സ്വർണം ഇനി പിടിച്ചാൽ കിട്ടില്ല; 2025 ൽ കേരളത്തിൽ പവന് വില 68,000 തൊടും?, വിദഗ്ധർ പറയുന്നത്
സ്വർണവിലയിൽ റെക്കോഡ് കുതിപ്പ് രേഖപ്പെടുത്തിയ വർഷമാണ് 2024. ഈ വർഷം ജനവരിയിൽ ഒരു പവൻ സ്വർണത്തിന് 46840 രൂപയായിരുന്നു വില. എന്നാൽ 2024 അവസാനിക്കാറുമ്പോഴേക്കും സ്വർണ വിലയിൽ ഏകദേശം 27 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. അതായത് പവന് ഇതുവരെ വർധിച്ചത് ഏകദേശം 10,160 രൂപ. ഗ്രാമിന്റെ കണക്കെടുത്താൽ 1,270 രൂപയുടെ വർധനവ്.
ഈ വർഷം ഒക്ടോബറിലായിരുന്നു സ്വർണത്തിന് എക്കാലത്തേയും ഉയർന്ന വില രേഖപ്പെടുത്തിയത്, 59,640 രൂപ, ഗ്രാമിന് 7,45 രൂപയും. എന്നാൽ ഈ കണക്കൊക്കെ ഉടൻ പഴങ്കഥയാകും. വരാനിരിക്കുന്നത് സ്വർണ വില കൈപൊള്ളിക്കുന്ന വർഷമായിരിക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിശദമായി വായിക്കാം

ഇന്നും കുതിച്ചു പൊന്ന്
ഡിസംബർ അവസാനമാകുമ്പോഴേക്കും സ്വർണ വിലയിൽ വലിയ കുറവുണ്ടായേക്കുമെന്ന വിലയിരുത്തപ്പെട്ടത്. എന്നാൽ കണക്കുകൂട്ടലുകൾ പാടെ തെറ്റിച്ച് വർഷാവസാനത്തിലേക്ക് കടക്കുമ്പോഴും വില കുതിച്ചുയരുന്നതാണ് കാഴ്ച. ഇന്ന് കേരളത്തിൽ പവന് വില 57,000 ആണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ അപേക്ഷിച്ച് 200 രൂപയുടെ വർധനവ്. ഗ്രാമിന് 25 രൂപ വർധിച്ച് 7125 രൂപയായി. രാജ്യത്ത് 10 ഗ്രാം സ്വർണത്തിന് വില 77,460 രൂപയാണ്. ആഗോള വിപണിയിലെ ചലനങ്ങളാണ് രാജ്യത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിലേത് അടക്കമുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വരും ദിവസങ്ങളിൽ സ്വർണ വില വർധിക്കാൻ കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
റെക്കോഡുകൾ ഭേദിച്ചത് 40 തവണ
ഈ വർഷം നാൽപത് തവണയാണ് സ്വർണ വില റെക്കോഡുകൾ ഭേദിച്ചത്.
മൂന്നാം പാദത്തിലേക്ക് കടന്നതോടെ സ്വർണത്തിന്റെ ഡിമാന്റ് 100 ബില്യൺ ഡോളറിലധികമായിരുന്നു. സെൻട്ൽ ബാങ്കുകൾ ഈ വർഷം ഒക്ടോബറിൽ വാങ്ങിക്കൂട്ടിയത് 754 ടൺ സ്വർണമാണ്. റിസർവ് ബാങ്ക് ആകട്ടെ ജുലൈ -സപ്റ്റംബർ പാദത്തിൽ വാങ്ങിയത് 13 ടൺ സ്വർണമാണ്.
യുഎസിൽ ട്രംപിന്റെ മടങ്ങി വരും സാമ്പത്തിക നയങ്ങളുമെല്ലാം സ്വർണം കൂടുതൽ റെക്കോഡുകൾ ഭേദിക്കാൻ കാരണമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 2025 ൽ സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പണനയം- 2024 ൽ വിവിധ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് കുറച്ചിരുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് മൂന്ന് തവണയാണ് പലിശ നിരക്കിൽ കുറവ് വരുത്തിയത്. ഏറ്റവും അവസാനമായി കാൽ ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.2025 ൽ പലിശ നിരക്ക് രണ്ട് തവണയെ കുറക്കുകയുള്ളൂവെന്നാണ് ഫെഡറൽ ബാങ്ക് വ്യക്തമാക്കിയത്. കുറഞ്ഞ നിരക്ക് സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തുകയും വില ഉയരാൻ കാരണമാകുകയും ചെയ്യും.
ഭൗമ രാഷ്ട്രീയ സാഹചര്യങ്ങൾ- ഇസ്രായേൽ -ഹമാസ് സംഘർഷം, റഷ്യ-യുക്രൈൻ യുദ്ധം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ ഇവയെല്ലാം സ്വർണ വിലയെ സ്വാധീനിക്കും.
പണപ്പെരുപ്പം- ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവ് വെറുതെയാകില്ലെന്ന വിലയിരുത്തൽ ഉണ്ട്. ആഗോള ക്രമം മാറ്റിമറിക്കാൻ തന്നെ പോകുന്ന വമ്പൻ പ്രഖ്യാപനങ്ങളും നടപടികളും ട്രംപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഇത് പണപ്പെരുപ്പ ഭീതി നിലനിർത്തുണ്ട്. ഇതും സ്വർണത്തിന്റെ വില ഉയർത്താൻ കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിക്ഷേപ ആവശ്യം- ഇടിഎഫ് (എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ) നിക്ഷേപങ്ങൾ വർധിക്കുന്നതും സെൻട്രൽ ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങുന്നതും വില ഉയരാൻ കാരണമായേക്കും.
സുരക്ഷിത നിക്ഷേപം-ആഗോള സാമ്പത്തിക പ്രതിസന്ധികൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തുകയും ഇത് വില വർധനവ് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.
2025 ൽ വില കുതിക്കും
പുതുവർഷത്തിൽ രാജ്യന്ത്യര വില
ഔൺസിന് 3000 ഡോളർ (10 ഗ്രാമിന് 85,000 രൂപ) കടന്നേക്കുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. സ്വർണം 10 ഗ്രാമിന് 85,000 കടന്നാൽ കേരളത്തിൽ പവന് വില 68,000ത്തിന് അടുത്തെത്തുമെന്ന് സാരം. അതായത് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേർത്ത് 70,000ത്തിന് മുകളിൽ നൽകേണ്ടി വരും.












Click it and Unblock the Notifications