സ്വർണവില ഗ്രാമിന് 28,800 രൂപയാകും, പവൻ വില 2.31 ലക്ഷവും.. ഇനി വരാനിരിക്കുന്നത് തീക്കുതിപ്പെന്ന് പ്രവചനം
സ്വർണവില ഒരു ലക്ഷമാകുമെന്ന പ്രവചനങ്ങളെ കുറച്ച് വർഷം മുൻപ് അതിശയോക്തിയോട് കൂടിയാണ് പലരും നോക്കിക്കണ്ടത്. പവൻ ഒരു ലക്ഷം കടക്കുകയെന്നത് അസാധ്യമാണെന്നായിരുന്നു ചിലർ പ്രതികരിച്ചത്. എന്നാലിതാ സ്വർണം ഒരു ലക്ഷം കടന്നെന്ന് മാത്രമല്ല 1.33 ലക്ഷമെന്ന റെക്കോഡ് തൊടുകയും ചെയ്തു.
ഇപ്പോൾ സ്വർണവില ഇടിയുകയാണ്. പശ്ചിമേഷ്യൻ സംഘർഷമാണ് വില ഇടിയാൻ കാരണം. എന്നാൽ ഇപ്പോഴത്തെ വിലയിടിവ് കാര്യമാക്കേണ്ടെന്നും സ്വർണ അടുത്ത നാല് വർഷം കൊണ്ട് തീക്കുതിപ്പ് നടത്തുമെന്നും പറയുകയാണ് സാമ്പത്തിക വിദഗ്ധനായ റൊണാൾഡ്-പീറ്റർ സ്റ്റോഫെർലെ.2030 ഓടെ ഔണ്‍സിന് 8900 ഡോളർ കടക്കുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രവചനം.

സ്വർണവില ഔണ്‍സിന് 4800 ഡോളർ കടക്കുമെന്ന് 2020 ൽ ഇദ്ദേഹം പ്രവചിച്ചിരിരുന്നു. എന്നാൽ പലരും സംശയത്തോടെയാണ് ഈ നിരീക്ഷണത്തെ നോക്കിക്കണ്ടത്. നിലവിലെ സാഹചര്യത്തിൽ 8900 ഡോളർ എന്നത് അസാധ്യമല്ലെന്ന് അദ്ദേഹം പറയുന്നു. അതായത് പ്രതിവർഷം സ്വർണവിലയിൽ 19.7 ശതമാനം വർധനവ് ഉണ്ടായാൽ ഇത്തരമൊരു വർധനവ് അസാധ്യമല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഇനിയൊരു കുതിപ്പ് നടത്തുന്നതിന് മുൻപ് സ്വർണവില താഴേക്ക് പതിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വർണത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഇപ്പോഴുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ വ്യാപാര കേന്ദ്രമായ ദുബായിൽ സംഭവിക്കുന്ന ചില തടസങ്ങളാണ് ഒന്ന്. അതുപോലെ തന്നെ സ്വർത്തോട് താത്പര്യം കാണിക്കാതെ ഏഷ്യൻ ഓഹരി വിപണി കുതിച്ചുകയറുകയാണ്. ദീർഘകാല ട്രഷറി ബോണ്ടുകൾ ഉയർന്ന നിലയിൽ തുടരുകയാണ്, ഇതെല്ലാം സ്വർണത്തിന് തിരിച്ചടിയാണ്. എന്നാൽ ഇവയൊന്നും സ്വർണത്തിൻ്റെ ദീർഘകാല കുതിപ്പിന് തട തീർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഒന്നോ രണ്ടോ തവണ പലിശ നിരക്ക് ഉയർത്തിയേക്കാം. ഇത് സ്വർണത്തെ ബാധിച്ചേക്കാം. എന്നിരുന്നാലും മഞ്ഞലോഹം തിരിച്ചുവരും. കേന്ദ്ര ബാങ്കുകളുടെ സ്വർണവാങ്ങലുകളും വിലയെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ 4160 ഡോളാറാണ് ഇപ്പോൾ ഔണ്‍സ് വില. അതായത് റൊണാൾഡ്-പീറ്ററിൻ്റെ പ്രവചനം ശരിവെച്ചാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 5000 ഡോളറോളം ഇനിയും കുതിക്കുമെന്ന് സാരം.
കേരളത്തിൽ സ്വർണവില എന്താകും?
രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചാൽ കേരളത്തിലും ഒരു പവൻ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തും. ആഗോള വിപണിയിൽ ഔണ്‍സ് വില 4160 ഡോളറിൽ നിൽക്കുന്ന ഈ സമയത്ത് കേരളത്തിൽ ഒരു പവന് 1.08 ലക്ഷമാണ് വില. ഔണ്‍സ് വില 8900 ഡോളറായാൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് ഏകദേശം 2.31 ലക്ഷം രൂപയും ഒരു ഗ്രാമിന് 28,882 രൂപയും വരും. അതായ് പവൻ വില ഏകദേശം 1.23 ലക്ഷം രൂപയോളം വർധിക്കുമെന്ന്. ഗ്രാം വിലയിൽ ഇനിയും 15,000ത്തോളം രൂപയുടെ വർധനവും പ്രതീക്ഷിക്കാം.


Click it and Unblock the Notifications
