സ്വര്‍ണം ഇനി ഒറ്റ വിലയില്‍; 18 കാരറ്റ് നിരക്ക് ഏകീകരിച്ച് വ്യാപാരികള്‍, ഇന്നത്തെ പവന്‍ വില 88480 രൂപ
സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായക തീരുമാനവുമായി സ്വര്‍ണ വ്യാപാരികള്‍. 22 കാരറ്റ് സ്വര്‍ണം പോലെ 18 കാരറ്റിനും സംസ്ഥാനത്ത് ഇനി ഒരൊറ്റ വിലയാകും. വ്യത്യസ്തമായ വില ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ ജ്വല്ലറി വ്യാപാരികള്‍ തീരുമാനിച്ചു. ജ്വല്ലറികള്‍ മാറുന്നതിന് അനുസരിച്ച് വിലയില്‍ മാറ്റം വരുന്നത് ഉപഭോക്താക്കളിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ എല്ലാ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്. രാവിലെ നിശ്ചയിക്കുന്ന ഈ വില അടിസ്ഥാനമാക്കിയാകും വ്യാപാരം. ഇടയ്ക്ക് ആഗോള വിപണിയില്‍ കാര്യമായ മാറ്റം സംഭവിച്ചാല്‍ ഉച്ചയ്ക്ക് വില പുതുക്കുകയും ചെയ്യാറുണ്ട്.

22 കാരറ്റ് വില നിശ്ചയിക്കുന്ന ആനുപാതിക മാനദണ്ഡം അടിസ്ഥാനമാക്കിയായിരിക്കും 18 കാരറ്റിനും ഇനി വില നിശ്ചയിക്കുക എന്ന് കെജിഎസ്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ അറിയിച്ചു. സ്വര്‍ണവ്യാപാര മേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. സ്വര്‍ണവ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് പുതിയ തീരുമാനം എടുത്തത്.
സമ്പൂര്‍ണ സ്വര്‍ണമാണ് 24 കാരറ്റ്. 91.6 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും അടങ്ങിയതാണ് 22 കാരറ്റ്. 75 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും അടങ്ങിയതാണ് 18 കാരറ്റ്. 58 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും അടങ്ങിയതാണ് 14 കാരറ്റ്. 38 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും അടങ്ങിയതാണ് 9 കാരറ്റ്. സ്വര്‍ണം എത്രത്തോളം അടങ്ങിയിട്ടുണ്ട് എന്നതിന് അനുസരിച്ചാണ് കാരറ്റില്‍ മാറ്റം വരുന്നത്.
24 കാരറ്റില്‍ കോയിനും ബാറുമാണ് ലഭിക്കുക. 22 കാരറ്റില്‍ കോയിനും ആഭരണങ്ങളും ലഭിക്കും. മറ്റു കാരറ്റുകളില്‍ ആഭരണം മാത്രമാണ് ലഭിക്കുക. 22 കാരറ്റ് സ്വര്‍ണവില കുതിച്ച സാഹചര്യത്തില്‍ 18 കാരറ്റ് ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ കാരറ്റില്‍ ലഭിക്കുക. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13515 രൂപയും പവന് 108120 രൂപയുമാണ് വില. 18 കാരറ്റ് ഗ്രാമിന് 11060 രൂപയും പവന് 88480 രൂപയും നല്‍കണം. അതേസമയം, ആഭരണം വാങ്ങുമ്പോള്‍ ഏകദേശം 5000-10000 രൂപയ്ക്ക് ഇടയിലുള്ള തുക ഒരു പവന് അധികമായി വേണ്ടി വന്നേക്കാം. അനുബന്ധ ചെലവുകള്‍ കൂടി ചേരുമ്പോഴാണിത്.


Click it and Unblock the Notifications
