സ്വർണം ഈ വർഷം വാങ്ങാതിരുന്നാൽ അടുത്ത കൊല്ലം വില കുറയുമോ? വിദഗ്ധർ പറയുന്നത്
ന്യൂഡൽഹി: ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ആളുകൾ കുറക്കണമെന്നും അത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പിന്തുണയായേക്കുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തെ (ഫോറെക്‌സ് റിസർവ്) സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടായിരുന്നു ആഹ്വാനം.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വിവാഹ-ഉത്സവ സീസണുകളിലെ വലിയ അളവിലാണ് ആളുകൾ സ്വർണം വാങ്ങുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ജനങ്ങളോടുള്ള അഭ്യർത്ഥന.

ഇന്ത്യ വർഷംതോറും നൂറുകണക്കിന് ടൺ സ്വർണം വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഓരോ തവണയും സ്വർണം രാജ്യത്തേക്ക് എത്തുമ്പോൾ കോടിക്കണക്കിന് ഡോളർ വിദേശനാണ്യമാണ് ചെലവാകുന്നത്. ഇതാണ് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (CAD) ഉയരാൻ കാരണമാകുന്നത്.
ആളുകൾ വലിയ തോതിൽ പണം ഭൗതിക സ്വർണത്തിലേക്ക് മാറ്റുന്നതിന് പകരം ബാങ്ക് നിക്ഷേപങ്ങളിലേക്കോ, മ്യൂച്വൽ ഫണ്ടുകളിലേക്കോ, ഓഹരി വിപണിയിലേക്കോ മാറ്റിയാൽ രാജ്യത്തിന്റെ സാമ്പത്തിക ചലനങ്ങൾക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നാണ് ഇപ്പോൾ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തിലുള്ള നിക്ഷേപങ്ങൾ വ്യവസായ വളർച്ചക്കും തൊഴിൽ സൃഷ്ടിക്കലിനും ദീർഘകാല വികസനത്തിനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
സ്വർണ ഇറക്കുമതി കുറയുന്നതിലൂടെ മറ്റൊരു പ്രധാന ഗുണവും സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.. വിദേശനാണ്യ ചെലവ് കുറയുന്നതോടെ രൂപയുടെ മൂല്യം സ്ഥിരത കൈവരിക്കാനും പെട്രോൾ, ഡീസൽ, പാചക വാതകം പോലുള്ള അവശ്യ ഇറക്കുമതികളുടെ ചെലവ് നിയന്ത്രിക്കാനും കഴിയുമെന്നതാണത്. ഇതുവഴി വിലക്കയറ്റ സമ്മർദ്ദം കുറച്ച് സാധാരണക്കാരന് മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം ഒരു വർഷത്തേക്ക് ഇന്ത്യക്കാർ സ്വർണം വാങ്ങുന്നില്ലെന്ന് കരുതി ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് വലിയ ഇടിവൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മറിച്ച് അടുത്ത വർഷങ്ങളിലായി സ്വർണ്ണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. 2027ഓടെ ഇന്ത്യയിൽ 10 ഗ്രാം സ്വർണത്തിന് ഒന്നര ലക്ഷത്തിന് മുകളിൽ വരെ പോകാമെന്നാണ് ചില മാർക്കറ്റ് പ്രവചനങ്ങൾ.
ഇതിനിടെ ജനങ്ങളെ ഡിജിറ്റൽ ഗോൾഡിലേക്കും സോവറിൻ ഗോൾഡ് ബോണ്ടുകളിലേക്കും (SGB) കൂടുതൽ ആകർഷിക്കാൻ കേന്ദ്രസർക്കാർ ശ്രമം ശക്തമാക്കിയിട്ടുണ്ട്. ഭൗതിക സ്വർണം വാങ്ങാതെ തന്നെ സ്വർണവില ഉയരുന്നതിന്റെ പ്രയോജനം നേടാൻ ഈ നിക്ഷേപ മാർഗങ്ങൾ സഹായിക്കും. പ്രത്യേകിച്ച് ഗോൾഡ് ബോണ്ടുകൾക്ക് സർക്കാർ വാർഷിക പലിശയും നൽകുന്നത് നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്ന ഘടകമാണ്.
എന്നാൽ ഈ നീക്കത്തിന് മറുവശവും ഉണ്ട്. ഇന്ത്യയിലെ ആഭരണ വ്യവസായം ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമാണ്. സ്വർണ ഡിമാൻഡ് കുറഞ്ഞാൽ ജ്വല്ലറി മേഖലയെയും ചെറുകിട വ്യാപാരികളെയും അത് ബാധിക്കുമെന്ന ആശങ്ക വ്യവസായ രംഗത്ത് ശക്തമാണ്. എന്നിരുന്നാലും, രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക ഭദ്രതയ്ക്കായി ഹ്രസ്വകാല നിയന്ത്രണങ്ങൾ അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.












Click it and Unblock the Notifications