വിവാഹ പാര്‍ട്ടിക്കാര്‍ക്ക് സന്തോഷിക്കാം; സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഏറ്റവും താഴ്ന്ന നിരക്ക്
മൂന്നാഴ്ച്ചയ്ക്കിടെ 1800ലധികം രൂപയുടെ കുറവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറയുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വില്‍പ്പന നടത്തുന്നത്. മൂന്നാഴ്ച്ചയ്ക്കിടെ 1850 രൂപയുടെ കുറവാണ് ഒരു പവനില്‍ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും നേരിയ തോതില്‍ വില കുറയുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് ദിവസമായി വില കുറഞ്ഞുവരുന്നതാണ് ട്രെന്‍ഡ്.
ഇനിയും കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. ഏതായാലും വിവാഹ പാര്‍ട്ടിക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇന്ന് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം...

ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5170 രൂപയാണ് ഇന്നത്തെ വില. പവന് 41360 രൂപയും. ഇത്രയും വില കുറയുന്നത് ഈ മാസം ആദ്യമായിട്ടാണ്. വരും ദിവസങ്ങളിലും വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയിലെത്തിയ ശേഷമാണ് കുറഞ്ഞുവരുന്നത്.

1800ലധികം രൂപ കുറഞ്ഞു
ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 42200 രൂപയായിരുന്നു വില. രണ്ടിനാണ് സര്‍വകാല റെക്കോര്‍ഡ് വിലയിലെത്തിയത്. 42880 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. പിന്നീട് ചാഞ്ചാട്ടം പ്രകടമായി. നേരിയ തോതില്‍ കുറയാന്‍ തുടങ്ങി. ഇപ്പോള്‍ കുറഞ്ഞുവരുന്നതാണ് ട്രെന്‍ഡ്. 1800 രൂപയിലധികമാണ് മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞിരിക്കുന്നത്.

വിവാഹ പാര്‍ട്ടിക്കാര്‍ ചെയ്യുന്നത്
വിവാഹ പാര്‍ട്ടിക്കാര്‍ക്ക് ഏറെ സേേന്താഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. വില കുറയുന്നത് അവര്‍ക്ക് നേട്ടമാണ്. മിക്ക വിവാഹ പാര്‍ട്ടിക്കാരും അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. വില കൂടിയ ഘട്ടത്തില്‍ ചില വിവാഹ പാര്‍ട്ടിക്കാര്‍ പഴയ ആഭരണങ്ങള്‍ മാറ്റി വില്‍ക്കുകയാണ് ചെയ്തതെന്ന് വ്യാപാരികള്‍ പറയുന്നു.

ഇനിയും വില കുറയണം
അതേസമയം, ഇനിയും വില കുറയേണ്ടതുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഗ്രാമിന് 4800 രൂപ എന്ന നിരക്കിലേക്ക് എത്തിയാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്നാണ് അവരുടെ നിലപാട്. വില കൂടിയ സാഹചര്യത്തില്‍ ആഭരണ വില്‍പ്പന കുറയുകയും കോയിന്‍ വില്‍പ്പന കൂടുകയുമാണ് ചെയ്തത്. അതായത്, വില കുറയുന്നത് ആവശ്യക്കാരെ പോലെ തന്നെ വില്‍പ്പനക്കാര്‍ക്കും പ്രതീക്ഷയാണ് നല്‍കുന്നത്.

യുഎഇയില്‍ വന്‍ വിലക്കുറവ്
അതേസമയം, യുഎഇയില്‍ കേരളത്തിലേക്കാള്‍ സ്വര്‍ണവില നന്നേ കുറവാണ്. 4500 രൂപയോളം ഒരു പവനില്‍ മാറ്റമുണ്ട്. യുഎഇയില്‍ നികുതിയില്ലാത്തതാണ് വില കുറവിന് പ്രധാന കാരണം. ഇന്ത്യയില്‍ കഴിഞ്ഞ ബജറ്റിലും ഇറക്കുമതി തീരുവയില്‍ നേരിയ വര്‍ധന വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. നികുതി കുറച്ച് വ്യാപാര മേഖലയെ ശക്തിപ്പെടുത്തണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.












Click it and Unblock the Notifications