സ്വർണ വില ഒറ്റയടിക്ക് അയ്യായിരമെങ്കിലും കുറയുമോ? ഇനി സംഭവിക്കുന്നത് ഇതെന്ന് വിദഗ്ധർ
സ്വർണവിലയിൽ കനത്ത ഇടിവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പവന് കുറഞ്ഞത് 2,600 രൂപയാണ്. നിലവിൽ സംസ്ഥാനത്ത് സ്വർണ വില പവന് 91,720 രൂപയിലെത്തി. 97000 വരെ എത്തിയ വിലയാണ് ഇടിഞ്ഞ് ഈ നിലയിലേക്ക് വീണത്.
ഇത്രയും വലിയ ഇടിവിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും വിലയിൽ കനത്ത ഇടിവ് തുടരുമോയെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ഇല്ലെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധർ നൽകുന്നത്. ചെറിയ കാലയളവിലെ വിലയിടിവ് തീവ്രമായി തോന്നാമെങ്കിലും വില ഉയരാനുള്ള സാഹചര്യങ്ങൾക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ദീർഘകാലാടിസ്ഥാനത്തിൽ വില ഉയർന്ന് തന്നെ നിൽക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഈ ആഴ്ച കോമെക്സിലും എംസിഎക്സിലും സ്വർണ്ണവിലയിൽ ആരോഗ്യകരമായ ഒരു തിരുത്തൽ ദൃശ്യമായെങ്കിലും, വിശാലമായ ട്രെൻഡ് ഇപ്പോഴും ശക്തമായി മുന്നോട്ട് തന്നെയാണെന്ന് എൻറിച്ച് മണി സിഇഒ ആർ പൊൻമുടിയെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) 1,21,800 രൂപയാണ് ആദ്യത്തെ പ്രധാന പിന്തുണ നിലവാരം. ഈ നിലവാരത്തിന് താഴേക്ക് വില ഇടിഞ്ഞാൽ, 1,19,250 രൂപയ്ക്കും 1,17,600 രൂപയ്ക്കും ഇടയിലുള്ള മേഖല അടുത്ത പിന്തുണയായി വർത്തിക്കും. വരാനിരിക്കുന്ന സെഷനുകളിൽ 1,24,000 രൂപയ്ക്കും 1,24,500 രൂപയ്ക്കും ഇടയിലായിരിക്കും സ്വർണ്ണത്തിന്റെ പ്രതിരോധ നിലവാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പിന്തുണ നിലവാരങ്ങൾക്ക് മുകളിൽ സ്വർണ്ണം നിലനിൽക്കുന്നിടത്തോളം കാലം കുതിപ്പ് ശക്തമായി തുടരുമെന്ന് പൊൻമുടി ആർ അഭിപ്രായപ്പെട്ടു. നിലവിലെ നിരക്കിൽ സ്വർണ്ണവില സ്ഥിരപ്പെടുകയാണെങ്കിൽ, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 1,25,500 രൂപ, 1,27,200 രൂപ, 1,28,800 രൂപ എന്നിവിടങ്ങളിലേക്ക് തിരികെയെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണവില നിലവിലെ പ്രതിരോധ നിരക്കുകൾ കടന്നു മുന്നേറിയാൽ വലിയ കുതിപ്പിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. അങ്ങനെയെങ്കിൽ വില ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയോ അതിൽ കൂടുതലോ ആകാം. എന്നാൽ എംസിഎക്സ് സ്വർണം അതിന്റെ പ്രധാന സപ്പോർട്ട് ലെവലിന് താഴേക്ക് പോവുകയാണെങ്കിൽ വിപണിയിൽ ഒരു താൽക്കാലിക മന്ദഗതി ഉണ്ടാവാം. ഈ സാഹചര്യത്തിൽ, അടുത്ത സപ്പോർട്ട് വില1,20,800-നും 1,19,500-നും ഇടയിലായിരിക്കും.വില ഇതിലും താഴേക്ക് പോകാത്ത പക്ഷം വലിയ ട്രെൻഡിന് ഭീഷണിയുണ്ടാകില്ലെന്നും ഇവർ സൂചിപ്പിച്ചു.
ആഗോള കറൻസിയിലെ ചലനങ്ങൾ, വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ സ്വർണ്ണം വാങ്ങിക്കൂട്ടുന്നത്, ഭൗമരാഷ്ട്രീയപരമായ സംഘർഷങ്ങൾ, കൂടാതെ പണപ്പെരുപ്പ ഭീഷണികൾ എന്നിവ സ്വർണ്ണത്തിന് ശക്തി പകരുന്ന ഘടകങ്ങളായിരിക്കും












Click it and Unblock the Notifications