സ്വർണ വില ഗൂഗിളിലും അടിച്ച് കയറി: കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാർ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇതാണ്
കൊച്ചി: സമീപ ദിവസങ്ങളില്‍ സ്വർണ വിലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം 21 ന് ഒരു പവന്‍ സ്വർണത്തിന്റെ വില 97630 എന്ന റെക്കോർഡ് നിരക്കിലേക്ക് എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില കുത്തനെ ഇടിയാന്‍ തുടങ്ങിയത് സാധാരണക്കാരായ സ്വർണാഭരണ പ്രേമികളില്‍ വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. വ്യാഴാഴ്ച പവന് 600 രൂപ കുറഞ്ഞതോടെ വില 91720 രൂപയിലേക്ക് എത്തി.
മൂന്ന് ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത സ്വർണ വിലയില്‍ 5640 രൂപയുടെ ഇടിവുണ്ടായി. സ്വർണവിലയുടെ ഇത്തരമൊരു തിരിച്ചിറക്കം നേരത്തെ വിദഗ്ധർ മുന്നില്‍ കണ്ടിരുന്നു. പവന് വില ഏറ്റവും മോശം സാഹചര്യത്തില്‍ 70000 രൂപ വരെ എത്തിയേക്കുമെന്ന പ്രവചനങ്ങളുമുണ്ട്. നേരെ മറിച്ച് ഈ ഇടിവൊന്നും സ്ഥിരം അല്ലെന്നും സമീപ ഭാവിയില്‍ തന്നെ വില വീണ്ടും മുന്നോട്ട് കയറുമെന്ന് വിലയിരുത്തുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്.

വില കൂടിയാലും കുറഞ്ഞാലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി എല്ലാവരുടേയും ചർച്ചാ വിഷയം സ്വർണം തന്നെയാണ്. അതിപ്പോള്‍ നാട്ടിലെ കവലയിലായാലും സോഷ്യല്‍ മീഡിയയില്‍ ആയാലും സ്വർണം വിലയെ സംബന്ധിച്ചാണ് ആളുകള്‍ പ്രധാനമായും ചർച്ച നടത്തുന്നത്. ഇതിന്റെ എല്ലാ പ്രതിഫലനം എന്നോണം ഗൂഗിളിന്റെ സെർച്ച് ട്രെന്‍ന്റിങ് ലിസ്റ്റിലും സ്വർണം ഇടം പിടിച്ചു.
gold rate today, gold prices തുടങ്ങിയ വാക്കുകളാണ് ഗൂഗിളിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്. മലയാളത്തിലേക്ക് വരികയാണെങ്കില്‍ സ്വർണ വില, ഇന്നത്തെ സ്വർണ വില എന്നീ വാക്കുകളിലായിരുന്നു പ്രധാനമായുമുള്ള തിരയല്‍. വാങ്ങുന്നവർ അല്ലെങ്കിലും സ്വർണ വിലയില്‍ താല്‍പര്യമുള്ളവരും ഓരോ ദിവസത്തേയും അപ്ഡേറ്റ് അറിയാന്‍ താല്‍പര്യപ്പെട്ടതോടെയാകും ട്രെന്‍ഡിങ് ലിസ്റ്റിലേക്ക് സ്വർണവും കടന്ന് വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
2025-ൽ 56% വർധന
സമീപ ദിവസങ്ങളില്‍ ഇടിവ് ഉണ്ടായിട്ടും, 2025-ൽ സ്വർണവില ഏകദേശം 56% ഉയർന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തീരുവ തർക്കങ്ങൾ, കേന്ദ്ര ബാങ്കുകളുടെ പലിശനിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ എന്നിവ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി ആകർഷകമാക്കി. ഇതോടെ ഡിമാന്‍ഡും വിലയും കുത്തനെ ഉയരുകയായിരുന്നു.
കുത്തനെ ഉയർന്ന സ്വർണ വിലയില്‍ ദീപാവലിക്ക് ശേഷമാണ് നേരിയ തോതില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. ഉയർന്ന വിലയിൽ ലാഭമെടുക്കലും, ചൈന-യുഎസ് വ്യാപാര പിരിമുറുക്കങ്ങൾ കുറഞ്ഞതും ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉത്സവ സീസണ്‍ കഴിഞ്ഞതിനാല്‍ ഇന്ത്യയില്‍ ഡിമാന്‍ഡ് കുറഞ്ഞതും വിലയെ സ്വാധീനിച്ചു.
മറ്റ് നിക്ഷേപങ്ങളിൽ സമ്മർദ്ദം
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും റിയൽ എസ്റ്റേറ്റ് വിലയുടെ ഉയർച്ചയും തുടരുമ്പോൾ തന്നെ സ്വർണം സുരക്ഷിത നിക്ഷേപമായി തിളങ്ങുകയായിരുന്നു. വിദേശ ഫണ്ടുകളുടെ പിന്മാറ്റം, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതി, പലിശനിരക്കുകളിലെ അനിശ്ചിതത്വം എന്നിവ ഓഹരികളും ബോണ്ടുകളും പോലുള്ള പരമ്പരാഗത നിക്ഷേപങ്ങളെ ബാധിച്ചതോടെ, കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുകയായിരുന്നു.
ഗോൾഡ് ETF-കളുടെ തിളക്കം
ഫിസിക്കല്‍ സ്വർണം മാത്രമല്ല (ആഭരണം, നാണയം, കട്ടി) ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ETF) മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗോൾഡ് ETF-കൾ 61%ലേറെ നേട്ടമുണ്ടാക്കി, മിക്ക ഓഹരി ഫണ്ടുകളെയും പിന്നിലാക്കി. അതേസമയം അടുത്ത കുറച്ച് ദിവസങ്ങളിലും സ്വർണവിലയിൽ ഇടിവ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, യുഎസ് പണപ്പെരുപ്പ ഡാറ്റ, കേന്ദ്ര ബാങ്ക് നയ അപ്ഡേറ്റുകൾ എന്നിവയെ ആശ്രയിച്ച് വിപണിയിൽ ചാഞ്ചാട്ടം തുടർന്നേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications