സ്വർണം ഇപ്പോൾ വാങ്ങണോ? അടുത്ത 3 മാസത്തിനുള്ളിൽ വില മൂക്കുകുത്തുമോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇങ്ങനെ
2026ൻ്റെ അവസാനം സ്വർണവിലയിൽ വലിയ കുതിച്ചുച്ചാട്ടം ഉണ്ടാകുമെന്നായിരുന്നു ഈ വർഷം തുടക്കത്തിലെ പ്രവചനങ്ങൾ. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം സ്വർണത്തിൻ്റെ വിലയെ തളർത്തി. ഫെബ്രുവരിയിൽ ഔണ്‍സിന് 5500 ഡോളർ വരെ എത്തിയ സ്വർണം നിലവിൽ 4300 ഡോളറിന് താഴെയാണ് വ്യാപരം നടത്തുന്നത്. ഈ വർഷം അവസാനിക്കാൻ ഇനി മൂന്ന് മാസമാണ് ശേഷിക്കുന്നത്. ഇനി സ്വർണവില എന്തായാരിക്കുമെന്നാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. വിവിധ സ്ഥാപനങ്ങൾ നടത്തുന്ന പ്രവചനം നോക്കാം
സ്വർണവിലയിൽ വലിയ കുതിപ്പ് ഈ വർഷം ഉണ്ടാകില്ലെന്നാണ് ഐസിഐസിഐ ബാങ്കിൻ്റെ പ്രവചനം. വില 4200-4600 ഡോളറിലും തുടരാനാണ് സാധ്യതയെന്ന് ഇവർ പറയുന്നു. അതേസമയം 2027 ൻ്റെ ആദ്യപാദത്തിൽ വില നേരിയ രീതിയിൽ ഉയർന്നേക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങൽ ഉൾപ്പെടെയുള്ള നടപടികൾ സ്വർണവിലയ്ക്ക് പിന്തുണ നൽകുമെന്നും ബാങ്ക് പറയുന്നു. അടുത്ത വർഷം ആദ്യ പാദത്തിൽ വില 4600-5000 ഡോളർ വരെയാണ് ബാങ്ക് പ്രവചക്കുന്നത്.

ഓഗസ്റ്റൽ സ്വർണവിലയിൽ 9 ശതമാനത്തിൻ്റെ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. സപ്റ്റംബറിൽ 8 ശതമാനം ഇടിഞ്ഞു. യു.എസിലെ സാമ്പത്തിക സാഹചര്യങ്ങളാണ് വിലയെ സ്വാധീനിച്ചത്.യുഎസിലെ ധനക്കമ്മിയും പൊതുകടവുമെല്ലാം ഡോളർ ശേഖരം ഉപേക്ഷിച്ച് സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയാണെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി.
അതേസമയം സ്വർണവിലയിൽ കൂടുതൽ തിരുത്തലിന് സാധ്യതയുണ്ടെന്നാണ് വിപി റിസർച്ച് അനലിസ്റ്റ് ജതിൻ ത്രിവേദി പറയുന്നത്. യു.എസ് ഫെഡറൽ റിസർവ് ഒക്ടോബറിൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് വിലയിൽ കൂടുതൽ ഇടിവിന് കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷവും പണപ്പെരുപ്പവും യു.എസിനെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന ചർച്ചകൾക്കിടെ യു.എസ് ട്രെഷറി യീൽഡുകൾ കുതിച്ചുയരുകയാണ്. 10 വർഷത്തെ യു.എസ് ട്രെഷറി യീൽഡ് 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. 30 വർഷത്തെ ട്രെഷറി യീൽഡ് 2004 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലും. ട്രെഷറി യീൽഡ് മൂല്യം ഉയരുന്നത് സ്വർണത്തിന് വലിയ തിരിച്ചടിയായിരിക്കും. ഇനി വിപണി ഉറ്റുനോക്കുന്നത് യുഎസ് തൊഴിൽ കണക്കുകളാണ്.തൊഴിൽകണക്കുകൾ കുറയുന്നത് റേറ്റ് ഉയർത്താനുള്ള സാധ്യത ഉയർത്തും. മറിച്ചാണെങ്കിൽ സ്വർണത്തിന് വീണ്ടും അനുകൂല സാഹചര്യമൊരുങ്ങും',ത്രിവേദി പറഞ്ഞു.
കേരളത്തിൽ വില എന്താകും?
ആഗോള സ്വർണ വിപണിയിൽ ഉണ്ടാകുന്ന ചലനാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. 5500 ഡോളറിൽ നിന്നും 4300 ഡോളറിലേക്ക് രാജ്യാന്തര സ്വർണവില ഇടിഞ്ഞപ്പോൾ കേരളത്തിലും വിലയിൽ വലിയ ഇടിവുണ്ടായിരുന്നു. പവന് 1.33 ലക്ഷം ഉണ്ടായിരുന്ന വില നിലവിൽ 1. 11 ലക്ഷമാണ്. അതായത് ഏകദേശം 22000 രൂപയോളം ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ഇനിയും വില ഇടിഞ്ഞാൽ കേരളത്തിലും വലിയ കുറവ് പ്രതീക്ഷിക്കാം.
4000 ഡോളറിന് താഴേക്ക് വില ഇടിയുമോയെന്നതാണ് കേരളത്തിലെ ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. ഈ നിലയിൽ നിന്ന് സ്വർണം താഴേക്ക് പോയാൽ കൂടുതൽ ഇടിവിന് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ വില 1 ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യത ഏറെയാണ്. എന്നിരുന്നാലും സ്വർണത്തിന് വലിയൊരു ഇടിവ് ഭാവിയിൽ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡി-ഡോളറൈസേഷൻ്റെ ഭാഗമായി കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് വിലയെ വലിയ തോതിൽ പിന്തുണക്കും. വില അടുത്ത വർഷം അവസാനത്തോടെ 6000 ഡോളറിന് മുകളിലേക്ക് പോകാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.


Click it and Unblock the Notifications
