സ്വർണവില ഇന്നും 'കുതിച്ചില്ല', 25 രൂപയുടെ വ്യത്യാസം; രാത്രിയോടെ വില കുത്തനെ താഴേക്കോ? നിർണായക പ്രഖ്യാപനം ഇന്ന്
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്ന് നേരിയ തോതിൽ ഉയർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ സ്വർണ വില കുറയുമെന്നാണ് വിപണി നിരീക്ഷണം.
ഇന്ന് രാത്രിയാണ് യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് പണനയം പ്രഖ്യാപിക്കുന്നത്. പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത 90 ശതമാനമാണെന്നാണ് വിലയിരുത്തൽ. പലിശ നിരക്ക് ഉയർത്തുന്നത് സ്വർണ വില ഇടിയാൻ കാരണമാകും.

കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ മാത്രമാണ് വർധിച്ചത്. ഗ്രാമിന് 14065 രൂപയാണ് വില. പവന് 1,12,520 രൂപയും. ഇന്നലെ പവന് 1,12,320 രൂപയിലുമാണ് വ്യാപാരം നടന്നത്. അതായത് പവൻ വിലയിൽ ഇന്ന് 200 രൂപയുടെ മാത്രം വർധനവാണ് ഉണ്ടായത്.
18 കാരറ്റ് സ്വർണത്തിനും ഇന്ന് ആശ്വാസ വിലയാണ്. ഗ്രാമിന് 11,555 രൂപയും പവന് 92,440 രൂപയുമാണ് നൽകേണ്ടത്. ഇന്നത്തലെ അപേക്ഷിച്ച് 20 രൂപയുടെ വർധനവ്. 14 കാരറ്റ് ഒരു ഗ്രാമിന് 9000 രൂപയും പവന് 72000 രൂപയുമാണ്. 9 കാരറ്റ് സ്വർണത്തിന് 5805 രൂപയും പവന് 46440 രൂപയും വരും. വില ഉയർന്നതോടെ കുറഞ്ഞ കാരറ്റ് സ്വർണാഭാരണങ്ങൾക്കാണ് സംസ്ഥാനത്ത് ഡിമാൻ്റ് കൂടുതൽ.
വില കുത്തനെ താഴേക്കോ?
യുഎസ് ഫെർഡറൽ റിസർവിൻ്റെ പ്രഖ്യാപനത്തിനായി കാതോർക്കുകയാണ് നിക്ഷേപകർ. ഓഗസ്റ്റിലെ ഉപഭോക്തൃ സൂചിക റിപ്പോർട്ട് പുറത്ത് വന്നപ്പോൾ തന്നെ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ഉയർന്നിരുന്നു. പണപ്പെരുപ്പം ശക്തമാണെന്നും അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണെന്നും കെവിൻ വാർഷും വ്യക്തിമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കുറഞ്ഞത് 25 ശതമാനം ബേസിസ് പോയിൻ്റെങ്കിലും ഉയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പലിശ നിരക്ക് ഉയർത്തുന്നതോടെ നിക്ഷേപകർ ഡോളറിലേക്കും സർക്കാർ ബോണ്ടുകളിലേക്കും തിരിയും. പലിശ നിരക്ക് ഉയരുമെന്നുറപ്പിച്ച് 10 വർഷ കാലാവധിയുള്ള സർക്കാർ കടപ്പത്രങ്ങളിൽ നിന്നുള്ള നേട്ടം രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്.
നിരക്ക് ഉയർത്തുന്നത് പലിശ നിരക്ക് ലഭിക്കാത്ത സ്വർണത്തെ പ്രതികൂലമായി ബാധിക്കും. നിക്ഷേപകർ കൈയ്യൊഴിയുന്നതോടെ സ്വർണത്തിൻ്റെ ഡിമാൻ്റ് കുറയുകയും വില കുത്തനെ താഴേക്ക് പതിക്കും. നിലവിൽ 4300 ഡോളർ നിലയിലാണ് സ്വർണം ഉളളത്. ഇത് 4000 ഡോളറിലേക്കോ അതിന് താഴേക്കോ പതിക്കുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
കൂപ്പുകുത്തുമോ?
സ്വർണം പ്രതിസന്ധി കാലത്ത് സുരക്ഷിത നിക്ഷേപമാണ്. അതുകൊണ്ട് തന്നെ പലിശ നിരക്ക് ഉയർത്തിയത് കൊണ്ട് മാത്രം സ്വർണ വില കൂപ്പുകുത്താനുള്ള സാധ്യത ഇല്ല. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുകയാണ്. എണ്ണ വില കുതിച്ചുയരുന്നു. ഡി-ഡോളറൈസേഷൻ്റെ ഭാഗമായി കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുകയാണ്. ഇതെല്ലാം സ്വർണ വിലയെ മുകളിലേക്ക് തന്നെ നയിച്ചേക്കും. മാത്രമല്ല വില കുറയുന്ന സാഹചര്യത്തിൽ നിക്ഷേപകർ ഡിപ് ബൈയിംഗ് നടത്തിയാൽ അതും സ്വർണ വില ഉയരാൻ കാരണമാകും.
കേരളത്തിൽ പ്രതീക്ഷയോടെ ആഭരണപ്രേമികൾ
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില കുറഞ്ഞാൽ കേരളത്തിലെ വിപണിയിലും സ്വർണം തിരിച്ചിറങ്ങും. 1.12 ലക്ഷമാണ് ഇപ്പോഴത്തെ പവൻ വില. പണിക്കൂലിയും ജി എസ് ടിയും എല്ലാം ചേർത്ത് 1.25 ലക്ഷം വരെയാകും സ്വർണത്തിൻ്റെ വില. വില കുറഞ്ഞാൽ 1 ലക്ഷത്തിന് താഴേക്ക് പോകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.



Click it and Unblock the Notifications
