സ്വർണ വില പവന് 2.35 ലക്ഷം രൂപ..ഞെട്ടുകയേ വേണ്ട, ഇത്രനാൾ കഴിഞ്ഞാൽ സ്വർണം പിടിവിടും;പ്രവചനം
കഴിഞ്ഞ ആഴ്ച മാത്രം ആഗോള സ്വർണ വിലയിൽ 8 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ ഏകദേശം 17% വർദ്ധനവ്. , ഗ്രീൻലാൻഡിനെ ചൊല്ലി യു.എസ്സും നാറ്റോ സഖ്യകക്ഷികളും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാണ് കഴിഞ്ഞ ആഴ്ചയിൽ സ്വർണ വിലയെ സ്വാധീനിച്ചത്. ഇത് ആഗോള വിപണികളിൽ വലിയ അനിശ്ചിതത്വങ്ങൾക്ക് വഴിയൊരുക്കി. ആർട്ടിക് മേഖലയിലെ യുഎസ്. താൽപ്പര്യങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനകൾ ട്രാൻസ്അറ്റ്ലാന്റിക് ബന്ധങ്ങളെ വഷളാക്കുകയും നയതന്ത്ര, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമാകുകയും ചെയ്തു.
ഇതിനിടയിൽ കാനഡയ്ക്കെതിരേയും ട്രംപ് തിരിഞ്ഞു. ചൈനയുമായി കാനഡ കരാറുമായി മുന്നോട്ട് പോവുകയാണെങ്കിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തുന്നതിനുള്ള "ഇറക്കുമതി തുറമുഖമായി" കാനഡയെ ഉപയോഗിക്കാമെന്നും അങ്ങനെയൊരു കരാർ നടന്നാൽ ബെയ്ജിംഗ് കാനഡയെ "മുഴുവനായി വിഴുങ്ങുമെന്നും" ട്രംപ് ആരോപിച്ചു. ഇതും വിപണിയിൽ അനിഷ്ചിതത്വം പടർത്തി.

സ്വർണ്ണവിലയെ പിന്തുണയ്ക്കുന്ന മറ്റൊരു നിർണ്ണായക ഘടകം യുഎസ് ധനനയമാണ്. ധനനയയോഗത്തിൽ യുഎസ് ഫെഡ് പലിശ കുറച്ചേക്കില്ലെന്നാണ് വിലയിരുത്തൽ . എന്നാൽ, ഈ വർഷം പിന്നീട് പലിശ കുറയ്ക്കുമോയെന്നതാണ് നിക്ഷേപർ ഉറ്റുനോക്കുന്നത്. പലിശ നിരക്ക് കുറക്കുന്നത് സ്വർണത്തിൻ്റെ വില ഉയരാൻ കാരണമാകും.
2026 ലെ ഏറ്റവും ഉയർന്ന ലക്ഷ്യമായ ഔണ്‍സിന് 5000 ഡോളർ എന്ന സംഖ്യ ഇതിനോടകം തന്നെ സ്വർണം തൊട്ടുകഴിഞ്ഞു. വില അപ്രതീക്ഷിതമായി ഉയർന്നതോടെ വിശകലന വിദഗ്ധരും റേറ്റിംഗ് ഏജൻസികളും തങ്ങളുടെ സ്വർണ പ്രവചനങ്ങൾ തിരുത്തുകയാണ്. വൈകാതെ സ്വർണ വില 5600 ഡോളർ വില ആകാമെന്നാണ് ഗോൾഡ്മാൻ സാക്സ് പ്രവചനം. ചില വിദഗ്ധർ 6000 ഡോളർ പ്രവചിക്കുമ്പോൾ മറ്റ് ചിലർ പറയുന്നത് 7000 ഡോളർ വരെയാണ്. വില കുതിക്കുമെന്ന കാര്യത്തിൽ മറിച്ചൊരു പ്രവചനമില്ലെന്നതാണ് ശ്രദ്ധേയം.
അതിനിടെ ആഭരണപ്രേമികളുടെ നെഞ്ചിടിപ്പിക്കുന്ന കണക്കാണ് യാർഡേനി റിസർച്ച് പങ്കിടുന്നത്. ഈ വർഷാവസാനത്തോടെ സ്വർണ വില ഔണ്‍സിന് 6000 ഡോളർ കടക്കുമെന്നും 2029 അവസാനത്തോടെ അത് 10,000 ഡോളർ എത്തിയേക്കാമെന്നുമാണ് പ്രവചനം.
കേരളത്തിൽ സ്വർണ വില എന്താകും
ജനുവരി ഒന്നിന് 99,040 എന്ന നിലയിലാണ് സ്വർണ വിപണി തുറന്നത്. ജനുവരി അഞ്ചോടെ വില ഒരു ലക്ഷം കടന്നു. ജനുവരി 19-ന് ശേഷം സ്വർണ്ണവിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. വില 1,07,240-ൽ നിന്ന് അതിവേഗം ഉയർന്ന് ജനുവരി 21-ഓടെ 1,14,840-ൽ എത്തി. പിന്നീട് ചില ചാഞ്ചാട്ടങ്ങൾക്കൊടുവിൽ, ജനുവരി 26-ന് 1,19,320 എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം വ്യാപാരം അവസാനിപ്പിച്ചു. ഈ ഒരു മാസത്തിനുള്ളിൽ 20,280-ന്റെ വർദ്ധനവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ഇന്ന് വില 1,18,760 രൂപയും. അതായത് ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് കുറഞ്ഞത് 1.25 ലക്ഷമെങ്കിലും കൊടുക്കേണ്ടി വരും.
അതേസമയം പ്രവചനങ്ങൾ ശരിവെച്ച് വില 10,000 ഡോളറിലേക്ക് കുതിക്കുകയാണെങ്കിൽ എത്ര രൂപ കൊടുക്കേണ്ടി വരുമെന്ന് ആലോചിച്ചിട്ടുണ്ടോ? 2.35 ലക്ഷം, ഞെട്ടേണ്ട. സ്വർണ വില ഒരു ലക്ഷമൊക്കെ ആകാൻ യാതൊരു സാധ്യതയുമില്ലെന്ന് പറഞ്ഞിടത്താണ് ഒരു ലക്ഷവും കടന്ന് ഇപ്പോൾ വില കുതിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്ന് വർഷം കഴിയുമ്പോൾ സ്വർണ വില രണ്ട് ലക്ഷം കടക്കില്ലെന്ന് യാതൊരു ഉറപ്പും പറയാനാകില്ല.












Click it and Unblock the Notifications