സ്വര്‍ണവില ഇനിയും ഇടിയുമോ? പഴയ സ്വര്‍ണം ഇപ്പോള്‍ തന്നെ വിറ്റ് പണമാക്കണോ, അറിയാം പുതിയ മാറ്റം
ആഗോള വിപണിയില്‍ സ്വര്‍ണവില 5500 ഡോളര്‍ കടന്ന ശേഷം കുത്തനെ താഴോട്ട് വന്ന് 4200 ഡോളറില്‍ താഴെയാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ പവന്‍ വില 1.32 ലക്ഷം എത്തിയ ശേഷമാണ് 1.11 ലക്ഷം എന്ന ഇന്നത്തെ വിലയില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ ജനുവരിയിലാണ് സ്വര്‍ണം റെക്കോര്‍ഡ് നിരക്കിലെത്തിയത്. ഇതില്‍ നിന്ന് 13 ശതമാനം താഴ്ന്നു.
ഈ വര്‍ഷം അവസാനത്തോടെ ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 6300 ഡോളര്‍ എത്തുമെന്നായിരുന്നു ജെപി മോര്‍ഗന്റെ പ്രവചനം. വിപണി സാഹചര്യം മാറിയതോടെ 6000 ഡോളറിലേക്ക് അവര്‍ പ്രതീക്ഷിത വില താഴ്ത്തി. അടുത്ത വര്‍ഷം വില ഉയര്‍ന്ന് 6300ലെത്തുമെന്നും പറയുന്നു. ഇതില്‍ നിന്നെല്ലാം മനസിലാകുന്നത് ഈ വര്‍ഷം ആദ്യത്തിലുണ്ടായ കുതിപ്പ് സ്വര്‍ണത്തിന് ഇനി ഉടനെയുണ്ടാകില്ല എന്നാണ്.

ഈ വര്‍ഷം ജനുവരിയിലാണ് സ്വര്‍ണത്തിന് ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും റെക്കോര്‍ഡ് വില. ഫെബ്രുവരി അവസാന ദിനമാണ് അമേരിക്ക ഇറാനെ ആക്രമിച്ചതും ലോക വിപണി മാറി മറിഞ്ഞതും. ക്രൂഡ് ഓയില്‍ വില കുതിച്ചതോടെ ഡോളറിന് ആവശ്യം കൂടി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി. പലിശ ലാഭത്തില്‍ ആകൃഷ്ടരായ നിക്ഷേപകര്‍ സ്വര്‍ണത്തെ വിട്ട് ബോണ്ടുകളിലേക്കും ബാങ്ക് നിക്ഷേപങ്ങളിലേക്കും തിരിഞ്ഞു.
ഇതോടെയാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ഒരു ലക്ഷം രൂപയില്‍ താഴെ വരെ പവന്‍ വില എത്തുന്ന സാഹചര്യമുണ്ടായി. പിന്നീട് വീണ്ടും ഉയര്‍ന്നാണ് ഇന്നത്തെ 1.11 ലക്ഷം എന്ന നിരക്കിലേക്ക് പവന്‍ വില എത്തിയത്. അതായത്, ഇപ്പോള്‍ വിലസ്ഥിരത വന്നു എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ യുദ്ധം അവസാനിച്ചിട്ടില്ല എന്നതും യമനിലേക്ക് നീണ്ടും എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
വില വന്‍തോതില്‍ ഇടിയാന്‍ സാധ്യതയില്ല
കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് തുടരുന്നതിനാല്‍ വില വന്‍തോതില്‍ ഇടിയാന്‍ സാധ്യതയില്ല എന്ന സൂചനയാണ്. മാത്രമല്ല, വിവിധ ഉല്‍സവ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണാഭരണത്തിന് ആവശ്യക്കാരുണ്ടാകും. അതുകൊണ്ടുതന്നെ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ക്രമേണയുള്ള വര്‍ധനവിന് സാധ്യതയുണ്ട്. പെട്ടെന്നുള്ള കുതിപ്പ് ഉണ്ടാകില്ലെന്നും വിലയിരുത്തലുണ്ട്.
താല്‍ക്കാലികമായി നേരിയ ഇടിവ് സ്വര്‍ണത്തില്‍ ഉണ്ടായേക്കാം. എങ്കിലും വലിയ ഇടിവുണ്ടാകില്ല. വലിയ മുന്നേറ്റവും പ്രതീക്ഷിക്കേണ്ട. നേരിയ തോതില്‍ മുന്നേറും എന്നതിനാല്‍ പഴയ സ്വര്‍ണം കൈവശമുള്ളവര്‍ തിടുക്കത്തില്‍ വിറ്റ് പണമാക്കേണ്ട. സൂക്ഷിച്ചുവച്ചാല്‍ ഭാവിയില്‍ വില കൂടുമ്പോള്‍ വില്‍ക്കുകയും ലാഭം കൊയ്യുകയുമാകാം. അതേസമയം, ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് നടത്തി വില കൂടിയാലുള്ള ആശങ്ക ഒഴിവാക്കാം.


Click it and Unblock the Notifications
