'സ്വർണ കച്ചവടം പൂട്ടികെട്ടേണ്ടി വരും,സാധാരണക്കാരനും പെടും'; സ്വർണ വ്യാപാരി പറയുന്നു
സ്വർണ ഇറക്കുമതി തീരുവ ഉയർത്തിയതിന് പിന്നാലെ കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 1275 രൂപ വർധിച്ചതോടെ പവൻ വില 1.23 ലക്ഷം രൂപയിലെത്തി. സ്വർണവിലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗ്രാമിന് ഇത്രയും വലിയ വർധനവ് രേഖപ്പെടുത്തുന്നത്. ഇതിനിടെ, ഒരു വർഷത്തേക്ക് ആളുകൾ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശവും ചർച്ചയാകുകയാണ്. ഈ സാഹചര്യങ്ങൾ ഒന്നിച്ചു വന്നതോടെ സ്വർണ വ്യാപാര മേഖല വലിയ പ്രതിസന്ധിയിലേക്കാണെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു. ഇതുസംബന്ധിച്ച് സ്വർണ വ്യാപാരി അരുണ്‍ മാർക്കോസ് സീ ന്യൂസ് മലയാളത്തോട് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ:
"സ്വർണവിലയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 1275 രൂപ ഒരു ഗ്രാമിന് വർധിക്കുന്നത്. ഒരു വർഷത്തേക്ക് ആളുകൾ സ്വർണം വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നുള്ള തരത്തിൽ ഒരു പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തിയത്. ഇതിനെയൊക്കെ കൂട്ടിവായിക്കുമ്പോൾ സ്വർണ വ്യാപാര മേഖലയെ ഇത് വലിയ തോതിൽ പ്രതികൂലമായി ബാധിക്കും.

വിവാഹ ആവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാരായ ആളുകളെ ഇത് വലിയ തോതിൽ ബാധിക്കും. സാമ്പത്തികമായി ഒരു മാന്ദ്യം കുറച്ചുനാളുകളായി രാജ്യത്ത് അലയടിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാനോ മറികടക്കാനോ ഉള്ള യാതൊരു നടപടിയും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. രാജ്യത്തിന് ഗുണകരമായ രീതിയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഒരു വിധത്തിലുള്ള കാര്യങ്ങളും സർക്കാർ ചെയ്യുന്നില്ല, അല്ലെങ്കിൽ ചെയ്യുന്ന കാര്യങ്ങൾ ഒന്നും ഫലപ്പെടുന്നില്ല എന്നതിന്റേതായ ഉദാഹരണമായി വേണം തീരുവ ഉയർത്തിയ നടപടിയെ മനസിലാക്കാൻ.
ഇറാൻ-അമേരിക്ക യുദ്ധം ആരംഭിച്ചപ്പോൾ മുതൽ തന്നെ സ്വർണവില കുറയുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. കാരണം ക്രൂഡ് ഓയിൽ വില വർധിച്ചതാണ്. ക്രൂഡ് ഓയിൽ വിലവർധനവ് എല്ലാ മേഖലയേയും ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് ഇപ്പോൾ രാജ്യത്ത് സ്വർണ ഇറക്കുമതി തീരുവയും ഉയർത്തിയത്. ഒരു വർഷത്തേക്ക് ആളുകൾ സ്വർണം വാങ്ങാതിരിക്കുന്ന ഒരു സാഹചര്യത്തിലേക്കാണ് ഇത് നയിക്കുന്നത്. ഇത്തരമൊരു സാഹചര്യം സ്വർണ വ്യാപാരമേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. സ്വർണ വ്യാപാര മേഖല തകർന്നടിയാൻ ഇത് കാരണമാകും.
സ്വർണത്തിന്റെ ഡിമാൻഡ് കുറയുമോയെന്ന് ചോദിച്ചാൽ, സ്വർണത്തെ വെറുമൊരു ആഭരണമായി മാത്രമല്ല ആളുകൾ കാണുന്നത്. ഏത് സമയത്തും എത്രയും പെട്ടെന്ന് പണമാക്കി മാറ്റാൻ കഴിയുന്ന ഒരു അസറ്റാണ് അത്. അതുകൊണ്ട് ഒരു കാരണവശാലും സ്വർണത്തിനുള്ള പ്രിയം കുറയില്ല. പക്ഷേ ആഭരണമായി ധരിക്കുന്നത് കുറഞ്ഞേക്കും. യുവതലമുറയിൽപ്പെട്ട ആളുകൾ ഇപ്പോൾ തന്നെ സ്വർണാഭരണങ്ങൾ ധരിക്കുന്നത് വളരെ കുറവാണ്. ചെറിയ ലൈറ്റ് വെയിറ്റ് മാലകളൊക്കെയാണ് അവർ ഉപയോഗിക്കുന്നത്.
കാലങ്ങൾക്ക് ശേഷം സ്വർണത്തിനുള്ള പ്രിയം കുറഞ്ഞുവന്നേക്കാം. പക്ഷേ ഈ അടുത്ത സമയത്തൊന്നും സ്വർണാഭരണ വ്യാപാരത്തിൽ വലിയ കുറവുണ്ടാവില്ല. ആളുകളുടെ ഉള്ളിൽ എപ്പോഴും സ്വർണം വാങ്ങണം എന്ന ചിന്തയുണ്ട്. അതൊരു നിക്ഷേപമെന്ന നിലയിൽ ആളുകൾ വാങ്ങും. ഈ ഒരു വർഷം വലിയ പ്രതിസന്ധിയുടെ കാലമായിരിക്കും. രാജ്യം അത് എങ്ങനെ തരണം ചെയ്യും എന്നുള്ളതാണ് വ്യാപാരികൾ ഉറ്റുനോക്കുന്നത്', അദ്ദേഹം പറഞ്ഞു.
അതേസമയം ഇനിയും സ്വർണ വില ഉയരുമെന്ന് തന്നെയാണ് വ്യാപാരികൾ പറയുന്നത്. അടുത്ത ദിവസങ്ങളിൽ വിലയിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പങ്കുവെച്ചു.












Click it and Unblock the Notifications