വില കൂടിയാലും സ്വര്‍ണം വാങ്ങാന്‍ ആളുണ്ട്.. 18 കാരറ്റിന് വന്‍ ഡിമാന്‍ഡ്; ജ്വല്ലറികള്‍ക്കും ലാഭം
ആഗോളതലത്തില്‍ തന്നെ രാഷ്ട്രീയ, വ്യാപാര അനിശ്ചിതത്വങ്ങള്‍ ഈ വര്‍ഷം ഓഹരി വിപണിയെ തളര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിനായുള്ള ആവശ്യം വര്‍ധിച്ചതിനാല്‍ കഴിഞ്ഞ കുറച്ചു കാലമായി സ്വര്‍ണ വില കുതിച്ചുയരുകയാണ്. ഫെബ്രുവരിയില്‍ പത്ത് ഗ്രാമിന് 88,000 എന്ന ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണത്തിന്റെ വില കുതിച്ചുയര്‍ന്നിരുന്നു.
കേരളത്തിലെ വിവാഹ സീസണിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്. ഇത് ആഭരണങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ബജറ്റ് ആകെ കീഴ്‌മേല്‍ മറിക്കുന്നതാണ്. വിവാഹ സീസണ്‍ ആഭരണ വ്യവസായത്തിന് ഒരു പ്രധാന ഘടകമാണ്. സ്വര്‍ണ വിപണിയിലെ വരുമാനത്തിന്റെ ഏകദേശം 60 ശതമാനവും വിവാഹങ്ങളില്‍ നിന്നും അനുബന്ധ ഷോപ്പിംഗില്‍ നിന്നുമാണ് എന്നാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്‍ പറയുന്നത്.

സ്വര്‍ണ വില കുതിച്ചുയരുമ്പോള്‍ ഉപഭോക്താക്കള്‍ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ വിവാഹങ്ങള്‍ എന്നെന്നേക്കുമായി മാറ്റിവയ്ക്കാന്‍ കഴിയാത്തതിനാല്‍ തന്നെ ഉപഭോക്താക്കള്‍ ഒടുവില്‍ തിരിച്ചെത്തി സ്വര്‍ണം വാങ്ങിക്കുന്നുണ്ട് എന്നും കല്യാണരാമന്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണ വിലയില്‍ പെട്ടെന്ന് വര്‍ദ്ധനവുണ്ടാകുമ്പോഴോ ഇടിവ് സംഭവിക്കുമ്പോഴോ, എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ ഉപഭോക്താവ് ഒരു ഇടവേള എടുക്കുന്നു.
ഈ (ജനുവരി-മാര്‍ച്ച്) പാദത്തില്‍ ഏകദേശം മൂന്ന് വര്‍ധനവുകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. 2024 ല്‍ വില 26 ശതമാനം ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു. അത് സ്വര്‍ണത്തിന്റെ ആവശ്യകതയെ സ്വാധീനിച്ചു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തത്തിലുള്ള സ്വര്‍ണ ആവശ്യം 2023-ല്‍ 761 ടണ്ണില്‍ നിന്ന് 2024-ല്‍ 5 ശതമാനം ഉയര്‍ന്ന് 802.8 ടണ്ണായി.
എന്നിരുന്നാലും, ആഭരണങ്ങളുടെ ആവശ്യം 2023-ല്‍ 575.8 ടണ്ണില്‍ നിന്ന് 2024-ല്‍ 2 ശതമാനം കുറഞ്ഞ് 563.4 ടണ്ണായി. ഉപഭോക്താക്കള്‍ സാധാരണയായി നിശ്ചിത ബജറ്റുകളോടെയാണ് സ്വര്‍ണം വാങ്ങുന്നതെന്ന് കല്യാണരാമന്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, വിലകള്‍ ഉയരുമ്പോള്‍, അവയുടെ അളവ് കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉപഭോക്തൃ മുന്‍ഗണനകള്‍ക്ക് അനുസൃതമായി ജ്വല്ലറികളും അവരുടെ തന്ത്രങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
സാധാരണയായി 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ 18 കാരറ്റ് സ്വര്‍ണമാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. '18 കാരറ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ 15-20 ശതമാനം നിരക്ക് വ്യത്യാസമുണ്ട്. സ്വര്‍ണ വിലകള്‍ ഉയര്‍ന്നാലും ആഭരണങ്ങള്‍ വാങ്ങുന്നത് ഇത് കൂടുതല്‍ എളുപ്പമാക്കുന്നു,' കല്യാണരാമന്‍ പറഞ്ഞു.
സ്വര്‍ണ വിലയിലെ വര്‍ധനവും ഉപഭോക്താക്കളില്‍ നിന്ന് ഭാരം കുറഞ്ഞ ആഭരണങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നതും കണക്കിലെടുത്ത് എല്ലാ ജ്വല്ലേഴ്‌സും ഇത്തരം രീതിയിലേക്ക് മാറിയിട്ടുണ്ട്. ഉപഭോക്തൃ മുന്‍ഗണനകളില്‍ മാറ്റം വരുന്നതായി തങ്ങള്‍ നിരീക്ഷിക്കുന്നുണ്ട് എന്നും പ്രധാനമായും യുവ ഉപഭോക്താക്കളില്‍ ലൈറ്റ്വെയ്റ്റ്, റോസ് ഗോള്‍ഡ്, വൈറ്റ് ഗോള്‍ഡ് എന്നിവയോടുള്ള ആഭിമുഖ്യം വര്‍ധിച്ചുവരികയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2029 ആകുമ്പോഴേക്കും 18 കാരറ്റ് സ്വര്‍ണത്തിന്റെ ആവശ്യം ഗണ്യമായി വര്‍ധിക്കുമെന്നും ഇത് വ്യവസായത്തില്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നാണ് പിഎന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൗരഭ് ഗാഡ്ഗില്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications