'സ്വർണവില പവന് 86,000ത്തിലേക്ക്, ഗ്രാമിന് 10,800 രൂപയും'; ആഭരണപ്രേമികൾക്ക് കോളടിക്കും..പുതിയ പ്രവചനം
സ്വർണവിലയിൽ വലിയ ഇടിവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 40 ഡോളറിന് താഴെയാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഇനിയും സ്വർണം താഴേക്ക് പോകാൻ തന്നെയാണ് സാധ്യതയെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനായ ഡാനിയേൽ എക്സ് ഹെരാൾഡ്. ഇപ്പോഴത്തെ വിലയിടിവിനെ 2008ൽ സംഭവിച്ച തിരുത്തലുമായാണ് ഡാനിയേൽ താരതമ്യം ചെയ്യുന്നത്.
2027 പകുതിയോടെ സ്വർണവില ഔണ്‍സിന് 3333 ഡോളറിലേക്ക് കൂപ്പുകുത്തും എന്നാണ് ഡാനിയേൽ പ്രവചിക്കുന്നത്. അതായത് ഇപ്പോഴത്തെ നിലയിൽ നിന്നും 20 ശതമാനം വിലയിടിവ്. 2008ൽ സ്വർണം കുതിച്ചുയർന്നെങ്കിലും പിന്നീട് വലിയ ഇടിവാണ് വിലയിൽ രേഖപ്പെടുത്തിയത്. 217 ദിവസത്തിനിടെ 34 ശതമാനത്തോളം വില ഇടിഞ്ഞു. അത്തരത്തിലൊരു ഇടിവ് സംഭവിച്ചാൽ വില നിലവിലെ നിലയിൽ നിന്നും ഔണ്‍സിന് 3700 ഡോളർ വരെ ഇടിഞ്ഞേക്കും. അപ്പോഴും ഇവിടെയൊരു ശക്തമായ പ്രതിരോധം തീർക്കാൻ സ്വർണത്തിന് സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

അന്താരാഷ്ട്ര വിപണിയിൽ 5598 ഡോളറാണ് സ്വർണത്തിൻ്റെ സർവ്വകാല റെക്കോഡ്. നിലവിൽ 26 ശതമാനത്തിൻ്റെ വിലയിടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ 3333 ഡോളറിലേക്ക് വില പതിച്ചാൽ ഏകദേശം 40.5 ശതമാനം ഇടിവാണ് സംഭവിക്കുക. ഇപ്പോഴത്തെവിലയിൽ നിന്നും സ്വർണം ഒരുപക്ഷെ 4200 ഡോളറിന് മുകളിൽ ഉയർന്നേക്കാം. 4400-4500 ഡോളറിലേക്ക് വില എത്താം. എന്നാൽ അവിടെ നിന്നും വീണ്ടും വലിയ പതനം സംഭവിക്കുമെന്നും 3333 ജോളറിലേക്ക് പതിക്കുമെന്നും ഡാനിയേൽ പറഞ്ഞു.
ആഭരണപ്രേമികൾക്ക് ആഘോഷം
യുക്രൈൻ-റഷ്യ യുദ്ധത്തിന് പിന്നാലെയാണ് സ്വർണവിലയിൽ വലിയ കുതിപ്പ് തുടങ്ങിയത്. 2025 ൽ മാത്രം 69 ശതമാനത്തോളം വർധനവാണ് വിലയിൽ ഉണ്ടായത്. 2026 ലും സമാനകുതിപ്പ് ഉണ്ടാകുമെന്ന പ്രവചനങ്ങൾ ഇതോടെ ഉയർന്നു. പ്രവചനങ്ങൾ ശരിവെച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് തന്നെ ജനുവരിയിൽ രേഖപ്പെടുത്തി. ജനുവരി 29 ന് അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സ് വില 5500 ഡോളറോളം ഉയർന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില കുതിച്ചു. പവന് 1.31 ലക്ഷം രൂപ തൊട്ടു.
ഇത്രയും വർധനവ് രേഖപ്പെടുത്തിയതോടെ ഈ വർഷം അവസാനത്തോടെ രാജ്യാന്തര വിപണിയിൽ വില 6000 ഡോളർ കടക്കുമെന്നും കേരളത്തിൽ പവൻ വില 2 ലക്ഷം കടക്കുമെന്നുമായി പ്രവചനങ്ങൾ. എന്നാൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി സ്വർണം തകർന്നു. പശ്ചിമേഷ്യൻ സംഘർഷത്തോടെ വില കൂപ്പുകുത്തി. ഫെബ്രുവരി മുതൽ ഇതുവരെ 26 ശതമാനത്തോളം വിലയിടിവാണ് സ്വർണത്തിന് ഉണ്ടായത്.
അതേസമയം ഇനിയും വില കുറയുമെന്ന പ്രവചനങ്ങളോടെ ആഭരണപ്രേമികൾ വളരെ ആവേശത്തിലാണ്. കേരളത്തിൽ നിലവിൽ ഒരു പവന് 1.08 ലക്ഷമാണ് പവന് വില. രാജ്യാന്തര വിപണിയിൽ 4160 ഡോളറും. ഇവിടെ നിന്ന് 3333 ഡോളറിലേക്ക് രാജ്യാന്തര വില വീണാൽ കേരളത്തിൽ ഒരു പവൻ വില 86,530 രൂപയാകും. അതായത് ഏകദേശം 21,470 രൂപയുടെ ഇടിവായിരിക്കും സ്വർണത്തിന് സംഭവിക്കുക. അതേസമയം ഇതേ നിലയിൽ നിന്നും സ്വർണം കൂടുതൽ താഴേക്ക് പോകാനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വിൽക്കാനിരിക്കുന്നവർക്ക് നിരാശ
സ്വർണവില ഉയർന്നതോടെ പഴയ സ്വർണം വിറ്റ് പണമാക്കുന്നവർ നിരവധിയാണ്. എന്നാൽ സ്വർണം ഇപ്പോൾ ചാഞ്ചാട്ടത്തിലാണ്. ഈ സമയത്ത് വിൽക്കുന്നത് തെറ്റായ തീരുമാനം ആയിരിക്കുകമെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് സ്വർണം വിൽക്കാതെ വിപണി സസൂക്ഷ്മം നിരീക്ഷിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.


Click it and Unblock the Notifications
