സ്വർണം ഇടുന്നത് മറന്നേക്ക്; ഇക്കണ്ടതൊന്നുമല്ല വില, വരാൻ പോകുന്നത്.. ഞെട്ടിച്ച് പ്രവചനം
താരിഫ് യുദ്ധം കൊടുമ്പിരി കൊണ്ടതോടെ സ്വർണ വില പറപറക്കുകയാണ്. ആഗോള വിപണിയിൽ ഔൺസിന് വില 3300 ഡോളർ ആണ്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും സ്വർണവില റോക്കറ്റ് പോലെയാണ് കുതിച്ചത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9025 രൂപയാണ് വില. പവ് 72,200 രൂപയും. കേരളത്തിലാകട്ടെ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 71560 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 8945 രൂപയുമാണ് വില.
എന്നാൽ വില ഇവിടം കൊണ്ടൊന്നും നിൽക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. താരഫ് യുദ്ധം തുടരുകയും സാമ്പത്തിക മാന്ദ്യ ഭീഷണി നിലനിൽക്കുകയും ചെയ്താൽ ആഹോളവിപണയിൽ സ്വർണ വില ഈ വൈകാതെ തന്നെ ഔൺസിന് 4500 രൂപയാകുമെന്നാണ് പ്രവചനം.

വൈകാതെ തന്നെ ഔൺസിന് വില 3700 ഡോളറിലെത്തിയേക്കുമെന്നാണ് ആഗോള ബ്രോക്കറേജ് ഗോൾഡ്മാൻ സാച്ച് പ്രവചിക്കുന്നത്. ഇത് പക്ഷെ വീണ്ടും ഉയർന്ന് 4500 ഡോളറിൽ എത്തിയേക്കുമെന്നും പ്രവചനത്തിൽ പറയുന്നു. താരിഫ് യുദ്ധവും ആഗോള മാന്ദ്യ ഭീഷണിയും തന്നെയാണ് സ്വർണത്തിന്റെ ഡിമാന്റും വിലയും ഉയർത്തുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി ആൻഡ് കറൻസി വിഭാഗം മേധാവി അനുജ് ഗുപ്ത പറഞ്ഞു.
'ട്രംപിന്റെ താരിഫ് ഭീഷണികൾ സുരക്ഷിത നിക്ഷേമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തി. യു എസ് ഫെഡ് അധ്യക്ഷൻ ജെറോ പോവൽ പറഞ്ഞത് ഒരു ശതമാനം തീരുവ ഉയർന്നാൽ തന്നെ യുഎസ് വളർച്ചാ നിരക്ക് 0.10 ശതമാനം കുറയുമെന്നാണ്. ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും പണപ്പെരുപ്പവുമെല്ലാം സ്വർണത്തിന്റെ വില വർധിക്കാൻ കാരണമാകും. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ വില ചെറിയ തോതിലെങ്കിലും കുറഞ്ഞാൽ അത് അവസരമാക്കി സ്വർണം വാങ്ങിവെയ്ക്കണം', അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സ്വർണവില ഔൺസിന് 4500 ഡോളറിലെത്തിയാൽ ഇന്ത്യയിൽ സ്വർണവില 10 ഗ്രാമിന് ഒരു ലക്ഷം കവിയുമെന്ന കാര്യത്തിൽ തർക്കമില്ല. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചത് പോലെ കേരളത്തിൽ പവൻ വില 85000 തൊടുകയും ചെയ്യും. പണിക്കൂലിയും ജി എസ് ടിയും ചേർത്ത് 77,000ത്തിന് തന്നെ സ്വർണം വാങ്ങാൻ സാധാരണക്കാരന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇനിയും സ്വർണ വില ഉയർന്നാൽ സ്വർണാഭാരണങ്ങൾ സാധാരണക്കാർ പൂർണമായും മറന്നേക്ക് എന്ന് തന്നെ പറയേണ്ടി വരും.
അക്ഷയ തൃതീയ എത്തി, വാങ്ങിക്കൂട്ടാം, അധികം പരിക്കേൽക്കാതെ
മെയ് 2 നാണ് ഈ വർഷത്തെ അക്ഷയതൃതീയ. ഹിന്ദു വിശ്വാസപ്രകാരം സ്വർണം വാങ്ങുന്നതിന് മികച്ച ദിനമായാണ് കാണുന്നത്. വില ഉയർന്നെങ്കിലും ഈ ദിവസം ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കാൻ പലരും തയ്യാറാകും. നിലവിലെ റെക്കോഡ് വില സാധാരണക്കാരനെ സംബന്ധിച്ച് അപ്രാപ്യമാണ്. ഈ സാഹചര്യത്തിൽ സ്വർണപ്രേമികളെ കടയിലെത്തിക്കാൻ പലവിധ ഓഫറുകളാണ് ജ്വല്ലറികൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ പ്രധാനം പണിക്കൂലിയിലെ ഓഫർ തന്നെയാണ്.
പണിക്കൂലിയാണ് നടുവൊടിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. ഇതോടെ പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവുകൾ ജ്വല്ലറികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് പോലുള്ള സ്ഥലങ്ങളിൽ പണിക്കൂലി പൂർണമായും ഒഴിവാക്കിയാണ് പലയിടത്തും വിൽപന. എന്നാൽ അത് ഇവിടെ പ്രായോഗികമാകില്ലെന്ന് ജ്വല്ലറിക്കാർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ഓഫർ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓഫറാണ്. ഇത് പലരും പ്രയോജനപ്പെടുത്തുന്നുണ്ട്. 18 കാരറ്റിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ കൂടുതൽ കളക്ഷനുകൾ എത്തിച്ചും വിൽപന പൊടിപൊടിക്കാനുള്ള തന്ത്രങ്ങൾ ജ്വല്ലറി വ്യാപാരികൾ പയറ്റുന്നുണ്ട്.












Click it and Unblock the Notifications