സ്വർണവില മുകളിലേക്ക്, പവൻ വില 20,000 കൂടും, ഗ്രാം വില 16,000 ത്തിന് മുകളിലും..പ്രവചനം
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച കുറഞ്ഞ വില വെള്ളിയാഴ്ച വീണ്ടും ഉയർന്നു. ഇന്നലെ കേരളത്തിൽ മാത്രം പവൻ വിലയിൽ 800 രൂപയുടെ വർധനവ് രേഖപ്പെടുത്തി. ആഗോളവിപണിയിൽ വില കൂടിയതോടെയാണ് കേരളത്തിലും വില ഉയർന്നത്. പശ്ചിമേഷ്യൻ സംഘർഷവും എണ്ണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇന്നലെ എണ്ണ വില കുറഞ്ഞതാണ് സ്വർണത്തിന് കുതിക്കാൻ വഴിയൊരുക്കിയത്.
ഇറാൻ-യു.എസ് സംഘർഷം തുടങ്ങിയതിന് ശേഷം കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെ സ്വർണ വിലയിൽ 26 ശതമാനത്തിൻ്റെ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇനിയും സ്വർണവില താഴേക്ക് പതിക്കാൻ തന്നെയാണ് സാധ്യത എന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവില ഉയരുമെന്ന് ആവർത്തിക്കുകയാണ് മറ്റൊരു വിഭാഗം. ലണ്ടൻ ബ്യൂള്യൻ മാർക്കറ്റ് അസോസിയേഷനും ഇതേ നിലപാടാണ് പങ്കുവെയ്ക്കുന്നത്. ഇപ്പോഴത്തെ വിലയിടിവിൽ അമിത പ്രതീക്ഷ പുലർത്തരുതെന്ന് എൽബിഎംഎ വ്യക്തമാക്കി.

ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതിയിലും പരമ്പരാഗത സാമ്പത്തിക ശ്രോതസുകളോടുമൊക്കെയുള്ള നിക്ഷേപകരുടെ വിശ്വാസം ഇടിയുകയാണ്. ഇതാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നത്.
കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങലുകളും വിലയെ മുകളിലേക്ക് നയിക്കാൻ ഒരു കാരണമായിട്ടുണ്ട്. സ്വർണം എപ്പോഴും രാജ്യങ്ങളുടെ ശേഖരത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ റഷ്യ-യുക്രൈൻ യുദ്ധത്തോടെ സ്ഥിതി മാറി. ഡി-ഡോളറൈസേഷൻ്റെ പ്രാധാന്യം രാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഇതോടെ വലിയ അളവിൽ സ്വർണം വാങ്ങിക്കുട്ടുകയാണ് രാജ്യങ്ങൾ. ചൈന, പോളണ്ട് പോലുള്ള രാജ്യങ്ങൾ പ്രതിമാസം ടണ്‍ കണക്കിന് സ്വർണമാണ് വാങ്ങിവെയ്ക്കുന്നത്. തുടർന്നും ബാങ്കുകൾ സ്വർണം വാങ്ങും ഇത് വില ഉയരാൻ കാരണമാകും എന്നാണ് എൽബിഎംഎ ചൂണ്ടിക്കാട്ടുന്നത്.
സ്വർണവില പ്രവചനം ഇങ്ങനെ
വരുന്ന ഒരു വർഷത്തിനുള്ളിൽ സ്വർണവില ആഗോള വിപണിയിൽ ഔണ്‍സിന് 5000 ഡോളർ കടക്കുമെന്നാണ് സാമ്പത്തിക എൽബിഎംഎ പ്രവചിക്കുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ 4180 ഡോളർ പരിസരത്താണ് സ്വർണവില. അതായത് ഇപ്പോഴത്തെ വിലയിൽ നിന്നും ഏകദേശം 900 ഡോളറാളം വില കൂടുമെന്നാണ് എൽബിഎംഎ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഉയർന്നാൽ കേരളത്തിലും വില മുകളിലേക്ക് ഉയരും.
കേരളത്തിൽ ഒരു പവന് നിലവിൽ 1.10 ലക്ഷം രൂപയാണ്. ആഗോള വിപണിയിൽ ഔണ്‍സ് വില 5000 ഡോളർ കടന്നാൽ കേരളത്തിൽ ഒരു പവന് 1.30 ലക്ഷമെങ്കിലും ആകും. രാജ്യാന്തര വിപണിയിൽ 5500 ഡോളറിലേക്ക് വില ഉയർന്നപ്പോൾ കേരളത്തിൽ വില 1.33 ലക്ഷമായിരുന്നു. ഇതായിരുന്നു കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില
വില 80,000 പ്രതീക്ഷിക്കണോ?
പശ്ചിമേഷ്യൻ സംഘർവും യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തുന്നതുമാണ് ഇനി സ്വർണവിപണിയെ സ്വാധാനീക്കുന്ന രണ്ട് പ്രധാന ഘടകം. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഇറാനെ യുഎസ് ആക്രമിച്ചേക്കില്ല. അതുകഴിഞ്ഞാൽ ആക്രമം കടുപ്പിക്കാനുള്ള സാധ്യത ശക്തമാണ്. അത്തരത്തിൽ സംഘർഷം കടുത്താൽ എണ്ണവില വീണ്ടും ഉയരും. പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകും. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് ഫെഡ് ഡിസംബറിൽ പലിശ നിരക്ക് ഉയർത്തിയേക്കും. പലിശ നിരക്ക് കൂട്ടുന്നത് സ്വർണത്തിന് തിരിച്ചടിയാണ്. നിക്ഷേപകർ പലിശ ലഭിക്കാത്ത സ്വർണത്തെ ഉപേക്ഷിച്ച് കൂടുതൽ പലിശ നൽകുന്ന ഡോളർ നിക്ഷേപങ്ങളിലേക്കും സർക്കാർ ബോണ്ടുകളിലേക്കും തിരിയും. ഡിമാൻ്റ് കുറയുമ്പോൾ സ്വർണം താഴേക്ക് പതിക്കും. അപ്പോഴും 90,000 രൂപ വരെ ഇടിവിനുള്ള സാധ്യത മാത്രമാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


Click it and Unblock the Notifications
