിയതോടെ ഉയർന്ന എണ്ണവിലയും സ്വർണവിപണിയെ സ്വാധീനിച്ചു. ഹോർമുസ് കടലിടുക്കിലെ ഭീഷണികളും അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ നിലനിർത്തുന്നത് പണപ്പെരുപ്പ ഭീതി വർദ്ധിപ്പിക്കുന്നുണ്ട്. സാധാരണയായി, സ്വർണ്ണം പണപ്പെരുപ്പത്തിനെതിരെ സുരക്ഷിത നിക്ഷേപമാണ്. എന്നാൽ ഇപ്പോൾ, പണപ്പെരുപ്പം തടയാൻ ഫെഡ് നിരക്കുകൾ കൂടുതൽ കാലം ഉയർത്തുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. ഇത് ബോണ്ടുകൾ പോലുള്ള പലിശ വരുമാനമുള്ള നിക്ഷേപങ്ങളെ, ആദായമില്ലാത്ത സ്വർണത്തേക്കാൾ ആകർഷകമാക്കും. ഇത് ലാഭമെടുപ്പിനും വിലയിടിവിനും കാരണമായി.

നിലവിൽ രാജ്യാന്തര വിപണിയിൽ ഒരു ഔണ്‍സ് സ്വർണത്തിന് 5018 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇനിയും വിലയിടിയുമോയെന്നതാണ് പ്രധാന ചോദ്യം. 4815-4910 ഡോളറിന് താഴെ വില ഇടിയുകയാണെങ്കിൽ, ഒരു ശക്തമായ ഇടിവ് സ്ഥിരീകരിക്കപ്പെടുമെന്നാണ് ഗോൾഡ് അനലിസ്റ്റായ ഡോ അലൻ വോസ് ചൂണ്ടിക്കാട്ടുന്നത്.തുടർന്ന് വില 4465-4550 ഡോളർ തലങ്ങളിലേക്കും പിന്നീട് 4020-4100 ഡോളറിലേക്കും നീങ്ങാം എന്നും അദ്ദേഹം പ്രവചിക്കുന്നു. . നിലവിൽ സ്വർണ്ണം 5,019 ഡോളറിനടുത്താണ് ,സ്വർണം വ്യാപാരം ചെയ്യുന്നത്, മാർച്ച് 21-ഓടെ ഇത് 4,921 ഡോളറിലേക്ക് എത്താമെന്നും പ്രവചനങ്ങൾ ഉണ്ട്.
ഇതിന് ശേഷം വലിയ തിരുത്തലിന് സാധ്യതയുണ്ട്. വില 3000-3200 ഡോളർ പരിധിയിലേക്ക് വിലയെ താഴ്ത്തിയേക്കും. എന്നാൽ .തുടർന്ന് വലിയൊരു മുന്നേറ്റത്തിനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. ഈ ഇടിവിന് ശേഷം സ്വർണ്ണം 6500-7500 ഡോളറിലേക്ക് ഉയരാനും സാധ്യതയുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലും വില ഇടിയും
ആഗോള വിപണിയിലെ കുതിപ്പിൻ്റെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കത്തിക്കയറുകയാണ്. 2025ൻ്റെ തുടക്കത്തിൽ വെറും 50,000 രൂപ പവന് ഉണ്ടായിരുന്ന സ്വർണം ഇപ്പോൾ 1.17 ലക്ഷം രൂപയിലാണ് വ്യാപാരം നടത്തുന്നത്. പഴയ വിലനിലവാരത്തിലേക്ക് എത്താതെ സ്വർണം വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും വയ്യെന്നാണ് സാധാരണക്കാർ പറയുന്നത്. എന്തായാലും ആഗോള വിപണിയിൽ സ്വർണം ഇടിയുമ്പോൾ കേരളത്തിലും വില കുത്തനെ താഴുമെന്നതാണ് പ്രധാന ആശ്വാസം.
മാർച്ച് മാസം ആദ്യം സ്വർണ വില കേരളത്തിൽ 1.26 ലക്ഷമായിരുന്നു. ഇതാണിപ്പോൾ ഏകദേശം 10,000 രൂപയോളം ഇടിഞ്ഞ് 1.17 ലക്ഷത്തിൽ വ്യാപാരം നടത്തുന്നത്. ആഗോള വിപണിയിൽ ഔണ്‍സിന് 3800-4000 ഡോളറിലേക്കൊക്കെ വില ഇടിഞ്ഞാൽ സ്വാഭാവികമായും കേരളത്തിൽ സ്വർണം 70,000 രൂപയൊക്കെ ആയേക്കും. അപ്പോഴും 50,000 എന്ന പഴയ നിലയിലേക്കുള്ള പ്രവചനങ്ങൾ ഉണ്ടാകുന്നില്ലെന്നത് ശ്രദ്ധേയാണ്. അതേസമയം വില 7000ഡോളറിലേക്ക് പിന്നീട് ഉയർന്നാൽ കേരളത്തിൽ സ്വർണം അക്ഷരാർത്ഥത്തിൽ പൊള്ളും. അതായത് ഒരു പവന് 1.65 ലക്ഷം വരെ വില വരും. ഇത് പവൻ വില മാത്രമാണ് നികുതിയും പണിക്കൂലിയുമെല്ലാം ചേരുമ്പോൾ 1.80 ലക്ഷം വരെയെങ്കിലും നൽകേണ്ടി വരും.












Click it and Unblock the Notifications