സ്വർണം ചതിച്ചു, ഉച്ചയ്ക്ക് വില ഉയർന്നു..ഇതെന്തൊരു പണി..ഇനി എങ്ങോട്ട്?
സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഉച്ചയ്ക്ക് ഒറ്റയടിക്ക് 120 രൂപയാണ് ഗ്രാമിന് കൂടിയത്. രാവിലെ 75 രൂപ ഗ്രാമിന് കുറഞ്ഞിരുന്നു. ഇതോടെ വില ഇടിയും എന്ന പ്രതീക്ഷയിലായിരുന്നു ആഭരണപ്രേമികൾ. അതിനിടയിലാണ് ഉച്ചിക്ക് സ്വർണം കുതിച്ചത്.
തുടർച്ചയായി ഉയർന്ന വില 1.20 ലക്ഷത്തിലെത്തിയതിന് ശേഷം ഇന്നലെ കുറഞ്ഞിരുന്നു. രാവിലെ രണ്ട് തവണകളിലായി 2280 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് ഗ്രാം വില 70 രൂപ കുറഞ്ഞ് 14940 രൂപയിലേക്കാണ് ആദ്യം താഴ്ന്നത്. തുടർന്ന് ഉച്ചയോടെ 14725 രൂപയിലെത്തി. പവൻ വില 1,19,520 രൂപയിൽ നിന്നും 1,17,800 രൂപയിലേക്ക് വീണു. തുടർന്ന് ഇന്ന് രാവിലെ പവൻ വില 600 രൂപ കുറഞ്ഞ് 1,17,200 രൂപയായിരുന്നു.

എന്നാൽ ഉച്ചയ്ക്ക് പവൻ വിലയിൽ 960 രൂപയുടെ വർധനവാണ് ഉണ്ടായത്. ഗ്രാമിന് 14,770 രൂപയാണ് വില. പവന് 1,18,160 രൂപയും. 18 കാരറ്റ് ഗ്രാമിന് 12,135 രൂപയും പവന് 97,080 രൂപയുമായി. 14 കാരറ്റിന് ഗ്രാമിന് 75 രൂപയാണ് ഉച്ചിക്ക് കുറഞ്ഞത്. നിലവിൽ 75,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 9 കാരറ്റിന് 45 രൂപ കുറഞ്ഞ് 6090 രൂപയായി. പവൻ വില 48,720 രൂപയാണ്.
സ്വർണ വില ഇനിയും ഉയരുമോ?
പലിശപ്പേടിയിലാണ് നിക്ഷേപകർ. യുഎസ് ഫെഡ് റിസർവ് ഗവർണർ കെവിൻ വാർഷ് നടത്തുന്ന ജാക്സൺ ഹോൾ സിംപോസിയം പ്രസംഗത്തിലേക്കാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ഫെഡ് റിസർവ്വിൻ്റെ അടുത്ത നീക്കം എന്താകുമെന്നത് സംബന്ധിച്ച സൂചന വാർഷ് നൽകിയേക്കും. കഴിഞ്ഞ മാസം യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഉയർന്ന നിലയിലായിരുന്നു. മാത്രമല്ല ക്രൂഡ് ഓയിൽ വിലയിലും വലിയ ആശ്വാസമില്ല. ഇതെല്ലാം പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഫെഡറൽ റിസർവിന്റെ അടുത്ത പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് വർധിപ്പിച്ചാൽ സ്വർണത്തിന് അത് കനത്ത ആഘാതമാകും.
നിരക്ക് ഉയർത്തുന്നത് നിക്ഷേപകരെ സ്വർണത്തിൽ നിന്നും അകറ്റും. അവർ സർക്കാർ ബോണ്ടുകളിലേക്കും കടപ്പത്രങ്ങളിലേക്കും തിരിയും. ഇത് സ്വർണ വിലയെ കുത്തനെ താഴേക്ക് അടിക്കും. വില ഔണ്‍സിന് 4400 ഡോളറിന് താഴേക്ക് ഇടിയാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻ വില കുത്തനെ താഴേക്ക് വീഴും. മാത്രമല്ല നരേന്ദ്ര മോദി സർക്കാർ ഇറക്കുമതി തീരുവ കുറക്കാനുള്ള ആലോചനയിലാണെന്നാണ് വാർത്തകൾ. നേരത്തേ 6 ശതമാനമായിരുന്ന തീരുവ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 15 ശതമാനം ആക്കിയത്. ഇത് സ്വർണക്കടത്ത് കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തീരുവ കുറക്കുമെന്നാണ് റിപ്പോർട്ട്. തീരുവ കുറച്ചാൽ സ്വർണവിലയിൽ കുറഞ്ഞത് 10,000 രൂപയുടെയെങ്കിലും ഇളവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications