സ്വര്‍ണവില മാറാന്‍ പോകുന്നു; ആഭരണ പ്രേമികള്‍ കാത്തിരുന്ന പ്രവചനവുമായി ജോയ് ആലുക്കാസ്
സ്വര്‍ണവിപണിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില താഴുകയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 111040 രൂപയും കുറഞ്ഞ നിരക്ക് 108120 രൂപയുമാണ്. ഇനിയും വില കുറയും എന്നാണ് ജോയ് ആലുക്കാസ് പ്രവചിച്ചിരിക്കുന്നത്. ദുബായില്‍ പുതിയ ജ്വല്ലറി ഷോറൂം ഉദ്ഘാടന വേളയിലാണ് സ്വര്‍ണവിലയില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റം അദ്ദേഹം പ്രവചിച്ചത്.
ഈ മാസം മാത്രം ഒരു പവന് 3000 രൂപയോളമാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ മാസവും നേരിയ ഇടിവുണ്ടായിരുന്നു. ആഗോള വിപണിയിലും ഇടിവ് പ്രകടമാണ്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വില കുറയുന്ന വേളയില്‍ സ്വര്‍ണം വാങ്ങണമെന്ന് ജോയ് ആലുക്കാസ് നിര്‍ദേശിക്കുന്നു.

2022ല്‍ സ്വര്‍ണത്തിന് ആഗോള വിപണിയില്‍ 2000 ഡോളറിലായിരുന്നു വില. പിന്നീട് രണ്ടര വര്‍ഷത്തിനിടെ 5500 ഡോളറിലേക്ക് കുതിക്കുന്നതാണ് കണ്ടത്. ഇപ്പോള്‍ വീണ്ടും കുറഞ്ഞ് 4200 ഡോളറില്‍ താഴെയാണ് വ്യാപാരം. 1000 ഡോളറില്‍ അധികം ഇതിനകം കുറഞ്ഞു. ഇനിയും കുറയുമെന്നാണ് കരുതുന്നത് എന്നും ജോയ് ആലുക്കാസ് പറഞ്ഞു. കേരളത്തില്‍ ഒരുവേള പവന്‍ വില 1.32 ലക്ഷം വരെ എത്തിയിരുന്നു.
ഡോളര്‍ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നത്, രൂപയുടെ കരുത്ത് കൂടുന്നത്, ക്രൂഡ് ഓയില്‍ വില ഉയരുന്നത് കാരണം പണപ്പെരുപ്പം വര്‍ധിച്ചതും പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതുമെല്ലാം സ്വര്‍ണവില താഴുമെന്ന സൂചന നല്‍കുന്നു. ഈ വേളയിലാണ് വിപണി നിരീക്ഷകരും ജ്വല്ലറി രംഗത്തുള്ളവരും സ്വര്‍ണവില കുറയുമെന്ന് പ്രവചിക്കുന്നത്.
സ്വര്‍ണവില ഇനിയും കുറയുമെന്ന് ജോയ് ആലുക്കാസ് പറയുന്നുണ്ടെങ്കിലും വന്‍തോതിലുള്ള ഇടിവ് പ്രവചിക്കുന്നില്ല. ഇനിയും കുറഞ്ഞ ശേഷം പതിയെ ഉയരുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ആവശ്യക്കാരുള്ളതിനാല്‍ വില ക്രമേണ പിന്നീട് ഉയരുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇതേ അഭിപ്രായം തന്നെയാണ് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ നാസറും പറയുന്നത്.
എല്ലാ രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുക്കൂട്ടുകയാണ്. ചൈനയില്‍ നിന്നുള്ള ആവശ്യത്തിനും വലിയ ഇടിവ് വന്നിട്ടില്ല. പോളണ്ടും വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നുണ്ട്. വലിയ അളവില്‍ വാങ്ങുന്ന കേന്ദ്ര ബാങ്കുകളുടെ ഈ നീക്കം സ്വര്‍ണവിലയെ വന്‍ ഇടിവിലേക്ക് തള്ളിവിടില്ല എന്ന സൂചന നല്‍കുന്നു. അതേസമയം, ഇന്ത്യയില്‍ ഇറക്കുമതി കുറയുകയും ആഭ്യന്തര പുനരുപയോഗം വര്‍ധിക്കുകയും ചെയ്തു എന്ന മാറ്റവുമുണ്ട്.
യുദ്ധം പൂര്‍ണമായി നിലയ്ക്കാത്തതും സ്വര്‍ണവിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഘടകമാണ്. പശ്ചിമേഷ്യ യുദ്ധസാഹചര്യത്തിലേക്ക് കടന്നതോടെയാണ് ക്രൂഡ് ഓയില്‍, ഡോളര്‍, സ്വര്‍ണം, ഓഹരി വിപണി എന്നിവയില്‍ വലിയ കുതിപ്പും കിതപ്പും പ്രകടമായത്. യുദ്ധം അവസാനിക്കാത്തതിനാല്‍ വിലയില്‍ ഇനിയും അനിശ്ചിതത്വം പ്രകടമാകും. ഇനിയും സ്വര്‍ണവില താഴുമെങ്കിലും ക്രമേണ ഉയരുമെന്നാണ് ജോയ് ആലുക്കാസ് പറയുന്നത്.


Click it and Unblock the Notifications
