സ്വർണ വില ഇനിയും കുറയും, 8000 രൂപയുടെ ഇടിവ് ഉടൻ? സ്വർണ വിലയിൽ ഇനി സംഭവിക്കുന്ന മാറ്റം ഇങ്ങനെ
സ്വർണ വിലയിൽ വമ്പൻ തകർച്ചയ്ക്ക് സാധ്യതയെന്ന് സൂചന. പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നതും എണ്ണ വില കുതിക്കുന്നതുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. എണ്ണ വില ഉയർന്നതോടെ പണപ്പെരുപ്പ പേടി കൂടുകയാണ്. ഈ സാഹചര്യത്തിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയേറി.
യുഎസിൽ കഴിഞ്ഞ മാസത്തെ ഉപഭോക്തൃ സൂചിക (സിപിഐ) വലിയ നിരാശയാണ് നിക്ഷേപകർക്ക് നൽകിയത്. നിരക്ക് 3.4 ശതമാനം ആണ് ഉയർന്നത്. കോർ സിപിഐ നിരക്ക് ആകട്ടെ 2.5 ശതമാനത്തിൽ നിന്നും ഒരു ശതമാനം ഇടിഞ്ഞ് 2.4 ശതമാനമായി. പണപ്പെരുപ്പ സാധ്യത ശക്തമായ സാഹചര്യത്തിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത 70 ശതമാനത്തിന് മുകളിലായി എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നിരക്ക് ഉയർത്തുന്നത് കുറഞ്ഞ കാലത്തേക്കെങ്കിലും സ്വർണ വില കൂപ്പുകുത്താൻ കാരണമാകും.

മാത്രമല്ല 10 വർഷത്തെ യു.എസ് ട്രഷറി യീൽഡ് 5 ശതമാനം ഉയർന്നു. ഈ സാഹചര്യത്തിൽ ഔണ്‍സിന് 4000 ഡോളറിന് മുകളിലേക്ക് ഉയരാനുള്ള സ്വർണത്തിൻറെ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എണ്ണ വില ഉയരുന്നതാണ് പണപ്പെരുപ്പം ഉയരാൻ കാരണമായത്. ബ്രൻ്റ് ക്രൂഡ് ഓയിൽ കഴിഞ്ഞാഴ്ച ബാരലിന് 110 ഡോളറിന് മുകളിലെത്തി. വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്തത് ബാരലിന് 106 ഡോളർ എന്ന നിലയിലായിരുന്നു.
ഹോർമുസിൽ സംഘർഷം ഇപ്പോഴും അടങ്ങിയിട്ടില്ല. ചെങ്കടലിൽ ഹൂതികളും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എണ്ണ വില ഇനിയും കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ബ്രെൻ്റ് ക്രൂഡ് വില 100 ഡോളറിന് മുകളിൽ തുടർന്നാൽ അത് പണപ്പെരുപ്പ ഭീതി ഇരട്ടിയാക്കും. കുറച്ച് കാലത്തേക്കെങ്കിലും യുഎസ് ട്രെഷറി യീൽഡ് വളരെ ഉയർന്ന നിലയിലേക്ക് പോയേക്കും. അങ്ങനെ വന്നാൽ സ്വർണം കിതയ്ക്കുമെന്നും ഔണ്‍സ് വില 4000 ഡോളറിന് താഴേക്ക് പോകുമെന്നും ഇവർ പറയുന്നു.
അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണ വിലയേയും ബാധിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില 4300 പരിസരത്താണ് സ്വർണ വില. കേരളത്തിൽ ഒരു പവന് 1.13 ലക്ഷം രൂപയും. ആഗോള വിപണിയിൽ സ്വർണ വില 4000 ഡോളറിന് താഴേക്ക് പോയാൽ കേരളത്തിൽ സ്വർണം 1.05 ലക്ഷത്തിലേക്ക് കുതിക്കും. രാജ്യാന്തര വില കൂപ്പുകുത്തുന്ന സാഹചര്യമുണ്ടായാൽ കേരളത്തിൽ പവൻ വില ഒരു ലക്ഷത്തിലേക്ക് പോകും.
എന്നിരുന്നാലും സ്വർണ വില ഇടിയുന്നതിൽ അമിത പ്രതീക്ഷ പുലർത്തരുതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. കാരണം ഭൌമരാഷ്ട്രീയ സാഹചര്യങ്ങൾ മാത്രമല്ല കേന്ദ്രബാങ്കുകളുടെ വാങ്ങലുകൾ ഉൾപ്പെടെ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഡി-ഡോളറൈസേഷൻ്റെ ഭാഗമായി കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുകയാണ്. ഈ വർഷം രണ്ടാം പാദത്തിൽ 289 ടണ്‍ സ്വർണമാണ് കേന്ദ്രബാങ്കുകൾ സ്വന്തമാക്കിയത്. അതായത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 62 ശതമാനം അധികം. ചൈനീസ് കേന്ദ്രബാങ്കാണ് സ്വർണ വാങ്ങലിൽ മുൻപിൽ നിൽക്കുന്നത്.
അതേസമയം ആഗോള സാമ്പത്തിക സാഹചര്യങ്ങളും സ്വർണത്തിന് അനുകൂലമാണെന്നാണ് വിദഗ്ധർ പറയുന്നത്. ആഗോള പൊതുകടം 2029 ഓടെ ജിഡിപിയുടെ 100 ശതമാനം ആകുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളാണ് ഇതിന് കാരണക്കാർ. കടം ഉയരുന്നതും പലിശ നിരക്ക് ഉയരുന്നതെന്നും സർക്കാരുടെ സാമ്പത്തിക മാർഗങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകും. ഇത് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കും.


Click it and Unblock the Notifications
