സ്വർണ വിലയിൽ 30000ത്തിന്റെ കുറവ് വരുമോ? സ്വർണപ്രേമികളെ കാത്തിരിക്കുന്നത് എന്ത്? പുതിയ പ്രവചനം ഇങ്ങനെ
യുഎസ് ഫെഡറൽ റിസർവ് ഒൻപത് മാസത്തിനിടെ ആദ്യമായി പ്രധാന പലിശ നിരക്കുകൾ കുറച്ചതോടെ സ്വർണ വില കുതിച്ച് കയറുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിട്ടും ഇന്ന് ആഗോളവിപണിയിൽ സ്വർണവില ഇടിഞ്ഞു. ലാഭമെടുപ്പ് തകൃതിയായതോടെ ഔൺസിന് 3652 ഡോളർ എന്ന നിലയിലേക്കാണ് സ്വർണം വീണത്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിൽ ഇന്ന് 100 ഗ്രാമിനും 10 ഗ്രാമിനും യഥാക്രമം 7,600 രൂപയും 760 രൂപയുമാണ് കുറഞ്ഞത്. 24 കാരറ്റ് 10 ഗ്രാമിന് 540 രൂപ കുറഞ്ഞ് 1,11,170 രൂപയായി. ഇന്നലെ 220 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 1,11,710 രൂപയായിരുന്നു ഇന്നലത്തെ വില. 22 കാരറ്റ് സ്വർണത്തിനും ഇന്ന് 10 ഗ്രാമിന് 500 രൂപ കുറഞ്ഞ് 1,01,900 രൂപയായി. കേരളത്തിലും ഇന്ന് സ്വർണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് വില 10,190 രൂപയും പവന് 400 രൂപ താഴ്ന്ന് 81,520 രൂപയുമായി.

ഉത്സവ സീസണിൽ വില കുറയുമോ?
നവരാത്രിയോടുകൂടി അടുത്ത ആഴ്ച ഉത്സവ സീസൺ ആരംഭിക്കുകയാണ്. നിക്ഷേപ താത്പര്യം, വിവാഹങ്ങൾ, മറ്റ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആഭരണ വാങ്ങലുകൾ, ഉപഭോഗ നികുതിയിലെ കുറവ് എന്നിവയെല്ലാം ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് വേൾഡ് ഗോൾഡ് കൗൺസിലിലെ ഇന്ത്യയുടെ ഗവേഷണ മേധാവി കവിത ചാക്കോ. അതേസമയം ഉയർന്ന വിലയും തുടർച്ചയായ വില വർദ്ധനവും മൊത്തത്തിലുള്ള ആവശ്യകതയെ കുറയ്ക്കുമെന്നും അവർ സൂചിപ്പിച്ചു.
ഓഗസ്റ്റ് അവസാനത്തോടെ സ്വർണവിലയിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ ആദ്യ പകുതിയിൽ ഈ കുതിപ്പ് തുടർന്ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തി, അതായത് 40 ശതമാനം വർധനവ്. ഓഗസ്റ്റിൽ അന്താരാഷ്ട്ര സ്വർണവില 4 ശതമാനം ഉയരുകയും സെപ്റ്റംബർ ആദ്യം 6.7 ശതമാനം വർദ്ധിക്കുകയും ചെയ്തു.
'ദുർബലമായ യുഎസ് ഡോളർ, ഉയർന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ആഗോള ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം എന്നിവയാണ് ഓഗസ്റ്റിൽ സ്വർണവില ഉയരാൻ കാരണമായത് . ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ഫെഡിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകളും യുഎസ് ട്രഷറി വരുമാനം കുറയുന്നതിന് കാരണമായി, ഇതും സ്വർണ്ണത്തിന് അനുകൂലമായി', കവിത ചാക്കോ പറഞ്ഞു.
ഉത്സവ സീസണിന്റെ വരവോടെ ഇന്ത്യയിൽ സ്വർണ ഡിമാൻഡ് വർദ്ധിക്കുന്നതിന്റെ സൂചനകൾ പ്രകടിപ്പിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സ്വർണക്കട്ടികൾക്കും നാണയങ്ങൾക്കുമുള്ള ഭൗതിക നിക്ഷേപ ഡിമാൻഡാണ് ഇതിന് പ്രധാന കാരണം. വില വർധിക്കുമെന്ന ചിന്ത കാരണം സ്വർണാഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ നിക്ഷേപ താല്പര്യമാണ് ഉപഭോക്താക്കൾക്ക് കൂടുതൽ.ആഭരണങ്ങൾക്ക് ഡിമാന്റ് ഉണ്ടെങ്കിലും ഏകീകൃതമല്ല. അതേസമയം വിവാഹ ആവശ്യങ്ങൾക്ക് ഉയർന്ന മൂല്യമുള്ള സ്വർണം വാങ്ങുന്നത് തുടരുകയാണ്. വില ഉയർന്നതോടെ ദൈനംദിന ഉപയോഗത്തിനുള്ള ആഭരണങ്ങളുടെ വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. ആളുകൾ പ്രധാനമായും കുറഞ്ഞ കാരറ്റിലേക്ക് നീങ്ങുകയാണ്.
പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി പുതിയത് വാങ്ങുന്ന പ്രവണതയും മൊത്തത്തിലുള്ള വിൽപ്പനയ്ക്ക് വലിയ സംഭാവന നൽകുന്നുണ്ട്. അളവ് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെങ്കിലും, ഉയർന്ന സ്വർണ വില കാരണം വിൽപ്പന മൂല്യം വർദ്ധിച്ചു', അവർ പറഞ്ഞു.
വില കുറയുന്നത് കണ്ട് ആശ്വസിക്കേണ്ട
യുക്രൈൻ യുദ്ധത്തിന് പിന്നാലെ സ്വർണ വില കുതിച്ച് കയറിയത്. ഡോളര്‍, ഓഹരി വിപണി പ്രതിസന്ധിയിലായത് സ്വർണത്തിന്റെ പെരുമ ഉയർത്തി. എന്നാൽ ഈ സ്ഥിതി മാറിയാൽ സ്വർണ വില കുത്തനെ കുറയുമെന്നും പവന് വില 50,000ത്തിലേക്ക് താഴാൻ സാധ്യതയുണ്ടെന്നുമൊക്കെ പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും അടുത്ത കാലത്തേക്ക് പ്രതീക്ഷിക്കേണ്ടെന്നാണ് ഡ്യൂഷെ ബാങ്ക് പ്രവചിക്കുന്നത്. 2026-ൽ ഒരു ഔൺസ് സ്വർണത്തിന് ശരാശരി 4,000 ഡോളറായിരിക്കുമെന്നാണ് അവരുടെ പുതിയ വിലയിരുത്തൽ. നേരത്തെ ഇത് 3,700 ഡോളറായിരുന്നു.നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ സ്വർണ്ണത്തിന് അനുകൂലമാണെന്നും, വില കുറയാനുള്ള സാധ്യത വളരെ കുറവാണെന്നും ബാങ്ക് വിലയിരുത്തുന്നു.












Click it and Unblock the Notifications