സ്വർണ വില ഉച്ചക്ക് കത്തിക്കയറി; വീണ്ടും ഷോക്ക്..പവൻ 1.30 ലക്ഷത്തിലേക്കോ?
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഉച്ചയ്ക്ക് ഒറ്റയടിക്ക് 800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒറ്റ ദിവസം കൊണ്ട് 1680 രൂപയുടെ വർധനവാണ് പവൻ വിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 3160 രൂപ പവന് ഉയർന്നിരുന്നു. രണ്ടു ദിവസം കൊണ്ട് പവൻ വിലയിലുണ്ടായത് 4840 രൂപയുടെ വർധനവാണ്. രാജ്യാന്തര വിപണിയിൽ സ്വർണം കുതിക്കുന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷം അയയുകയും യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്തതോടെയാണ് ഓഗസ്റ്റ് ഒന്ന് മുതൽ സ്വർണ വില കുതിച്ച് തുടങ്ങിയത്. ജുലൈ അവസാനം 1.05 ലക്ഷത്തിലായിരുന്നു പവൻ വ്യാപാരം നടന്നിരുന്നത്. മൂന്നാഴ്ച കൊണ്ട് സ്വർണ വിലയിൽ 12,000 രൂപയ്ക്ക് മുകളിലാണ് വർധിച്ചത്.

ബുധനാഴ്ച കുത്തനെ താഴേക്ക് പതിച്ച സ്വർണ വിലയിൽ ഇന്നലെ മാത്രം 3160 രൂപയുടെ വർധനവ് രേഖപ്പെടുത്തിയതോടെ സ്വർണം വീണ്ടും 1.16 ലക്ഷത്തിലെത്തുകയായിരുന്നു. തുടർന്ന് ഇന്ന് രാലിലെ പവന് 880 രൂപ വർധിച്ചു. ഇതോടെ പവൻ വില 1,17680 രൂപയിലെത്തി. ഗ്രാമിന് 110 രൂപയായിരുന്നു ഉയർന്നത്. അതേസമയം ഉച്ചയ്ക്ക് ഗ്രാമിന് 100 രൂപ ഉയർന്ന് പവൻ വില 1,18,840 രൂപയായി. 22 കാരറ്റ് ഗ്രാമിന് 14810 രൂപയാണ്. 18 കാരറ്റിൻ്റെ വിലയും ഉയർന്നു. ഗ്രാമിന് 85 രൂപ ഉയർന്ന് 12,170 രൂപയായി. പവന് 97,360 രൂപയിലുമെത്തി.
ഓണപർച്ചേസ് പാളും
ഓണത്തോട് അനുബന്ധിച്ച് സ്വർണം വാങ്ങാനിരുന്നവരുടെ നെഞ്ചിലേക്ക് തീകോരിയിട്ടാണ് സ്വർണം കുതിക്കുന്നത്. സാധാരണ ഓണക്കാലത്ത് സ്വർണം വാങ്ങുന്ന പതിവ് മലയാളിക്കുണ്ട്. ഇക്കുറിയും മികച്ച കച്ചവടം തന്നെ ജ്വല്ലറിക്കാർ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം വില ഉയർന്നെങ്കിലും വാങ്ങാൻ പദ്ധതിയിട്ടവർ പിന്നോട്ടടിക്കില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. വാങ്ങുന്ന അളവിൽ ഒരുപക്ഷെ മാറ്റം വരുത്തിയാലും ആഘോഷ സമയത്തെ വാങ്ങലിൽ നിന്ന് പിന്നോട്ട് പോകാൻ സാധ്യതയില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ. കുറഞ്ഞത് 10,000 കോടിയുടെ കച്ചവടമെങ്കിലും ഈ ഓണക്കാലത്ത് വ്യാപാരികൾ പ്രതീക്ഷിക്കുന്നുണ്ട്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് പ്രിയമേറുന്നു
കല്യാണ സീസണും ഓണവും സ്വർണ കച്ചവടം പൊടിപൊടിപ്പിക്കുന്നുണ്ട്. യുവാക്കൾ കൂടുതലായി കുറഞ്ഞ കാരറ്റ് ആഭരണങ്ങളോടാണ് താത്പര്യം കാണിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. പണ്ട് 22 കാരറ്റ് ആഭരണങ്ങൾ മാത്രം ചോദിച്ച് വന്നിരുന്നവർ ഇപ്പോൾ 9 കാരറ്റ് ആഭരണങ്ങൾ പോലും വാങ്ങാൻ തയ്യാറാവുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
നിക്ഷേപ താത്പര്യം ഇല്ലെങ്കിൽ കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നത് തന്നെയാണ് ലാഭകരം എന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ വാങ്ങി എന്നതുകൊണ്ട് നഷ്ടമൊന്നുമില്ല. കാരറ്റിൻ്റെ മൂല്യം വിൽക്കുമ്പോഴും അതുപോലെ തന്നെ ലഭിക്കുമെന്നും വ്യാപാരികൾ പറഞ്ഞു.
സ്വർണം ഇനിയും മുകളിലേക്ക് തന്നെ
യുഎസ് കടപ്പത്രങ്ങളിൽ നിന്നുള്ള നേട്ടവും യുഎസ് ഡോളറിൻ്റെ മൂല്യത്തിൽ ഉണ്ടാകുന്ന ഇടിവുമാണ് രാജ്യാന്തര വിപണിയിൽ സ്വർണം വീണ്ടും കുതിക്കുന്നതിന് വഴിവെച്ചത്. നിലവിൽ ഔണ്‍സിന് 4600 ഡോളറിന് മുകളിലാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വർഷം തന്നെ സ്വർണം 5000 ഡോളർ കടക്കുമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെപി മോർഗൻ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വില ആ നിലയിൽ ഉയർന്നാൽ കേരളത്തിൽ ഒരു പവൻ സ്വർണം 1.30 ലക്ഷത്തിലേക്ക് അടുത്തേക്കും.


Click it and Unblock the Notifications