സ്വർണവില ഇന്ന് കത്തിക്കയറി; ഈ മാസത്തെ ഉയർന്ന നിരക്ക്, പവൻ വില അറിയാം
ആഭരണപ്രേമികൾക്ക് നിരാശ നൽകി സ്വർണ വില ഇന്ന് കുതിച്ചു. ഗ്രാമിന് 105 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിച്ചത്. എണ്ണ വില താഴേക്ക് പോയതാണ് ഇന്ന് സ്വർണവിലയെ സ്വാധീനിച്ചത്.
ഇറാനെതിരെ കടുത്ത ആക്രമണം ഉണ്ടാകുമെന്ന ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് വില ഉയർന്ന നിലയിൽ തുടരുകയായിരുന്നു. ഇറാനുമായി ഇനി ചർച്ച ഇല്ലെന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ട്രംപ് ഇതിൽ നിന്ന് മലക്കം മറിഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇതോടെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. അതേസംയം നേരിയ ഇടിവാണ് ഉണ്ടായത്. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 103.3 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ 90.76 ഡോളറിലും.

എണ്ണവില കുറഞ്ഞതോടെ ഡോളറിൻ്റെ മൂല്യത്തിലും ഇടിവ് സംഭവിച്ചു. ഇതാണ് രാജ്യാന്തര സ്വർണവില ഉയരാൻ കാരണമായത്. രാജ്യാന്തര വിപണിയിൽ ഇന്ന് ഔണ്സ് സ്വർണത്തിന് 4177 ഡോളറാണ്. ഇന്നലെ 4137 ജോളറായിരുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് വലിയ വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 22 കാരറ്റ് ഗ്രാം വില ഇന്ന് 13815 രൂപയാണ്. അതായത് ഇന്നലത്തെ അപേക്ഷിച്ച് 105 രൂപയുടെ വർധനവ്. പവന് 840 രൂപ ഉയർന്ന് 1,10,520 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും കുറവ് 109280 രൂപയായിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11350 രൂപയാണ് ഇന്ന് നൽകേണ്ടത്. പവൻ വില 90,800 രൂപയാണ്.
ഇന്നലെ സ്വർണവില ഇങ്ങനെ
22 കാരറ്റ് ഗ്രാം വില 13710, പവന് വില 109680
18 കാരറ്റ് ഗ്രാം വില 11265, പവന് വില 90120
14 കാരറ്റ് ഗ്രാം വില 8775, പവന് വില 70200
9 കാരറ്റ് ഗ്രാം വില 5660, പവന് വില 45280
കഴിഞ്ഞ കുറച്ചുദിവസങ്ങളായിരുന്നു സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. ഏറിയും കുറഞ്ഞും വില തുടരുകയായിരുന്നു. അതേസമയം ഇനിയും വില വർധിക്കുമോ അതോ കുറയുമോയെന്നതാണ് ചോദ്യം. നിലവിലെ സാഹചര്യത്തിൽ കൃത്യമായ പ്രവചനം സാധ്യമല്ലെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
പലിശപ്പേടി ഇപ്പോഴും അകന്നിട്ടില്ല. ഒക്ടോബറിൽ യുഎസ് ഫെഡ് നിരക്ക് ഉയർത്താൻ സാധ്യതയില്ല. എന്നാൽ ഡിസംബറിൽ നിരക്ക് ഉയർത്തിയേക്കുമെന്ന് തന്നെയാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ഇറാൻ സംഘർഷം ഉടനെന്നും അയയാൻ സാധ്യതയില്ലെന്നും ഇവർ വിലയിരുത്തുന്നുണ്ട്. ട്രംപിൻ്റെ ഇപ്പോഴത്തെ നിലപാട് മാറ്റം ഇടക്കാല തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്നാണ് കണക്കൂട്ടപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് എണ്ണ വില കുറഞ്ഞ നിരക്കിൽ നിലനിർത്തുകയെന്നതാകും ട്രംപിൻ്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും ഇറാനെതിരെ ആക്രമണം കടുപ്പിക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ വീണ്ടും ക്രൂഡ് വില ഉയരും. സ്വാഭാവികമായും നിരക്ക് വർധിപ്പിക്കാൻ യുഎസ് ഫെഡിന് മേൽ സമ്മർദ്ദം ശക്തമാകും.
പലിശ നിരക്ക് ഉയരുന്നത് സ്വർണത്തിന് തിരിച്ചടിയാണ്. കാരണം കൂടുതൽ പലിശ ലഭിക്കുന്ന സർക്കാർ ബോണ്ടുകളിലേക്കും ഡോളറിലേക്കും നിക്ഷേപകർ മാറും. സ്വാഭാവികമായും സ്വർണത്തിൻ്റെ ഡിമാൻ്റ് കുറയും അത് സ്വർണവിലയെ താഴേക്ക് നയിക്കും. പ്രതിസന്ധി രൂക്ഷമാകുകയും പലിശ നിരക്ക് ഉയരുകയും ചെയ്താൽ സ്വർണവില ഔണ്സിന് 3500 ഡോളറിലേക്ക് കുറയാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ കേരളത്തിലും വില കുറയും.


Click it and Unblock the Notifications
