സ്വര്‍ണം വിറ്റ് കാശാക്കണോ? ഇനിയും വില കൂടുമോ... എന്തുകൊണ്ട് പൊടുന്നനെയുള്ള വര്‍ധന, എല്ലാമറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരിക്കുന്നു. ആഗോള വിപണിയിലും സ്വര്‍ണത്തിന്റെ ഗ്രാഫ് മുകളിലേക്ക് തന്നെയാണ്. നേരത്തെ വിപണി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എങ്കിലും എന്താണ് ഇത്രയും വേഗം സ്വര്‍ണ വില അര ലക്ഷത്തിലേക്ക് അടുക്കാന്‍ കാരണം എന്നാണ് ഉയരുന്ന ചോദ്യം. പവന്‍ വില അര ലക്ഷത്തിലും നില്‍ക്കില്ല എന്നാണ് പുതിയ വിവരം.
49440 രൂപയാണ് ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത്. ഗ്രാമിന് 6180 രൂപയും. ദേശീയ വിപണിയില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 66100 രൂപയായി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2200 ഡോളര്‍ കടന്നു. ഇന്ന് മാത്രം കേരളത്തില്‍ പവന് 800 രൂപയാണ് വര്‍ധിച്ചത്. എന്താണ് വിപണിയെ പിടിച്ചുകുലുക്കിയ ഘടകം എന്നറിയാന്‍ ആര്‍ക്കും കൗതുകമുണ്ടാകും.

എന്തുകൊണ്ട് വില ഉയര്‍ന്നു
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഈ വര്‍ഷം മൂന്ന് തവണയായി കുറയ്ക്കുമെന്ന വിവരം വന്നതാണ് സ്വര്‍ണത്തിന് വില കയറാന്‍ പ്രധാന കാരണം. ബുധനാഴ്ച വൈകീട്ട് ബാങ്ക് പണനയ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ പലിശ നിരക്ക് കുറച്ചിട്ടില്ല. 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തുടരുന്നത്. എന്നാല്‍ വൈകാതെ കുറയ്ക്കുമെന്ന് സൂചന വന്നു.
പലിശയും സ്വര്‍ണവും തമ്മില്‍
അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ഡോളറിലെ നിക്ഷേപങ്ങള്‍ക്ക് വരുമാനം കുറയും. ഇത് മുന്‍കൂട്ടി കണ്ടാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത്. സുരക്ഷിത നിക്ഷേപമായി കരുതുന്ന ലോഹമാണ് സ്വര്‍ണം. നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത് സ്വര്‍ണവില കുത്തനെ വര്‍ധിപ്പിച്ചു. ഡോളര്‍ സൂചികയും ഇടിയുകയാണ്. ഡോളര്‍ കരുത്ത് കുറയുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ സംഭവിക്കും.
ഡോളര്‍ കരുത്ത് കുറഞ്ഞാല്‍
ഡോളറുമായി മല്‍സരിക്കുന്ന പ്രധാന ആറ് കറന്‍സികള്‍ക്ക് ഈ വേളയില്‍ മൂല്യം വര്‍ധിക്കും. അവ ഉപയോഗിച്ച് സ്വര്‍ണം കൂടുതലായി വാങ്ങാന്‍ സാധിക്കും. ഇതും സ്വര്‍ണ വില കൂടാന്‍ കാരണമാണ്. കൂടാതെ ബ്രിട്ടന്‍, ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്പിലെ പ്രധാന സാമ്പത്തിക ശക്തികളും ജപ്പാനും സാമ്പത്തിക ഞെരുക്കം നേരിടുന്നതും നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്.
രാഷ്ട്രീയ കാരണങ്ങള്‍
സാമ്പത്തിക സാഹചര്യത്തിന് പുറമെ രാഷ്ട്രീയ സാഹചര്യവും സ്വര്‍ണവില കൂടാന്‍ കാരണമാണ്. ഇസ്രായേല്‍ ഹമാസ് യുദ്ധം, റഷ്യ യുക്രൈന്‍ യുദ്ധം എന്നിവയെല്ലാം നിക്ഷേപത്തിന് എതിരായ സാഹചര്യം നിലനിര്‍ത്തുന്നു. സാമ്പത്തിക ഭദ്രത ഉറപ്പിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില കൂടാന്‍ മറ്റൊരു കാരണം. ഇന്ത്യയും ചൈനയുമെല്ലാം ഇതില്‍ മുന്നിലുണ്ട്. അമേരിക്ക പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതും ഈ ഘട്ടത്തിലാണ്.
സ്വര്‍ണവില കുറയുമോ
കേരളത്തില്‍ പരീക്ഷ-നോമ്പ് കാലം കഴിയുന്നതോടെ വിവാഹ സീസണ്‍ വരികയായി. എത്ര വില കൂടിയാലും വിവാഹ ആവശ്യക്കാര്‍ സ്വര്‍ണം വാങ്ങുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. എന്നാല്‍ മറ്റു രീതിയിലുള്ള സ്വര്‍ണം വാങ്ങലുകള്‍ കുറയും. വില കൂടുന്നത് ഉപഭോക്തക്കള്‍ക്ക് മാത്രമല്ല, വ്യാപാരികള്‍ക്കും തിരിച്ചടിയാണ്. അടിയന്തര ആവശ്യമുള്ളവര്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങുന്ന പ്രവണതയിലേക്ക് എത്തും.
സ്വര്‍ണം വിറ്റാലോ
ഇനിയും സ്വര്‍ണ വില കൂടാന്‍ തന്നെയാണ് സാധ്യത. വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ് ഇന്ന്. വരും ദിവസങ്ങളും ഇവര്‍ക്ക് നല്ലതു തന്നെ. സ്വര്‍ണം വാങ്ങാന്‍ നിര്‍ബന്ധിത സാഹചര്യത്തിലുള്ളവര്‍ മടിക്കാതെ വേഗം വാങ്ങുന്നതാണ് നല്ലത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ തുക നിശ്ചയിക്കുക. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഒറ്റയടിക്ക് മാറാന്‍ സാധ്യതയില്ലാത്തതിനാല്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ട.












Click it and Unblock the Notifications