സ്വർണം ഒരു പവൻ കിട്ടാൻ 2 ലക്ഷവും പോരാതെ വരും; കേന്ദ്രബാങ്കുകൾ തരുന്നത് എട്ടിൻ്റെ പണി..പക്ഷെ
സ്വർണവിലയുണ്ടായ വലിയ ചാഞ്ചാട്ടങ്ങൾക്കിടയിലും വാങ്ങൽ തുടർന്ന് കേന്ദ്രബാങ്കുകൾ. ആഗോള കേന്ദ്രബാങ്കുകളിൽ 72.6 ശതമാനം ബാങ്കുകളും സ്വർണത്തിൽ നിക്ഷേപിക്കുന്നുവെന്നാണ് ഏറ്റവും പുതിയ സർവ്വെ പറയുന്നത്. 9.5 ട്രില്യൺ ഡോളറിലധികം കരുതൽ ധനം കൈകാര്യം ചെയ്യുന്ന ബാങ്കുകൾക്കിടയിൽ നടത്തിയ സർവ്വെയിലാണ് കണ്ടെത്തൽ. 15 സെൻട്രൽ ബാങ്കുകൾ ഇപ്പോഴും സ്വർണ വാങ്ങൽ സജീവമായി തുടരുകയാണെന്നാണും സർവ്വെ പറയുന്നു. മൂന്ന് ബാങ്കുകൾ അടുത്ത 5-10 വർഷത്തിനുള്ളിൽ ശേഖരം കൂട്ടാൻ പദ്ധതിയിടുന്നുണ്ട്. 8 ബാങ്കുകൾക്ക് (8.4%) താല്പര്യമില്ല. 60 ബാങ്കുകൾ നൽകിയ ഡാറ്റ അനുസരിച്ച് 2026 അവസാനത്തോടെ സ്വർണവില ഔൺസിന് 5,354 ഡോളർ ആയിരിക്കുമെന്നാണ് ശരാശരി കണക്ക്.
ഭൗമരാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങൾ തന്നെയാണ് ആശങ്ക സൃഷ്ടിക്കുന്നതെന്നാണ് 69.7% സെൻട്രൽ ബാങ്കുകളും പറയുന്നത്. ഇറാൻ-യുഎസ് സംഘർഷ സമയത്ത് ഡോളറിൻ്റെ മൂല്യം വലിയ തോതിൽ ഉയർന്നിരുന്നു. എന്നിരുന്നാലും , ലോക കരുതൽ കറൻസി എന്ന തലത്തിലുള്ള ഡോളറിൻ്റെ വിശ്വാസ്യതയിൽ ഭിന്നാഭിപ്രായം ഉണ്ട്. സർവേ പ്രകാരം 80% പേരും ഡോളർ സുരക്ഷിത കറൻസിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ 16% പേർ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ലോക കരുതൽ കറൻസിയായി ഡോളർ തുടരില്ലെന്ന നിലപാടാണ് നാല് ശതമാനം പങ്കുവെച്ചത്.

'അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുമ്പോൾ യു.എസ്. ഡോളറിന് ആഗോള പ്രബലമായ കരുതൽ കറൻസി എന്ന പങ്ക് നിലനിർത്താൻ കഴിയുമോ എന്ന് ആഗോള എഫ്എക്സ് കരുതൽ ധന മാനേജർമാർ കർശനമായി വിലയിരുത്തുമെന്ന് ഏഷ്യ-പസഫിക് സെൻട്രൽ ബാങ്കിലെ മാനേജർ വ്യക്തമാക്കി. യു.എസ്. നയങ്ങളിലുള്ള നിക്ഷേപകരുടെ "വിശ്വാസം കുറയുന്നത്" ഡോളറിനെ ബാധിച്ചുവെന്നും അദ്ദേഹത്തെ ഉദ്ധരിച്ചുള്ള കിറ്റ്കോ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
'ഭൗമരാഷ്ട്രീയപരമായ അപകടസാധ്യതകൾ ആസ്തികളിൽ വൈവിധ്യവൽക്കരണത്തിന് കാരണമാകുന്നു എന്നാണ് സർവേ എടുത്തു കാണിക്കുന്നതെന്ന് എച്ച്എസ്ബിസിയിലെ ബെർണാഡ് അൽറ്റ്ഷുലർ പറഞ്ഞു. എന്നിരുന്നാലും, യു.എസ്. ഡോളർ ഇപ്പോഴും പ്രധാന കരുതൽ കറൻസിയായി നിലനിൽക്കുന്നുണ്ട്. ഡോളർവൽക്കരണം ക്രമേണയുള്ള പ്രക്രിയയായിരിക്കുമെന്നാണ് 78% പേരും പ്രതികരിച്ചത്. സ്വർണ്ണം ശ്രദ്ധാകേന്ദ്രം തന്നെയാണ്. 39% പേർ അടുത്ത വർഷം ഓഹരികൾ വർദ്ധിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. ഉയർന്ന വിലയും ചാഞ്ചാട്ടവും കാരണം 37% പേർ സ്വർണ്ണ കരുതൽ ധനം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സജീവമാകാൻ പദ്ധതിയിടുന്നുണ്ട്', അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വെള്ളിയിലും കേന്ദ്രബാങ്കുകൾ താത്പര്യം കാണിക്കുന്നുണ്ടെന്നാണ് സർവ്വെ പറയുന്നത്. രണ്ട് സെൻട്രൽ ബാങ്കുകൾക്ക് (2.2%) വെള്ളി ശേഖരമുണ്ട്. മൂന്നെണ്ണം (3.4%) നിലവിൽ നിക്ഷേപം പരിഗണിക്കുമ്പോൾ, നാലെണ്ണം (4.5%) അടുത്ത 5-10 വർഷത്തിനുള്ളിൽ വെള്ളിയിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ട്.
ക്രിപ്റ്റോകറൻസികളിൽ സെൻട്രൽ ബാങ്കുകൾക്ക് വലിയ താൽപ്പര്യമില്ലെന്നും സർവ്വെ ചൂണ്ടിക്കാട്ടുന്നു. ഒരു ബാങ്കും ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്തിയിട്ടില്ല. എന്നിരുന്നാലും 86 ബാങ്കുകളിൽ 6 എണ്ണം (7.0%) അടുത്ത 5-10 വർഷത്തിനുള്ളിൽ സ്റ്റേബിൾകോയിനുകളിലും, 88 ബാങ്കുകളിൽ 4 എണ്ണം മറ്റ് ക്രിപ്റ്റോകറൻസികളിലും നിക്ഷേപം പരിഗണിക്കുന്നുണ്ട്. പകുതിയിലധികം ബാങ്കുകളും തന്ത്രപരമായ ബിറ്റ്കോയിൻ കരുതൽ ഫണ്ടിന് എതിരാണ്.
ഈ വർഷം ഭൗമരാഷ്ട്രീയപരമായ അനിശ്ചിതത്വം ഒരു പ്രധാന വെല്ലുവിളിയായി തുടരുമ്പോഴും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കരുതൽ ധനത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകങ്ങൾ പണപ്പെരുപ്പവും പലിശ നിരക്കുകളുമായിരിക്കുമെന്നും സെൻട്രൽ ബാങ്കുകൾ വ്യക്തമാക്കി.












Click it and Unblock the Notifications