സ്വർണവിലയിൽ ഇനിയൊരു 'കുതിപ്പ്' ഇല്ല? ആഭരണപ്രേമികൾക്ക് ആശ്വസിക്കാം..പുതിയ പ്രവചനം
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. പശ്ചിമേഷ്യൻ സംഘർഷവും ഉയർന്നുവരുന്ന പണപ്പെരുപ്പ ഭീതിയുമെല്ലാമാണ് വിലയെ സ്വാധീനിക്കുന്നത്. അതേസമയം പ്രതിസന്ധി അയയുന്നത് വരെ സ്വർണം ഇനി വലിയ കുതിപ്പ് നടത്തില്ലെന്ന് പറയുകയാണ് ഫോറെക്സ് ഡോട്ട് കോം അനലിസ്റ്റ് ഫവാദ് റസാഖ്സാദ. പലിശ നിരക്ക് ഇനിയും ഉയർത്തിയേക്കുമെന്ന വിലയിരുത്തലുകൾ സ്വർണത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ചയാണ് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയത്. 25 ബേസിസ് പോയിൻ്റാണ് വർധിപ്പിച്ചത്. ഡിസംബറിലും നിരക്ക് വർധനവിനുള്ള സാധ്യത ഫെഡ് പങ്കുവെച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിസംബറിൽ നിരക്ക് ഉയർത്താനുള്ള സാധ്യത 56 ശതമാനം ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 50 ബേസിസ് പോയിൻ്റ് ഉയർത്തിയേക്കുമെന്നുള്ള പ്രവചനങ്ങളും ഉണ്ട്.

അതേസമയം പലിശ ഉയർത്തിയേക്കുമെന്നുള്ള ചർച്ചകൾ യു.എസ് ട്രെഷറു ബോണ്ട് യീൽഡിനെ മുകളിലേക്ക് നയിക്കുകയാണ്. 10 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് 5 ശതമാനത്തിന് മുകളിലാണ്. സാധാരണ ഗതിയിൽ ട്രെഷറി ബോണ്ട് യീൽഡ് ഉയരുമ്പോൾ സ്വർണ വില കിതക്കും. നിക്ഷേപകർ കൂടുതൽ പലിശ ലഭിക്കുന്ന ട്രെഷറി ബോണ്ടിലേക്ക് തിരിയുന്നതും സ്വർണത്തെ കൈവിടുന്നതുമാണ് വില ഇടിയാൻ കാരണമാകുന്നത്.
രാജ്യാന്തര വിപണിയിൽ നിലനിൽ ഔണ്‍സ് സ്വർണത്തി്ന് 4235 ഡോളറാണ് വില. ഇതിൽ നിന്നും വില താഴേക്ക് പോകുകയാണെങ്കിൽ വില ഇനിയും കുത്തനെ താഴേക്ക് പോകുമെന്നാണ് ഫവാദ് റസാഖ്സാദ പറയുന്നത്. 4100 ആണ് ആദ്യ പ്രതിരോധ മേഖലയായി പറയുന്നത്. ഇവിടെ നിന്നും താഴേക്ക് പോയാൽ 4000 ഡോളറിന് താഴേക്ക് എത്തിയേക്കും, അദ്ദേഹം പറഞ്ഞു. അതേസമയം പണപ്പെരുപ്പം നിയന്ത്രിക്കാൻ ഫെഡിന് സാധിക്കുന്നില്ലെന്ന തോന്നൽ നിക്ഷേപകർക്കുണ്ടായാൽ സ്വർണത്തിന് വീണ്ടും വില ഉയരാനുള്ള സാധ്യത ഏറെയാണെന്നാണ് റസാഖ്സാദ പറയുന്നത്. 4300 ഡോളറിലേക്ക് വില ഉയർന്നാൽ കൂടുതൽ വില വർധനവിന് സാധ്യത ഉണ്ട്. 4400 ഡോളർ വരെ വില എത്തിയേക്കും എന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ കേരളത്തിലെ സ്വർണവിപണിയേയും സ്വാധീനിക്കും. വില 4200 ഡോളറിന് താഴേക്ക് പോയാൽ കേരളത്തിൽ ഒരു പവൻ വില 1.10 ലക്ഷത്തിന് താഴെയാകും. 4000 ഡോളറിലെത്തിയാൽ 1.05 ലക്ഷത്തിലേക്കും. അതേസമയം 4400 ഡോളറിലേക്ക് വില ഉയർന്നാൽ പരമാവധി 1.20 ലക്ഷം വരെ പോയേക്കും.
വിലയിൽ ആശ്വാസം തന്നെ
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേരളത്തിൽ സ്വർണവില ആദ്യമായി റെക്കോഡ് തൊട്ടത്. അന്ന് 1.33 ലക്ഷമായിരുന്നു പവൻ വില. ഇതോടെ ഈ വർഷം അവസാനത്തോടെ പവൻ വില രണ്ട് ലക്ഷത്തിന് മുകളിൽ ആകുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം സ്വർണക്കുതിപ്പിന് തടയിട്ടു. ഇനി എത്രയൊക്കെ പ്രതികൂല സാഹചര്യം ഉണ്ടായാലും ഈ വർഷം 1.30 ലക്ഷത്തിന് മുകളിലേക്ക് സ്വർണം കുതിക്കാനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്.


Click it and Unblock the Notifications
