സ്വർണം 1.14 ലക്ഷത്തിൽ നിന്നും 1.56 ലക്ഷത്തിലേക്കോ?ഈ രണ്ട് കാര്യങ്ങൾ ഇനി നിർണായകം
കേരളത്തിൽ സ്വർണം ഇന്ന് വീണ്ടും കുതിച്ചു. ഗ്രാമിന് 20 രൂപ വർധിച്ച് 14290 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവൻ വില ഇതോടെ 1,14,320 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണം കുതിച്ചതാണ് കേരളത്തിലും വില വർധിച്ചത് . രാജ്യാന്തര വില ഇന്ന് 15 ഡോളർ ഉയർന്ന് 4392 ഡോളറിൽ എത്തി നിൽക്കുകയാണ്.
അമേരിക്കയിൽ യു.എസ് ഫെഡറൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത മങ്ങിയതും ഡോളർ ഇൻഡക്സ് ഇടിഞ്ഞതുമാണ് സ്വർണത്തിന് നേട്ടമായത്.അതേസമയം പശ്ചിമേഷ്യൻ സംഘർഷം കടുക്കുമെന്ന സൂചനകൾ സ്വർണ വിലയെ വീണ്ടും താഴേക്ക് വീഴ്ത്തുമോയെന്ന ചർച്ചകളും സജീവമാക്കുന്നുണ്ട്.

ഹോർമുസിൽ ഒമാനുമായി തങ്ങൾ കരാർ ഉണ്ടാക്കി എന്നാണ് കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയത്. ഈ ചർച്ചകളിൽ യു.എസ് ഭാഗമല്ല. ഇറാൻ്റെ പ്രതികരണത്തിന് പിന്നാലെ തന്നെ ഭീഷണിയുമായി യു.എസ് പ്രസിഡൻ്റ് ട്രംപ് രംഗത്തെത്തി. ഇറാനുമായി ഒമാൻ സമാന്തര ചർച്ചകളുമായി മുന്നോട്ട് പോയാൽ ഒമാനിൽ ബോംബിടുമെ്ന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.
ഇറാനെതിരേയും ട്രംപ് നിലപാട് കടുപ്പിച്ചു. ഇനി വെടിനിർത്തൽ ചർച്ചകൾ ഇല്ലെന്നും ഇറാൻ ഉടൻ കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സംഘർഷം വീണ്ടും കനത്താൽ ഇത് പശ്ചിമേഷ്യയിൽ സ്ഥിതി രൂക്ഷമാക്കും. ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമാകും. ട്രംപിൻ്റെ പ്രതികരണത്തിന് പിന്നാലെ തന്നെ ക്രൂഡ് വില വീണ്ടും ബാരലിന് 90 ഡോളർ കടന്നു. ക്രൂഡ് വില ഉയരുന്നത് പണപ്പെരുപ്പം കൂടാൻ ഇടയാക്കും.
നിർണായകം ഈ രണ്ട് കാര്യങ്ങൾ
സ്വർണ്ണവില കുതിച്ചുയരുമോ അതോ കുത്തനെ ഇടിയുമോ എന്നതിന്റെ വ്യക്തമായ സൂചന പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ലഭിക്കുക. ഒന്ന് എഫ്എംഒസി യോഗത്തിൻ്റെ മിനുറ്റ്സ് നാളെ യു.എസ് ഫെഡ് പുറത്തുവിടും. നേരത്തേ ജുലൈ 29 ന് ചേർന്ന യോഗത്തിൽ പലിശനിരക്ക് ഉടൻ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥർ വിയോജിപ്പ് പങ്കിട്ടിരുന്നു. എന്നാൽ ഇത് ഇംഗങ്ങൾക്കിടയിലെ സാധാരണ ചർച്ചകൾ മാത്രമാണെന്നാണ് ഫെഡ് ചെയർമാൻ കെവിൻ വാർഷ് വ്യക്തമാക്കിയത്. എന്തായാലും നാളെത്തെ മിനുറ്റ്സോടെ പലിശ നിരക്ക് കൂട്ടുമോ അതോ കുറയ്ക്കുമോയെന്ന കാര്യത്തിൽ ഏകദേശ ധാരണ ലഭിക്കും.
ജുലൈയിൽ പശ്ചിമേഷ്യൻ സംഘർഷം കടുത്തപ്പോൾ യു.എസ് ഫെഡ് പലിയ നിരക്ക് കൂട്ടാനുള്ള സാധ്യത ഏറെയാണെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ സംഘർഷം അയഞ്ഞതും കഴിഞ്ഞ മാസം മേരിക്കയിൽ കഴിഞ്ഞമാസം ഉപഭോക്തൃവിപണി തളർന്നുവെന്ന കണക്കുകളും ഈ സാധ്യതയെ കുറച്ചു.
സ്വർണ വിലയെ സ്വാധീനിക്കുന്ന രണ്ടാമത്തെ ഘടകം ഓഗസ്റ്റ് 27 മുതൽ 29 വരെ നടക്കുന്ന ജാക്‌സൺ ഹോൾ ഇക്കണോമിക് പോളിസി സിമ്പോസിയമാണ്. ഫെഡ് ഗവർണർ ആയതിന് ശേഷം വാർഷ് നടത്തുന്ന ആദ്യത്തെ പ്രധാന പ്രസംഗം ആണിത്. പലിശ കൂട്ടുമോ അതോ നിലനിർത്തുമോ എന്ന കാര്യത്തിൽ വിപണിയിൽ ഇപ്പോഴും വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ യോഗത്തിൽ വാർഷ് നടത്തുന്ന ഓരോ പ്രതികരണവും സ്വർണത്തെ സ്വാധീനിക്കും.
6000 ഡോളർ തൊടുമോ അതോ താഴേക്കോ
സ്വർണം ഔണ്‍സിന് 4400 ഡോളർ ഭേദിച്ചതോടെ ഇനി വില കുതിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും വില ഈ വർഷം 6000 ഡോളർ കടക്കില്ലെന്നും ഇവർ പറയുന്നു. അതേസമയം യുഎസ് ഫെഡ് പലിശ കൂട്ടിയാൽ സ്വർണം താഴേക്ക് പതിക്കും. 4000 ഡോളറിന് താഴേക്ക് പോയാൽ കേരളത്തിൽ 1 പവൻ സ്വർണം 1 ലക്ഷത്തിന് താഴേക്ക് പതിച്ചേക്കും.


Click it and Unblock the Notifications