സ്വർണ വില മൂക്കും കുത്തി താഴെ കിടക്കും ഇക്കാര്യം സംഭവിച്ചാൽ;പക്ഷെ ഇങ്ങനെ നടന്നാൽ...
ആഗോള വിപണിയിൽ സ്വർണ വില കഴിഞ്ഞ ദിവസം വീണ്ടും ഉയർന്നു. അമേരിക്കൻ ഡോളറിൻ്റെ മൂല്യമിടിഞ്ഞതാണ് വില ഉയരാൻ കാരണമായത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്‌പോട്ട് ഗോൾഡ് 5,000 ഡോളർ നിലവാരം കടന്നു. ഇനിയും സ്വർണ വില ഉയരുമോ അതോ വില ഇടിയുമോയെന്നതാണ് ചോദ്യം. യുഎസിലെ തൊഴിൽ, പണപ്പെരുപ്പ ഡാറ്റകളാണ് നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്നത്. ഇത് ഭാവിയിലെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകൾ, കറൻസിയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, സാമ്പത്തിക ഡാറ്റ എന്നിവയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും സ്വർണ വിലയുടെ കയറ്റിറക്കം. സ്വർണ വിലയിലെ വൻ കുതിപ്പിന് പ്രധാന കാരണം യുഎസ് ഡോളർ ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതാണ്. ഇത് വിദേശ വാങ്ങുന്നവർക്ക് സ്വർണം വിലകുറഞ്ഞതാക്കി. 2026-ൽ പലിശ നിരക്ക് കുറയ്ക്കുമെന്നും നിക്ഷേപകർ പ്രതീക്ഷിക്കുന്നുണ്ട്. 2026-ൽ ചുരുങ്ങിയത് രണ്ട് തവണ 25 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണിയുടെ കണക്കുകൂട്ടൽ. ആദ്യത്തെ നിരക്ക് കുറയ്ക്കൽ ജൂണിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

യുഎസിലെ തൊഴിൽ പണപ്പെരുപ്പ കണക്കുകൾ ദുർബലമായാൽ സ്വർണവില 5,004 ഡോളറിന് മുകളിലേക്ക് പോകാൻ സാധ്യതയുണ്ട്. ദുർബലമായ ഡാറ്റ പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതകൾക്ക് ആക്കം കൂട്ടും. ഡാറ്റ ശക്തമായി തുടരുകയാണെങ്കിൽ സ്വർണത്തിന് തിരിച്ചടി നേരിടുകയും നിലവിലെ നിലവാരത്തിൽ നിന്ന് താഴേക്ക് പോകുകയും ചെയ്തേക്കാം.
കേരളത്തിലെ സ്വർണ വില
ഈ മാസം ഇതുവരെ കേരളത്തിലെ 22 കാരറ്റ് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തിയത്.. ഫെബ്രുവരി ഒന്നിന് ഒരു പവൻ സ്വർണ്ണണത്തിന് 1,17,760 എന്ന ഉയർന്ന നിരക്കിലായിരുന്നു വ്യാപാരം ആരംഭിച്ചത്, എന്നാൽ രണ്ടിന് വിപണിയെ പിടിച്ചുലച്ച് വില കുത്തനെ ഇടിഞ്ഞു. രാവിലെ 1,11,120 ലേക്ക് താഴ്ന്ന വില, ഉച്ചയോടെ 1,09,920 ആയും എത്തി. ആഗോള വിപണിയിലെ തളർച്ചയും ബജറ്റിന് ശേഷമുള്ള തിരുത്തലുകളുമാണ് ഈ ഇടിവിന്റെ പ്രധാന കാരണമായത്..
ഭാഗികമായൊരു തിരിച്ചുവരവോടെ, ഫെബ്രുവരി രണ്ടിന് രാത്രി വില 1,12,320-ൽ എത്തി. മൂന്നിന് രാവിലെ 1,11,280 ആയി താഴ്ന്നെങ്കിലും, വൈകുന്നേരത്തോടെ 1,12,880 ലേക്ക് തിരികെയെത്തി. നാലിന് ശക്തമായൊരു മുന്നേറ്റം വിപണിയിൽ രേഖപ്പെടുത്തി. അന്നേ ദിവസം രാവിലെ 1,17,720 വരെ വില ഉയർന്ന്, തുടക്കത്തിലെ ഉയർന്ന നിരക്കിനോടടുത്തു. വൈകുന്നേരം 1,16,920-ൽ വ്യാപാരം അവസാനിപ്പിച്ച് വിപണി പ്രതിരോധ ശേഷി കാണിച്ചു. എന്നാൽ, അഞ്ചിന് 1,13,240 ആയി വില വീണ്ടും കുറഞ്ഞു. ആറിന് 1,11,720-ലേക്ക് താഴ്ന്നതിന് ശേഷം, വൈകുന്നേരം 1,12,720-ൽ വിപണി വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും, ഏഴിനും എട്ടിനും വില 1,14,840-ൽ സ്ഥിരത കൈവരിച്ചു. ഒൻപതോടെ ഇത് നേരിയ തോതിൽ ഉയർന്ന് 1,15,800-നും 1,16,480-നും ഇടയിലായി.
ചുരുക്കത്തിൽ, ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ വിലയിൽ 9,000-ത്തിലധികം ഇടിവ് രേഖപ്പെടുത്തിയ വലിയ ചാഞ്ചാട്ടങ്ങൾ പ്രകടമായിരുന്നു. പിന്നീട് ഘട്ടംഘട്ടമായി വില വീണ്ടെടുക്കുകയും രണ്ടാം വാരത്തോടെ 1,14,000-1,16,000 എന്ന പരിധിയിൽ സ്ഥിരത കൈവരിക്കുകയും ചെയ്തു.
സ്വർണ വില മുകളിലേക്ക്
അന്താരാഷ്ട്ര വിപണിയിൽ അനിശ്ചിതത്വം പടർന്നാൽ സ്വാഭാവികമായും സ്വർണ വില ഉയരും. ഇത് കേരള വിപണിയിലും പ്രതിഫലിക്കും. നിലവിൽ 1.25 ലക്ഷമെങ്കിലും നൽകാതെ ഒരു പവൻ ലഭിക്കില്ലെന്നതാണ് അവസ്ഥ. വില ഈ ആഴ്ച വീണ്ടും റെക്കോഡ് തൊടുമോയെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications