സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്‍, ഗ്രാം വില
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ രൂപ മൂല്യം കുതിച്ചത് സ്വര്‍ണവില കുറയാന്‍ കാരണമായി. മാത്രമല്ല, ക്രൂഡ് ഓയില്‍ വില കുതിച്ചുകയറുന്നതും സ്വര്‍ണവില കുറയാന്‍ കാരണാണ്. ഇതേ സാഹചര്യം നിലനിന്നാല്‍ വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും. അതുകൊണ്ടുതന്നെ തിടുക്കത്തില്‍ സ്വര്‍ണം വാങ്ങേണ്ടതില്ല.
ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തുടക്കമിടാന്‍ പോകുന്നു എന്നാണ് പുതിയ വിവരം. ഇതോടെ യുദ്ധം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ക്രൂഡ് ഓയില്‍ വില കുതിക്കുന്നത്. മാത്രമല്ല, ഹൂത്തികളും യുദ്ധത്തില്‍ ഇടപെട്ടിരിക്കുകയാണ്. കരയുദ്ധം തുടങ്ങിയാല്‍ ജിസിസി രാജ്യങ്ങളിലെ സാഹചര്യം അട്ടിമറിയും. ഇക്കാര്യങ്ങള്‍ സ്വര്‍ണവിലയെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് പ്രധാനം.

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവുണ്ടായി. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും താഴ്ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13500 രൂപയും പവന് 108000 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് പുതിയ വില. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 4503 ഡോളറാണ് വില.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11095 രൂപയും പവന് 88760 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8640 രൂപയും എട്ട് ഗ്രാമി്‌ന് 69120 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5575 രൂപയും എട്ട് ഗ്രാമിന് 44600 രൂപയുമാണ് വില. ആഭരണം മാത്രമാണ് ഈ കാരറ്റുകളില്‍ ലഭിക്കുക. കോയിന്‍, ബാര്‍ എന്നിവ കിട്ടില്ല.
രൂപ കരുത്ത് തിരിച്ചുപിടിച്ചു, ക്രൂഡ് ഓയില്‍ കുതിച്ചുയര്‍ന്നു
ഇന്ത്യന്‍ രൂപ മൂല്യം കൂടിയത് സ്വര്‍ണവില കുറയാന്‍ ഒരു പ്രധാന കാരണമാണ്. രൂപ മൂല്യം കൂടിയാല്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില താഴും. ഡോളറിനെതിരെ 93.73 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ ദിവസം 94 കടന്ന് താഴേക്ക് പോയിരുന്നു. രൂപ തിരിച്ചുകയറാന്‍ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടല്‍ ഫലം കാണുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
ക്രൂഡ് ഓയില്‍ വില കൂടുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യം കുറയേണ്ടതാണ്. മാത്രമല്ല, ഡോളര്‍ സൂചിക ഉയരുകയും ചെയ്‌തേക്കാം. ഇന്ന് 100.09 എന്ന നിരക്കിലാണ് ഡോളര്‍. ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ ഡോളറിന്റെ ആവശ്യകത കൂടും. ഈ വേളയില്‍ ഡോളര്‍ മൂല്യം വര്‍ധിക്കും. ഇത് രൂപയുടെ മൂല്യം ഇടിയാന്‍ വഴിയൊരുക്കും. ഇക്കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ വ്യക്തതയോടെ പ്രതിഫലിക്കും.
ഡോളര്‍, രൂപ മൂല്യം, ആഗോള വിപണിയിലെ സ്വര്‍ണില എന്നിവ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുക. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നത് 1.17 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണിത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നത് തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയായിരിക്കും.












Click it and Unblock the Notifications