സ്വർണ വിലയിലെ തീകുതിപ്പ്: ഉയർന്നത് 5960 രൂപ..ഇനി 1.29 ലക്ഷത്തിലേക്ക്? സാധ്യത ഇങ്ങനെ
സ്വർണ വിലയിലെ കുതിപ്പ് ആഭരണപ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തുകയാണ്. ജുലൈ 31 മുതലാണ് വില കുതിച്ച് തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഉയർന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷം അയയുന്നുവെന്ന തോന്നലാണ് ഓഗസ്റ്റ് ആദ്യവാരം സ്വർണത്തിന് പിന്തുണ നൽകിയതെങ്കിൽ യു.എസിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ സ്വർണത്തിന് കരുത്താകുന്നത്.
യുഎസ് സർക്കാരിൻ്റെ കടം കുതിച്ചുയരുകയാണ്. ചരിത്രത്തിലാദ്യമായി ഇത് 40 ട്രില്യണ്‍ കടം ഭേദിച്ചു. സർക്കാർ കടപ്പത്രങ്ങളുടെ വില താഴേക്ക് ഇറങ്ങുന്നതാണ് ഇപ്പോൾ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്. കടപ്പത്രങ്ങൾ അനാകർഷകമാകുന്നത് ഡോളർ മൂല്യം ഇടിയാൻ വഴിവെച്ചു. ഡോളർ ഇടിയുന്നത് സ്വർണത്തിന് സ്വാഭാവികമായും കരുത്താകും.

കേരളത്തിൽ വില കുതിക്കുന്നു
കഴിഞ്ഞ ഒരാഴ്ച കൊണ്ട് കേരളത്തിൽ ഒരു പവൻ വിലയിൽ ഉണ്ടായത് 5960 രൂപയുടെ വർധനവാണ്. ഓഗസ്റ്റ് 17 ന് 1,14,160 രൂപയായിരുന്നു ഒരു പവന് വില. 18 ന് ഇത് 1,14, 320 രൂപയായി. എന്നാൽ 19 ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി, വില 1,13,640 രൂപയിലെത്തി. 19 ന് ആഭരണപ്രേമികളെ അമ്പരപ്പിച്ച് കൊണ്ട് 3160 രൂപ വർധിച്ച് വില ഒറ്റയടിക്ക് 1,16,800 രൂപയായ. ഓഗസ്റ്റ് 21 ന് രാവിലെയും വൈകുന്നേരവും രണ്ട് തവണയായി 1680 രൂപയോളം വില വർധിച്ചു. ശനിയാഴ്ച (ഓഗസ്റ്റ് 22) മാത്രം ഗ്രാമിന് 140 രൂപയാണ് ഉയർന്നത്. നിലവിൽ ഗ്രാമിന് 14,950 രൂപയിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്, പവൻ വില 1,19 ,600 രൂപയിലും.
ഇത് പവൻ വില മാത്രമാണ്. 5 ശതമാനം അടിസ്ഥാന പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും കൂടി ചേരുമ്പോൾ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 1.29 ലക്ഷമെങ്കിലും നൽകേണ്ടി വരും.
വില ഇനിയും കൂടുമോ?
രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നാൽ കേരളത്തിൽ ഇനിയും വില കുതിക്കും. നിലവിൽ ഔണ്‍സിന് 4600 ഡോളറിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. അടുത്ത പ്രതിരോധം 4653 ഡോളർ ആണ്. ഈ നിരക്ക് ഭേദിച്ചാൽ സ്വർണം വീണ്ടും തീകുതിപ്പ് നടത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. വില ഉയർന്നാൽ 4852 ഡോളറിലേക്ക് വരെ വില എത്താം. അതായത് കേരളത്തിൽ ഒരു പവൻ വില 1.23 ലക്ഷം വരെയെങ്കിലും ഉയരാമെന്ന് സാരം. അതേസമയം ആഗോള ഭൌമരാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞാൽ ഒരുപക്ഷെ വില താഴേക്ക് വീണേക്കാം. 4453 ഡോളർ എന്ന നിലയിലേക്ക് സ്വർണം വീണ്ടും താഴ്ന്നാൽ വിലയിൽ കൂടുതൽ ഇടിവിന് സാധ്യത നിലനിൽക്കുന്നുണ്ട്. സാഹചര്യം കൂടുതൽ പ്രതികൂലമായാൽ വില 4300 ഡോളർ വരെ താഴ്ന്നേക്കാം. എന്നിരുന്നാലും കേരളത്തിൽ സ്വർണം ഒരു ലക്ഷത്തിന് താഴേക്ക് ഇനി പോകാനുള്ള സാധ്യതയില്ല. പരമാവധി 1.15 ലക്ഷം എന്ന നിലയിലേക്കായിക്കും സ്വർണത്തിൻ്റെ വീഴ്ച.


Click it and Unblock the Notifications