സ്വർണം ഇത് വല്ലാത്ത ചതിയായിപ്പോയി; ഇന്ന് വില വീണ്ടും മുകളിലേക്ക്..22 കാരറ്റ്, 18 കാരറ്റ് വില അറിയാം
സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ആഗോള വിപണിയിലെ മാറ്റങ്ങളും ക്രൂഡ് ഓയിൽ വിലയിലെ ഇടിവുമാണ് ഇന്നത്തെ വില വർധനവിന് പ്രധാന കാരണമായത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ താഴ്ന്നതോടെ ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ആഭരണപ്രേമികളും നിക്ഷേപകരും. അതിനിടെയാണ് ആ പ്രതീക്ഷകളെ മറികടന്ന് ഇന്ന് സ്വർണവില വീണ്ടും മുന്നേറ്റം നടത്തിയത്.
ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 14,040 രൂപയാണ് വില. ഇന്നലെ ഇത് 13,905 രൂപയായിരുന്നു. അതായത് ഒരു ഗ്രാമിന് 135 രൂപയുടെ വർധനവാണ് ഉണ്ടായത്. പവൻ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇന്നലെ 1,11,240 രൂപയായിരുന്ന വില ഇന്ന് 1,12,320 രൂപയായി. ഒറ്റദിവസം കൊണ്ട് പവന് 1,080 രൂപ വർധിച്ചതാണ് ശ്രദ്ധേയം. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,600 രൂപ എന്ന നിരക്കാണ് തുടരുന്നത്.

എന്തുകൊണ്ടാണ് ഇന്ന് സ്വർണവില ഉയർന്നത്?
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിപണിയെ പിടിച്ചുലച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ വലിയ മിസൈൽ ആക്രമണങ്ങൾ നടന്നതോടെ നിക്ഷേപകരിൽ ആശങ്ക ഉയർന്നു. സംഘർഷം കടുത്തതോടെ ക്രൂഡ് ഓയിൽ കുതിച്ചു, സ്വാഭാവികമായി ഡോളർ മൂല്യം ഉയർന്നതോടെ സ്വർണത്തെ നിക്ഷേപകർ കൈവിട്ടു. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരു രാജ്യങ്ങളും വെടിനിർത്തലിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ചതോടെ വിപണിയിൽ ആശ്വാസം പടർന്നു. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വഷളാകുമെന്ന ആശങ്ക താൽക്കാലികമായി കുറഞ്ഞതാണ് ആഗോള വിപണികളിൽ പ്രതിഫലിച്ചത്.
ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര എണ്ണവിലയിൽ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 93.79 ഡോളറിലേക്കും യുഎസ് ക്രൂഡ് (WTI) 90.80 ഡോളറിലേക്കും താഴ്ന്നു. വിപണിയിലെ അനിശ്ചിതത്വം കുറഞ്ഞതോടെ നിക്ഷേപകരുടെ ശ്രദ്ധ വീണ്ടും സ്വർണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഔൺസിന് 4,300 ഡോളറിന് താഴെയായിരുന്ന സ്വർണവില പിന്നീട് 4,335 ഡോളറിനടുത്തേക്ക് തിരിച്ചുകയറിയതും ആഭ്യന്തര വിപണിയിലെ വില വർധനവിന് കാരണമായി.
ഇനി സ്വർണവില കൂടുമോ?
നിലവിലെ സാഹചര്യത്തിൽ സ്വർണവിലയുടെ അടുത്ത നീക്കം പ്രധാനമായും പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ ആശ്രയിച്ചായിരിക്കും. വെടിനിർത്തൽ നീക്കങ്ങൾ വിജയകരമാകുകയും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായി തുടരുകയും ചെയ്താൽ ആഭ്യന്തര വിപണിയിലും കൂടുതൽ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
അതേസമയം, ഇസ്രായേൽ-ഇറാൻ പ്രശ്നം പൂർണമായി അവസാനിച്ചിട്ടില്ല. ഇരു രാജ്യങ്ങളും പരസ്പരം മുന്നറിയിപ്പുകൾ തുടരുന്ന സാഹചര്യത്തിൽ പുതിയ സംഘർഷ സാധ്യതകളും തള്ളിക്കളയാനാവില്ല. അത്തരമൊരു സാഹചര്യം ഉണ്ടായാൽ സ്വർണവിലയിൽ വീണ്ടും വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടായേക്കാം. അതിനാൽ ഹ്രസ്വകാലത്തേക്ക് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരും നിക്ഷേപകരും വരും ദിവസങ്ങളിലെ ആഗോള വിപണി നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതാണ് ഉചിതം. നിലവിലെ സൂചനകൾ പ്രകാരം വില വീണ്ടും കരുത്താർജിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നതെങ്കിലും, അന്തിമ ദിശ നിർണയിക്കുക അന്താരാഷ്ട്ര രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളായിരിക്കും.












Click it and Unblock the Notifications