സ്വർണ വില കുതിച്ചു; പ്രവാസികൾ ലാഭം കൊയ്യുന്നത് ഇങ്ങനെ..പണം നാട്ടിലേക്കും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താരിഫ് യുദ്ധം കടുപ്പിച്ചതോടെ സ്വർണ വില വീണ്ടും കുതിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ഗോൾഡ് ഹബ്ബുകളിൽ ഒന്നായ യുഎഇയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 374.50 ദിർഹമാണ്. 24 കാരറ്റിന് 404.50 ദിർഹവും 21 കാരറ്റിന് 359 ദിർഹവും 18 കാരറ്റിന് 307.75 ദിർഹവും ഇന്ന് രേഖപ്പെടുത്തി.
ഈ നിലയ്ക്ക് പോയാൽ രാജ്യത്ത് സ്വർണ വില വീണ്ടും റെക്കോഡ് തൊട്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം വില ഉയർന്നതോടെ സ്വർണം വിറ്റ് ലാഭം കൊയ്യുകയാണ് പ്രവാസികൾ എന്ന് വ്യാപാരികൾ പറയുന്നു.

സ്വർണ വില ഉയർന്നാൽ പൊതുവെ വാങ്ങാൻ മടിക്കുന്ന സ്ഥിതി വിപണിയിൽ ഉണ്ട്. എന്നാൽ വില കുതിക്കുന്ന സാഹചര്യത്തിൽ പരമാവധി ലാഭം കൊയ്യാനാണ് ഉപഭോക്താക്കൾ ശ്രമിക്കുന്നതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഇത്തവണത്തെ മറ്റൊരു പ്രത്യേകത സാധാരണ സ്വർണം കൊടുത്ത് പുതിയ സ്വർണം വാങ്ങുന്നതായിരുന്നു രീതി. എന്നാൽ സ്വർണം വിറ്റൊഴിവാക്കി പണം നേരിട്ട് വാങ്ങുകയാണ് പലരെന്നും വ്യാപരികൾ പറഞ്ഞു.
'ഇപ്പോൾ ദുബായിൽ സമ്മർ വെക്കേഷനാണ്. അതുകൊണ്ട് തന്നെ പലരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടിപ്പിലാണ്. സാധാരണഗതിയിൽ സ്വർണം ഇവിടെ നിന്ന് വാങ്ങി നാട്ടിൽ പോയി വിൽക്കുന്നവരാണ് കൂടുതൽ. കാരണം നാട്ടിലെത്തി ദുബായ് സ്വർണം വിൽക്കുന്നത് ലാഭകരമാണെന്നാണ് ആളുകൾ പറയുന്നത്. എന്നാൽ നിലവിൽ സ്വർണം ഇവിടെ തന്നെ വിറ്റ് പരമാവധി പണം കൊണ്ട് നാട്ടിലേക്ക് പോകുകയാണ് ആളുകൾ', വ്യാപാരികളിലൊരാൾ ചൂണ്ടിക്കാട്ടി.
കൂടുതൽ പണം നേടാം
വേനൽക്കാല യാത്രകൾക്ക് മുന്നോടിയായി തങ്ങളുടെ സ്വന്തം കറൻസിയിൽ കൂടുതൽ നേട്ടം കൊയ്യാൻ ലക്ഷ്യം വെച്ച് സ്വർണം വിൽക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ' ചില ഉപഭോക്താക്കൾ സ്വർണം വിറ്റ് നേരെ പോകുന്നത് മണി എക്സ്ചേഞ്ചിങ് സ്ഥാപനങ്ങളിലേക്കാണ്. ഡോളറും ദിർഹവും ശക്തിപ്രാപിച്ചതോടെ ഇന്ത്യയിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് കൂടുതൽ ലാഭം ലഭിക്കുന്നുണ്ട്', വ്യാപാരി വ്യക്തമാക്കി.
അതേസമയം പുതിയ ആഭരണങ്ങൾ വാങ്ങുന്നതിന് പകരം സ്വർണം വിൽക്കാൻ എത്തുന്നവർ വളരെ കുറവ് മാത്രമാണെന്നാണ് ദുബായ് ഗോൾഡ് സൂഖിലെ ജ്വല്ലറികൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ സ്വർണ്ണവില കുതിച്ചുയർന്ന മൂന്നോ നാലോ അവസരങ്ങളിൽ മാത്രമാണ് ആളുകൾ സ്വർണം വിറ്റ് ലാഭം കൊയ്തത്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരും ചെറുകിട ബിസിനസുകാരും സ്വർണം ഉപയോഗിച്ച് തങ്ങളുടെ ആവശ്യം നിറവേറ്റിയിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി.
കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ ആശ്വാസം
കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണ വില ഇന്ന് കുറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സ്വർണം വ്യാപാരം നടന്നത്. എന്നാൽ തുടർന്നിങ്ങോട്ട് റോക്കറ്റ് കുതിപ്പാണ് സ്വർണത്തിന് ഉണ്ടായത്. തിങ്കളാഴ്ച 73,240 രൂപയായിരുന്നു പവന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഗ്രാമിന് 10 രൂപ താഴ്ന്ന് വില 9,145 രൂപയിലെത്തി. പവന്‍ വില 73,160 രൂപയാണ്.
അതേസമയം കേരളത്തിൽ ഇനി വിവാഹ മാസമാണ്. ഇനിയും സ്വർണ വില കുതിച്ചുയരുമോയെന്ന ഭയം ഉപഭോക്താക്കൾക്കുണ്ട്. ഈ സാഹചര്യത്തിൽ ആഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുകയാണ് പലരും. പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ആകുമ്പോൾ കുറഞ്ഞത് 80,000 രൂപയെങ്കിലും ഇന്ന് സ്വർണം വാങ്ങാൻ വേണ്ടി വരും. വില ഉയർന്നതോടെ 18 കാരറ്റ് സ്വർണത്തിനും ആവശ്യക്കാർ ഏറുന്നുണ്ട്.












Click it and Unblock the Notifications