സ്വർണം ഇന്നും കുതിച്ചു, ആഭരണപ്രേമികൾക്ക് ഞെട്ടൽ; ഓണത്തിന് പവൻ വില 1.20 ലക്ഷമാകും?
അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കേരളത്തിൽ വില ഇന്നും ഉയർന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം പവൻ വിലയിൽ 880 രൂപ വർധിച്ചു. ഇന്നലെ കേരള വിപണിയിൽ പവൻ വിലയിൽ 3160 രൂപയായിരുന്നു ഉയർന്നത്.
ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണം 4500 ഡോളറും ഭേദിച്ച് മുന്നേറിയതോടെ പവൻ വില കുതിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച 1,13,640 രൂപയായിരുന്ന വില ഒറ്റയടിക്ക് 1,16,800 രൂപയായി. ഇന്ന് ഗ്രാമിന് 14710 രൂപയാണ്. പവൻ വില 1,17,680 രൂപയും. ഇന്ന് സ്വർണാഭരണം വാങ്ങൻ പദ്ധതിയുള്ളവർ കുറഞ്ഞ കാരറ്റ് സ്വർണത്തിനെ ആശ്രയിക്കുന്നതായിരിക്കും ഏറ്റവും ഉചിതം.

18 കാരറ്റ് ആഭരണങ്ങൾ ഇന്ന് പവന് 96,880 രൂപയ്ക്ക് ലഭിക്കും. അതേസമയം ഗ്രാമിന് 12,085 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്നും 90 രൂപയാണ് 18 കാരറ്റിന് ഉയർന്നത്. 14 കാരറ്റ് സ്വർണാഭരണം ഇന്ന് ഗ്രാമിന് 9410 രൂപയ്ക്ക് ലഭിക്കും. 75,280 രൂപയാണ് പവൻ വില. അതേസമയം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ 9 കാരറ്റ് ആഭരണങ്ങളെ ആശ്രയിക്കാം. ഗ്രാമിന് 6070 രൂപയാണ് ഗ്രാമിന് ഇന്ന് വില. പവൻ വില 48,560 രൂപയും രേഖപ്പെടുത്തി.
ഓണക്കാലത്ത് വ്യാപാരം പൊടിപൊടിക്കും; 10,000 കോടി കടക്കാൻ സാധ്യത: കെജിഎസ്എംഎ
കൊച്ചി: കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ഓണക്കാലം ഏറ്റവും പ്രധാനപ്പെട്ട വിൽപന സീസണുകളിലൊന്നാണ്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഏകദേശം 7,000-8,000 കോടി രൂപയുടെ സ്വർണവ്യാപാരം നടന്നുവെന്നാണ് വിവിധ വിപണി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത്തവണ സ്വർണവില ചരിത്രത്തിലെ ഉയർന്ന നിലകളിൽ തുടരുന്നതിനാൽ, രൂപയുടെ മൂല്യത്തിൽ മാത്രം കണക്കാക്കിയാൽ ഓണക്കാലത്തെ സ്വർണാഭരണ വ്യാപാരം 10,000 കോടി കടക്കാനുള്ള സാധ്യതയുണ്ടെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വിലയിരുത്തുന്നു.
എന്നാൽ ഉയർന്ന സ്വർണവിലയുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾ വാങ്ങുന്ന സ്വർണത്തിന്റെ തൂക്കം കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് വിറ്റുവരവ് വർധിക്കുന്നത് സ്വർണത്തിന്റെ യഥാർത്ഥ ഉപഭോഗം അതേ അനുപാതത്തിൽ വർധിച്ചു എന്നർത്ഥമാക്കരുത്.
പഴയ സ്വർണം മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങുന്ന എക്സ്ചേഞ്ച് വ്യാപാരം, ലളിതവും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളുടെ വർധിച്ച ആവശ്യകത, ഓണം-വിവാഹ സീസൺ, വിദേശത്തുനിന്നുള്ള പ്രവാസികളുടെ വരവ് എന്നിവ ഇത്തവണത്തെ വിപണിക്ക് അനുകൂല ഘടകങ്ങളാണ്.
അതേസമയം, ചെറുകിട-ഇടത്തരം സ്വർണ വ്യാപാരികൾക്ക് ഈ സീസൺ കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. ഉയർന്ന സ്വർണവിലയ്ക്കൊപ്പം പ്രവർത്തനച്ചെലവും നിയമപരമായ അനുസരണച്ചെലവുകളും വർധിച്ച സാഹചര്യത്തിൽ സർക്കാർ വ്യാപാര മേഖലയെ കൂടുതൽ പിന്തുണയ്ക്കണമെന്നും കെജിഎസ്എംഎ ആവശ്യപ്പെട്ടു.
10,000 കോടി എന്നത് ഔദ്യോഗിക കണക്കല്ല.നിലവിലെ സ്വർണവില, ഓണം-വിവാഹ സീസൺ, ഉപഭോക്തൃ പ്രവണതകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള സംഘടനയുടെ വിപണി വിലയിരുത്തലാണ്. ഇത്തവണ റെക്കോർഡ് വിൽപന ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും ഉയർന്ന വില കാരണം സ്വർണത്തിന്റെ തൂക്കത്തിലുള്ള ഉപഭോഗം കുറയാമെന്നും സംഘടന വ്യക്തമാക്കി.


Click it and Unblock the Notifications