സ്വർണ വില 1 ലക്ഷത്തിന് താഴേക്ക് തന്നെ..പഴയ നിലയിലേക്ക് എത്തും? വാങ്ങിക്കൂട്ടുന്നവർ ശ്രദ്ധിക്കണം';മേരി ജോർജ്
ആഭരണപ്രേമികളുടെ പ്രതീക്ഷ ഇരട്ടിപ്പിച്ച് സ്വർണ വിലയിൽ ഇടിവ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 960 രൂപയോളമാണ് പവന് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില 1,14,720 രൂപയാണ്. ഒരു ഗ്രാമിന് 14,340 രൂപയും. വില ഇടിഞ്ഞതോടെ നിക്ഷേപം മുന്നിൽ കണ്ട് സ്വർണം വാങ്ങിക്കൂട്ടാൻ നിൽക്കുന്നവർ കുറവല്ല. എന്നാൽ അത്തരക്കാർ അൽപം ശ്രദ്ധ പുലർത്തണമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഓരോ നീക്കങ്ങളും നിക്ഷേപകർ വിലയിരുത്തണമെന്ന് അവർ പറയുന്നു. സീ ന്യൂസ് മലയാളത്തോടായിരുന്നു പ്രതികരണം. വായിക്കാം
'ട്രംപിൻ്റെ തീരുമാനങ്ങളും ആഗോള വ്യാപാര മേഖലയിലെ സ്വാധീനവും ഉപയോഗിച്ച് എടുക്കുന്ന തീരുമാനങ്ങൾ അയാൾക്കും അമേരിക്കക്കും അനുകൂലമായിരിക്കും, മറ്റു രാജ്യങ്ങൾക്കും ഒട്ടും അനുകൂലം ആയിരിക്കില്ല. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ നിക്ഷേപകരും ആശങ്കയിലായിരിക്കും. ട്രംപ് ഭരണത്തിൽ വന്നത് മുതൽ ഇന്നുവരെ നിലനിൽക്കുന്നത് ഇതാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഇതൊക്കെ ഒന്ന് ആറി തണുക്കുന്നത് വരെ സ്വർണത്തിന്റെ വിലയിലും ഓഹരി വിപണിയിലും ഒക്കെ ഇങ്ങനെ ചാഞ്ചാട്ടം നടന്നുകൊണ്ടിരിക്കും. വിലയൊക്കെ കൃത്യമായി വീക്ഷുക്കുന്നവർ മാത്രം സ്വർണ ഇടിഎഫുകളിലേക്കൊക്കെ നിക്ഷേപിക്കുന്നതാണ് നല്ലത്.

കുടുംബ ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങുമ്പോൾ എപ്പോഴും ഓർക്കുക ലൈറ്റ് വെയിറ്റ് ഗോൾഡ് മാത്രം വാങ്ങുക. കല്യാണത്തിന് ആണെങ്കിലും അങ്ങനെയൊക്കെ ലൈറ്റ് വെയിറ്റ് ഗോൾഡ് മാത്രം വളരെ കുറച്ചു വാങ്ങിച്ചിട്ട് ബാക്കി പണമായിട്ട് തന്നെ കൊടുക്കണം. ഗോൾഡ് കോയിൻസ് ആയിട്ട് കൊടുത്താൽ അപകടമില്ല, എപ്പോൾ വില കൂടിയാലും ആ കൂടിയ വില കിട്ടും. കുറഞ്ഞുപോയാൽ ആ നഷ്ടം സഹിക്കേണ്ടി വരും. രണ്ടായാലും സ്വർണത്തിൽ നിക്ഷേപിക്കുന്നത് പെൺകുട്ടിക്ക് വേണ്ടിയാണെങ്കിലും ആൺകുട്ടിക്ക് വേണ്ടി ആണെങ്കിലും കരുതി വേണം ഇപ്പോൾ. അതായത് ട്രമ്പിന്റെ തീരുമാനത്തിൽ മാറ്റം വരട്ടെ, ആഗോള വ്യാപാര പശ്ചാത്തലത്തിൽ മാറ്റം വരട്ടെ, അങ്ങനെയൊക്കെ ആകുമ്പോഴത്തേക്കും സ്വർണ്ണത്തിന്റെ വിലയിലും ഒരു ഏകദേശ സ്ഥിരത കൈവരിക്കും. അത് കുറച്ചും കൂടെ താഴേക്ക് പോകും. തീർച്ചയായിട്ടും ഒരു ലക്ഷത്തിന് താഴേക്ക് പോകും .ഒരു കാരണവശാലും ഒന്നര ലക്ഷവും രണ്ടു ലക്ഷവും ആയിട്ടൊന്നും ഗോൾഡിന്റെ വില ഉയരുകയില്ല. അങ്ങനെ ഉയരണമെങ്കിൽ രണ്ടാം ലോക മഹായുദ്ധം വരണം. അതിന് സാധ്യതയില്ല കാരണം ലോകരാഷ്ട്രങ്ങൾ ഒന്നും അത് ആഗ്രഹിക്കുന്നില്ല.
റഷ്യയും അമേരിക്കയും തമ്മിൽ ഒരു ധാരണയിൽ എത്തുന്നു എന്ന് പറഞ്ഞാൽ പിന്നെ ഒരു തേർഡ് വേൾഡ് വാറിനെ പറ്റി ഒന്നും ആശങ്കപ്പെടേണ്ടതില്ല തൽക്കാലം .അങ്ങനെ ഒരു സ്ഥിരത വ്യാപാര മേഖലയിൽ ഉണ്ടായാൽ തീർച്ചയായിട്ടും സ്വർണം ഒരു ലക്ഷത്തിന് താഴേക്ക് പോകും', അവർ വ്യക്തമാക്കി. റഷ്യ അമേരിക്കയുമായി യുഎസ് ഡോളറിൽ വീണ്ടും വ്യാപാരം നടത്താൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റ് കറൻസികളിലുള്ള വ്യാപാര സെറ്റിൽമെന്റുകൾ അംഗീകരിക്കില്ലാത്തതിനാലാണ് റഷ്യ യുഎസ് ഡോളറിലേക്ക് മടങ്ങാൻ ആലോചിക്കുന്നതെന്ന് ബ്ലൂംബെർഗ് ആണ് റിപ്പോർട്ട് ചെയ്തത്.മോസ്കോ ഡോളർ അധിഷ്ഠിത വ്യാപാര തീർപ്പുകളിലേക്ക് മടങ്ങിയെത്തുന്നത് ബ്രിക്സ് രാജ്യങ്ങളുടെ ഡീ-ഡോളറൈസേഷൻ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകും. ബ്രിക്സ് രാജ്യങ്ങൾ സ്വാഭാവികമായും കൂടുതൽ അളവിൽ സ്വർണം വാങ്ങുന്നത് അവസാനിപ്പിക്കും. ഇത് സ്വർണത്തിൻ്റെ ആവശ്യം കുറയ്ക്കും. ഡിമാൻ്റ് കുറയുന്നതോടെ സ്വർണത്തിൻ്റെ തിളക്കവും മങ്ങും, വിലയിൽ വലിയ സമ്മർദ്ദത്തിന് ഇത് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications