സ്വര്‍ണവില കുറഞ്ഞതിനേക്കാള്‍ കൂടി; ആഗോള വിപണിയില്‍ തളര്‍ച്ച, പവന്‍-ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. കഴിഞ്ഞ ദിവസം കുറഞ്ഞതിന്റെ ആശ്വാസത്തിന് മണിക്കൂറുകള്‍ മാത്രമേ ആയുസുണ്ടായുള്ളൂ. ഇന്നലെ കുറഞ്ഞതിനേക്കാള്‍ വില ഇന്ന് വര്‍ധിച്ചിട്ടുണ്ട്. അന്തര്‍ദേശീയ വിപണിയില്‍ ഇന്ന് വിലയില്‍ കാര്യമായ മുന്നേറ്റമില്ല എന്നിരിക്കെയാണ് കേരളത്തില്‍ വില കൂടിയിരിക്കുന്നത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
ഓഹരി വിപണികളില്‍ ഇന്ന് കാര്യമായ മുന്നേറ്റം കാണുന്നില്ല. ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവാണുള്ളത്. ബിറ്റ് കോയിന്‍ വിലയും താഴ്ന്നിട്ടുണ്ട്. രാജ്യാന്തര സ്വര്‍ണവിലയും അല്‍പ്പം താഴ്ന്നു. ഡോളര്‍ നിരക്കില്‍ കാര്യമായ മുന്നേറ്റമില്ല. അന്തര്‍ദേശീയ വിപണി സാഹചര്യം ഇങ്ങനെയാണെങ്കിലും കേരളത്തില്‍ സ്വര്‍ണവില കൂടുകയാണ് ചെയ്തിരിക്കുന്നത്. വിലയിലുള്ള മാറ്റങ്ങള്‍ അറിയാം...

കേരളത്തില്‍ ഇന്ന് സ്വര്‍ണവില പവന് 71960 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 360 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 320 രൂപ കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8995 രൂപയായി. 18 കാരറ്റ് സ്വര്‍ണം 40 രൂപ വര്‍ധിച്ച് 7385 രൂപയായിട്ടുണ്ട്. അതേസമയം, വെള്ളി വില ഉയര്‍ന്നു. ഒരു ഗ്രാമിന് 110 രൂപയാണ് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത്.
സ്വര്‍ണവില തീരുമാനിക്കുന്നത് ഇങ്ങനെ
അന്തര്‍ദേശീയ വിപണിയിലെ സ്വര്‍ണവില, ഡോളര്‍ രൂപ വിനിമയ നിരക്ക്, മുംബൈ വിപണിയിലെ സ്വര്‍ണവില എന്നിവ പരിശോധിച്ചാണ് ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില കേരളത്തില്‍ നിശ്ചയിക്കുന്നത്. അമേരിക്കയും യൂറോപ്പും തമ്മിലുള്ള ചുങ്കപ്പോരിന് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ന് അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് കാര്യമായ മുന്നേറ്റമില്ല. എന്നിട്ടും കേരളത്തില്‍ വില കൂടുകയാണ് ചെയ്തിരിക്കുന്നത്.
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില 3342 ഡോളറാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഡോളര്‍ സൂചിക 98.88 എന്ന നിരക്കില്‍ താഴ്ന്ന് കിടക്കുകയാണ്. ഡോളറിനെതിരെ ഇന്നലെ കരുത്ത് വര്‍ധിപ്പിച്ച ഇന്ത്യന്‍ രൂപ ഇന്ന് അല്‍പ്പം താഴ്ന്നു. 85.28 എന്ന നിരക്കിലാണ് രൂപയുള്ളത്. അതേസമയം, ക്രൂഡ് ഓയില്‍ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 64 ഡോളറാണ് പുതിയ നിരക്ക്.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് എത്ര രൂപ നല്‍കണം
കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 78000 രൂപ വരെ പ്രതീക്ഷിക്കാം. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ കണക്കു നോക്കുമ്പോഴാണിത്. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും, അതുകൊണ്ടുതന്നെ ആഭരണവില കൂടുകയും ചെയ്യും. സ്വര്‍ണവും പണിക്കൂലിയും ചേര്‍ത്തുള്ള സഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. ഈ തുക കൂടി ഉപഭോക്താവ് നല്‍കണം. കൂടെ ഹാള്‍മാര്‍ക്കിങ് ചാര്‍ജും. ഇതോടെയാണ് 78000ത്തിലേക്ക് എത്തുക.
അതേസമയം, ഇന്ന് ഒരു പവന്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 70000 രൂപ വരെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. വാങ്ങിയ ജ്വല്ലറിയില്‍ തന്നെ പഴയ സ്വര്‍ണം വില്‍ക്കുന്നതാണ് നല്ലത്. മറ്റു ജ്വല്ലറികളില്‍ വില്‍ക്കാന്‍ ചെല്ലുമ്പോള്‍ മൂല്യം കുറച്ചേക്കാം. ആഭരണം വില്‍ക്കുമ്പോള്‍ വലിയ നഷ്ടം ഉപഭോക്താവ് നേരിടും. അതേസമയം, ഗോള്‍ഡ് കോയിന്‍, ബാര്‍ എന്നിവ വില്‍ക്കുമ്പോള്‍ കാര്യമായ നഷ്ടം വരില്ല.












Click it and Unblock the Notifications