സ്വർണവിലയിൽ ഇന്ന് നേരിയ കയറ്റം; ഒരു പവൻ വാങ്ങാൻ ഇന്ന് വേണ്ടത്..22കാരറ്റ്,18 കാരറ്റ്, 14 കാരറ്റ് നിരക്ക് അറിയാം
ഇന്നലത്തെ കൂറ്റൻ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 22 കാരറ്റ് ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായത്. ആഗോളവിപണിയിൽ ഇന്ന് വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. അതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 1 ഡോളറാണ് വർധിച്ചത്.
ആഗോള വിപണിയിൽ ഇന്ന് 4283 ഡോളറിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വർണവില ഇടിയാൻ കാരണമായത്. ഇന്നും കടുത്ത സമ്മർദ്ദമാണ് രൂപ നേരിടുന്നത്. ഇന്ന് 95.90 ആണ് രൂപയുടെ മൂല്യം.ഇന്നലെ 95.96 ആയിരുന്നു. ക്രൂഡ് ഓയിൽ വിലയുടെ ചാഞ്ചാട്ടവും, ട്രഷറി ബോണ്ട് യീൽഡിൻ്റെ കുതിപ്പും യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലുമെല്ലാമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.

കേരളത്തിൽ ഇന്നത്തെ വില ഇങ്ങനെ
22 കാരറ്റ് ഗ്രാമിന് 14,010 രൂപയാണ് വില. പവൻ വില 1,12,080 രൂപയും. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 111960 രൂപയും ഗ്രാമിന് 13995 രൂപയുമായിരുന്നു വില. 18 കാരറ്റ് ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,510 രൂപയായി. പവൻ വില 92,080 രൂപയും. 14 കാരറ്റ് സ്വർണത്തിന് 8965 രൂപയാണ് ഗ്രാമിന് നൽകേണ്ടത്. പവന് 71,720 രൂപ വരും. 9 കാരറ്റിന് 5780 രൂപയും പവന് 46,240 രൂപയുമാണ് ഇന്ന് വില. ഇന്നലെ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11500 രൂപയും പവന് 92000 രൂപയുമായിരുന്നു. അതേസമയം ഇന്നത്തെ വെള്ളി വിലയിൽ മാറ്റമില്ല. 245 രൂപയാണ് ഗ്രാം വില.
അതേസമയം തുടർന്നുള്ള ദിവസങ്ങളിലും സ്വർണവില കുറയാനുള്ള സാധ്യതയാണ് ഇപ്പോൾ വിലയിരുത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷമാണ് ആഗോള വിപണിയിൽ ഇപ്പോൾ അനിശ്ചിതത്വം തീർക്കുന്നത്. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനായി കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റിൽ ഇന്നലെ ഒറ്റ വോട്ടിന് പരാജയപ്പെട്ടിരുന്നു. ഇതോടെ യുദ്ധം അടുത്തെങ്ങും അവസാനിക്കില്ലെന്ന പ്രതീതി ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ സൌദിയ്ക്കെതിരായ ഹൂതികളുടെ ആക്രമണവും വിപണിക്ക് തലവേദന തീർക്കുന്നുണ്ട്. ഈ രണ്ട് ഘടകങ്ങളും വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ വർധനവിന് വഴിവെച്ചേക്കും. ക്രൂഡ് ഓയിൽ വില ഉയർന്നാൽ സ്വാഭാവികമായും ഡോളറിൻ്റെ മൂല്യം ഉയരും. ഡോളർ ഉയരുന്നത് സ്വർണത്തിന് തിരിച്ചടിയാണ്.
ഇപ്പോഴത്തെ പ്രതിസന്ധി തുടരുകയാണെങ്കിൽ സ്വർണവില ആഗോള വിപണിയിൽ ഔണ്‍സിന് 4000 ഡോളറിന് താഴേക്ക് പോകാനുള്ള സാധ്യതയാണ് വിലയിരുത്തുന്നത്. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിൽ ഒരു പവൻ വില 1.05 ലക്ഷമായേക്കും.


Click it and Unblock the Notifications
