യുപിഐ ഇടപാടിന് ചാര്‍ജ്; സ്വര്‍ണം വില കൂടുമോ? അധിക ബാധ്യത എന്ന് ജ്വല്ലറി വ്യാപാരികള്‍
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് വ്യാപാരികളില്‍ നിന്ന് 0.4 ശതമാനം മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഒക്ടോബര്‍ 15 മുതലാണ് ഈ തീരുമാനം നടപ്പാകുക. ഇത് സ്വര്‍ണ വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാണ് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. മറ്റു വ്യാപാരത്തില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന തുകയുടെ ഇടപാട് നടക്കുന്ന മേഖലയാണ് സ്വര്‍ണ വ്യാപാരം.
75000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് 300 രൂപയാണ് ചാര്‍ജ്. ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പോലും ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരും. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനം വ്യാപാരികള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നതാണ് എന്ന് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെജിഎസ്എംഎ) സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് അബ്ദുല്‍ നാസര്‍ പറയുന്നു.

ഒക്ടോബർ 15 മുതൽ 2000ന് മുകളിലുള്ള നിശ്ചിത യുപിഐ വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആര്‍ ഏർപ്പെടുത്താനുള്ള തീരുമാനം സ്വർണ്ണ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്ന് അബ്ദുൽ നാസർ പറഞ്ഞു.
75,000നും അതിന് മുകളിമുലുള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും സ്വർണ്ണാഭരണ മേഖലയിൽ ഉയർന്ന മൂല്യമുള്ള ഇടപാടുകളാണ് കൂടുതലായി നടക്കുന്നത്. അതിനാൽ ഒരു ജ്വല്ലറി സ്ഥാപനത്തിന് പ്രതിദിനം നിരവധി യുപിഐ ഇടപാടുകൾ ഉണ്ടാകുമ്പോൾ ഓരോ ഇടപാടിനും വരുന്ന എംഡിആര്‍ മാസാവസാനത്തിൽ വലിയൊരു അധിക പ്രവർത്തനച്ചെലവായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ഉദാഹരണത്തിന് 50000 രൂപയുടെ യുപിഐ ഇടപാടിന് 200 വരെയും 75000 ത്തിന് മുകളിലുള്ള ഇടപാടിന് 300 രൂപ വരെയും എംഡിആര്‍ ബാധകമാകും. സ്വർണ്ണ വ്യാപാര മേഖലയിൽ ആയിരക്കണക്കിന് ഉയർന്ന മൂല്യമുള്ള ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നതിനാൽ ഈ ചെലവിന്റെ ആകെ സാമ്പത്തിക ആഘാതം ചെറുതായി കാണാനാകില്ല.
ഇതിനകം തന്നെ ജിഎസ്ടി, ഹാൾമാർക്കിംഗ്, ബാങ്കിംഗ്, സുരക്ഷ, ജീവനക്കാരുടെ ചെലവ് തുടങ്ങിയ നിരവധി ബാധ്യതകൾ നേരിടുന്ന ജ്വല്ലറികൾക്ക് പുതിയ അധിക ചെലവ് കൂടി കൂട്ടിച്ചേർക്കുന്നത്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ ബാധിക്കും. യുപിഐ രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമായി മാറിയ സാഹചര്യത്തിൽ സ്വർണ്ണാഭരണ വ്യാപാര മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുകയും സുതാര്യമായ വ്യാപാരം ഉറപ്പാക്കുകയും ചെയ്യേണ്ട ഘട്ടത്തിൽ, യുപിഐ ഉപയോഗിക്കുന്ന വ്യാപാരികൾക്ക് അധിക സാമ്പത്തിക ഭാരം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരും ബന്ധപ്പെട്ട അധികാരികളും അടിയന്തരമായി ഇടപെടണം. സ്വർണ്ണ വ്യാപാര മേഖലയിലെ ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് എംഡിആര്‍ ഒഴിവാക്കുകയോ, സ്വർണ്ണാഭരണ വ്യാപാര മേഖലയ്ക്ക് പ്രത്യേക ഇളവ് നൽകുകയോ ചെയ്യുന്നത് പരിഗണിക്കണമെന്ന് കെജിഎസ്എംഎ ആവശ്യപ്പെട്ടു.


Click it and Unblock the Notifications
