സ്വർണവില 1.57 ലക്ഷം, കൂടിയത് 58,000 രൂപയോളം; കച്ചവടം പകുതിയായി..വാങ്ങൽ തന്ത്രം മാറ്റ് ഉപഭോക്താക്കളും
ഗണേശ ചതുർത്ഥിയിൽ സമയത്ത് സ്വർണകച്ചവടത്തിൽ വൻ ഇടിവ് രേഖപ്പടുത്തിയതായി റിപ്പോർട്ട്. വിലയിലെ കുതിച്ചുച്ചാട്ടമാണ് വ്യാപാരത്തെ ബാധിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിൻ്റെ ഇടിവാണ് കച്ചവടത്തിൽ ഉണ്ടായതെന്ന് വ്യാപാരികൾ പറഞ്ഞു. വാങ്ങിയവരാകട്ടെ കുറഞ്ഞ കാരറ്റ് ആഭരണങ്ങളാണ് കൂടുതലായി തിരഞ്ഞെടുത്തതെന്നും ഇവർ പറയുന്നു.
കഴിഞ്ഞ വർഷം ഈ സമയത്ത് 10 ഗ്രാം സ്വർണത്തിന് 98000 രൂപയായിരുന്നു വില. എന്നാൽ നിലവിൽ 60 ശതമാനത്തോളം ഉയർന്ന് 1.57 ലക്ഷത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വില വർധിച്ചത് തന്നെയാണ് വ്യാപാരത്തെ ബാധിച്ചത്. എന്നിരുന്നാലും വിപണി ശുഭപ്രതീക്ഷയിലാണെന്ന് വ്യാപാരികൾ പറയുന്നു. പണം നേരിട്ട് നൽകി സ്വർണം വാങ്ങുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. എന്നാൽ പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുന്നത് കൂടുകയാണ്. അത്തരത്തിൽ വാങ്ങുമ്പോഴും 18 കാരറ്റ് ആഭരണങ്ങളാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്', ഇന്ത്യ ബുള്യൻ ആൻ്റെ ജ്വല്ലറി അസോസിയേഷൻ നാഷ്ണൽ സെക്രട്ടറി സുരേന്ദ്ര മെഹ്ത വ്യക്തമാക്കി. വരാനിരിക്കുന്നത് വിവാഹ സിസണ്‍ ആണ്. അതിനാൽ കച്ചവടം കൂടുമെന്ന പ്രതീക്ഷയുണ്ട്. ക്രിസ്മസ് പോലുള്ള ആഘോഷങ്ങളും വരുന്നുണ്ട്. ഇതും കച്ചവടം ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്', അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഈ ഉത്സവ സീസണിൽ സ്വർണനാണയങ്ങൾക്കും ബാറുകൾക്കും ഡിമാൻ്റ് കൂടിയെന്നാണ് വ്യാപാരികൾ ചീണ്ടിക്കാട്ടുന്നത്. അതായത് വില ഉയർന്നാലും സ്വർണത്തെ കൈവിടാൻ ആളുകൾ തയ്യാറാകുന്നില്ലെന്നതിൻ്റെ വ്യക്തമായ സൂചനയാണിത്. വില വർധനവ് വളരെ ആശങ്കയോടെ തന്നെയാണ് പലരും നോക്കിക്കാണുന്നതെന്നും വ്യാപാരികൾ വ്യക്തമാക്കി.
രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും ഉയർന്ന് തുടങ്ങിയപ്പോഴാണ് ഇന്ത്യൻ വിപണിയിൽ ഗണേശ ചതുർത്ഥി പോലുള്ള ആഘോഷങ്ങൾ നടന്നത്. വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ തുടർന്നത് വിപണിക്ക് തിരിച്ചടിയായെന്ന് വേൾഡ് ഗോൾഡ് കൌണ്‍സിലും ചൂണ്ടിക്കാട്ടി. അതേസമയം വിവാഹ ആവശ്യങ്ങൾക്കുള്ള സ്വർണ ഡിമാൻ്റ് ഇപ്പോഴും സ്ഥായിയായി തുടരുന്നുണ്ടെന്നും കൌണ്‍സിൽ പറഞ്ഞു.
വിപണിയിൽ കണ്ട മറ്റൊരു ട്രെൻ്റ് യുവാക്കൾ, പ്രത്യേകിച്ച് യുവതികൾ തങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങുന്നുവെന്നതാണ്. ജീവിതത്തിലെ വലിയ നാഴികക്കല്ലായാണ് ഇതിനെ അവർ കണക്കാക്കുന്നത്. കുറഞ്ഞ കാരറ്റ് ആഭരണങ്ങളും ആളുകൾ ഇത്തരത്തിൽ വാങ്ങിവെയ്ക്കുന്നുണ്ട്. സ്വർണത്തിൽ എന്തെങ്കിലുമൊരു നിക്ഷേപം എന്ന നിലയ്ക്കാണ് അവർ ഇതിനെ കാണുന്നത്.
അതിനിടെ രണ്ട് ഗ്രാമിൽ താഴെയുള്ള സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് യുണീക് ഐഡന്റിഫിക്കേഷൻ നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ. കുറഞ്ഞ ഭാരമുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത് പാവപ്പെട്ട സാധാരണക്കാരായ ഉപഭോക്താക്കൾക്ക ് വലിയ തിരിച്ചടിയായിരിക്കുമെന്നാണ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.
രണ്ട് ഗ്രാമിൽ താഴെ പ്രധാനമായും ചെറിയ കമ്മലുകളും മൂക്കുത്തിയും മോതിരങ്ങളുമൊക്കെയാണ് വരുന്നത്. ആഭരണത്തിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഹാൾമാർക്കിങ് ചെലവ് അനുപാതാതീതമായി ഉയരും. ഇതോടൊപ്പം ഹാൾമാർക്കിങ് കേന്ദ്രത്തിലേക്കുള്ള ഗതാഗതം, പാക്കിങ്, കൈകാര്യ ചെലവ്, പരിശോധന എന്നിവയ്ക്കുള്ള അധിക ചെലവും വ്യാപാരികൾക്ക് വരും. ഇതിൻ്റെ ഭാരവും ഉപഭോക്താക്കൾക്കാകും. ഇത് സാധാരണക്കാരനെ സ്വർണത്തിൽ നിന്ന് അകറ്റുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications
