സ്വര്‍ണം വന്‍ കുതിപ്പില്‍; റെക്കോര്‍ഡുകള്‍ ഭേദിച്ചേക്കും, ഇന്ന് പവന്‍ വില വര്‍ധിച്ചു, ഗ്രാം നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. തിങ്കളാഴ്ച 1120 രൂപ കൂടിയതിന് പുറമെയാണ് ഇന്നത്തെ വര്‍ധനവ്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കൂടും. അതേസമയം, ലോക നേതാക്കളുടെ ചര്‍ച്ചയുടെ ഫലം നോക്കിയാകും വിപണി പ്രതികരിക്കുക എന്ന് കരുതുന്നു. ക്രിപ്‌റ്റോ കറന്‍സിയും സ്വര്‍ണവുമാണ് ഇപ്പോള്‍ വലിയ മുന്നേറ്റം നടത്തുന്നത്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72640 രൂപയാണ് വില. 160 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. ഗ്രാമിന് 9080 രൂപയായി. ഈ വേളയില്‍ സ്വര്‍ണം വില്‍ക്കാനുള്ളവര്‍ നേട്ടം കൊയ്യും. അതേസമയം, സ്വര്‍ണം വാങ്ങാനുള്ളവര്‍ കൂടുതല്‍ കുറയട്ടെ എന്ന് കാത്തിരിക്കുന്നത് ഉചിതമല്ല. അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. വില കുറഞ്ഞ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് അറിയാം.

18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് ഇന്ന് 7445 രൂപയാണ് വില. 15 രൂപയാണ് കൂടിയിരിക്കുന്നത്. 22 കാരറ്റിനേക്കാള്‍ വില കുറവാണ് ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന്. ഒരു പവന്‍ വാങ്ങുമ്പോള്‍ 59560 രൂപയാണ് വരിക. അതേസമയം, ഒരു പവന്‍ ആഭരണത്തിന് 65000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിയും ജിഎസ്ടിയും കൂടി ഉപഭോക്താവ് നല്‍കുമ്പോഴാണ് ഈ വിലയില്‍ എത്തുക.
ആഭരണം എന്ന നിലയില്‍ മാത്രം സ്വര്‍ണത്തെ കാണുന്നവര്‍ 18 കാരറ്റ് വങ്ങുന്നതാണ് നല്ലത്. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും ചേര്‍ന്ന ആഭരണങ്ങളാണ് ഈ കാരറ്റിലുള്ളത്. ഉറപ്പ് കൂടുമെങ്കിലും സ്വര്‍ണത്തിന്റെ അളവ് കുറവായതിനാല്‍ വില കുറയും. അതേസമയം, വില്‍ക്കുന്ന വേളയിലും കുറഞ്ഞ വിലയേ കാണുകയുള്ളൂ എന്ന് മനസിലാക്കണം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് 3363 ഡോളറാണ് പുതിയ നിരക്ക്. രാവിലെ വ്യാപാരം തുടങ്ങിയതിന് ശേഷം അല്‍പ്പം ഇടിവ് കാണുന്നുണ്ട്. ഇടിവ് തുടര്‍ന്നാല്‍ കേരത്തില്‍ വില വരുംദിവസങ്ങളില്‍ കുറയും. ഡോളര്‍ സൂചിക 98.87 എന്ന നിരക്കിലാണുള്ളത്. രൂപയുടെ വിനിമയ നിരക്ക് 85.47 ആണ്. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കാത്തതും സ്വര്‍ണവില ഉയരാന്‍ കാരണമാകും. ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോളറാണ് പുതിയ നിരക്ക്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും വൈകാതെ വ്യാപാര ചര്‍ച്ച നടത്തുമെന്നാണ് വിവരം. ചൈനയ്ക്കും യൂറോപ്പിനുമെതിരെ അമേരിക്ക അധിക ചുങ്കം ചുമത്തിയത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. നേതാക്കളുടെ ചര്‍ച്ചയില്‍ സമവായമായാല്‍ വിപണിക്ക് കരുത്ത് പകരും. ഇത് സ്വര്‍ണവില കുറയാന്‍ ഇടയാക്കുകയും ചെയ്യും.
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ മാസം പലിശ നിരക്ക് സംബന്ധിച്ച് ചര്‍ച്ച നടത്തും. പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ സ്വര്‍ണവില കൂടും. ബാങ്ക് നിക്ഷേപ വരുമാനം കുറയുമെന്ന് വ്യക്തമാകുന്നതോടെയാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുക. അതേസമയം, ഡോളര്‍ മൂല്യം ഉയര്‍ത്താന്‍ സാധിക്കാത്തതാണ് അമേരിക്ക നേരിടുന്ന വെല്ലുവിളി. അമേരിക്ക തുടങ്ങിവച്ച വ്യാപാര പോരാണ് ഡോളറിനെ താഴ്ത്തിയത്. യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ച വിജയം കണ്ടാലും സ്വര്‍ണവില താഴും.












Click it and Unblock the Notifications