സ്വർണവില ഇനി ഒരു 4000 രൂപ കൂടി കുറയും;1 ലക്ഷത്തിന് താഴേക്ക് പോകില്ലേ? വിദഗ്ധർ പറയുന്നത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവില ഉയരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,195 രൂപയാണ് വില. പവന് 1,05,560 രൂപയും. ഇതോടെ വരും ദിവസങ്ങളിലും സ്വർണവില ഉയരുമോയെന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ. എന്നാൽ ഈ വർഷം സ്വർണത്തിന് വലിയൊരു കുതിപ്പ് ഉണ്ടാകില്ലെന്നും വൈകാതെ തന്നെ രാജ്യാന്തര വിപണിയിൽ വിലയിടിയുമെന്നുമാണ് സാമ്പത്തിക സ്ഥാപനമായ സുക്ഡൻ ഫിനാൻഷ്യലിലെ വിശകലന വിദഗ്ധർ പറയുന്നത്.

സ്വർണവിലയിൽ സംഭവിക്കുന്നത്
രാജ്യാന്തര വിപണിയിൽ കഴിഞ്ഞയാഴ്ച സ്വർണം ഔണ്‍സിന് 4000 ഡോളറിന് താഴേക്ക് പതിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതും എണ്ണവില ഉയർന്നതുമാണ് വില താഴേക്ക് പതിക്കാൻ കാരണമായത്.
അതേസമയം യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ദിവസം നടന്ന പണനയ യോഗത്തിൽ പലിശ നിരക്ക് ഉയർത്താതിരുന്നത് സ്വർണത്തിന് തിരിച്ചുകയറാനുള്ള വഴി തുറന്നിരിക്കുകയാണ്. നിലവിൽ രാജ്യാന്തര വില ഔണ്‍സിന് 4054 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
ഡിസംബർ വരെ കുതിക്കില്ല
ഒക്ടോബറിൽ യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തിയില്ലെങ്കിലും ഡിസംബറിൽ നിരക്ക് ഉയർത്താനുള്ള സാധ്യത 80 ശതമാനം ആണെന്നാണ് വിപണി വിലയിരുത്തൽ. പലിശ നിരക്ക് ഉയർത്തിയാൽ പലിശവരുമാനം നൽകാത്ത സ്വർണത്തിൽ നിക്ഷേപിക്കാൻ നിക്ഷേപകർ മടിക്കും. പലിശ കൂടുതലായി ലഭിക്കുന്ന സർക്കാർ നിക്ഷേപങ്ങളിലേക്ക് തിരിയും. ഇത് സ്വർണവിലയെ താഴേക്ക് നയിക്കും.
ഇത്തരമൊരു സാഹചര്യത്തിൽ സ്വർണ വില വീണ്ടും 4000 ഡോളറിന് താഴേക്ക് വരുമെന്നും 3900 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നും സുക്ഡൻ ഫിനാൻഷ്യലിലെ വിശകലന വിദഗ്ധർ പറഞ്ഞു. അതേസമയം ജനുവരിയോടെ സ്വർണം വീണ്ടും ഉയർന്ന് തുടങ്ങും, പകുതിയോടെ വില 4200-4300 ഡോളറിനും ഇടയിലെത്തുമെന്നും ഇവർ വ്യക്തമാക്കി.
കേരളത്തിലും വില കുറയും
അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞാൽ കേരളത്തിലെ സ്വർണവിലയിലും ഇടിവ് സംഭവിക്കും. 3900 ഡോളറിലേക്ക് വില താഴ്ന്നാൽ കേരളത്തിൽ ഒരു പവൻ വില 1,01,500 രൂപയാകാം.അതായത് ഇപ്പോഴത്തെ വിലയിൽ നിന്നും 4000 ത്തോളം രൂപയുടെ ഇടിവ്.
സ്വർണവില 1 ലക്ഷത്തിന് താഴേക്ക് പോകുമോ?
ജനുവരിയിൽ കുതിച്ചുയർന്ന വില പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയാണ് താഴേക്ക് പതിച്ചത്. 1.31 ലക്ഷം എത്തിയ വിലയിൽ ഏകദേശം 26000 രൂപയുടെ ഇടിവാണ് സംഭവിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കടുത്താൽ വില ഇനിയും ഇടിയാനുള്ള സാധ്യത കൂടുതലാണ്.
അതേസമയം ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയാണ് യുഎസ് ഉയർത്തുന്നത്. യുഎസ് ആക്രമണത്തെ നേരിടാൻ തങ്ങൾ പൂർണസജ്ജരാണെന്നാണ് ഇറാനും വ്യക്തമാക്കി കഴിഞ്ഞു. യുദ്ധമെങ്കിൽ യുദ്ധം എന്നാൽ സമാധാനത്തിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും ഇറാൻ പ്രതികരിച്ചു.
എന്നാൽ സംഘർഷം എത്രയൊക്കെ രൂക്ഷമായാലും രണ്ട് വർഷം മുൻപുള്ള വിലയിലേക്ക് സ്വർണം പതിക്കില്ലെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പരമാവധി പോയാൽ സ്വർണം 3500 ഡോളർ വരെ ഇടിഞ്ഞേക്കും. എന്നാൽ വീണ്ടും സ്വർണം തിരിച്ചുകയറുക തന്നെ ചെയ്യുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications
