സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം, പഴയ വിലയിലും വ്യാപാരം
സ്വര്‍ണ വിപണി സഞ്ചരിക്കുന്നത് വേറിട്ട വഴിയില്‍. കഴിഞ്ഞ ദിവസം വരെ ശക്തമായ മുന്നേറ്റം നടത്തിയ സ്വര്‍ണം ഇന്ന് ഇടിഞ്ഞു. ആഗോള വിപണിയില്‍ വലിയ ഇടിവാണ് സ്വര്‍ണം രേഖപ്പെടുത്തിയത്. എന്നാല്‍ കേരള വിപണിയില്‍ രണ്ടുതരം സ്വര്‍ണവിലയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ അപ്രതീക്ഷിത മുന്നേറ്റമാണ് വിപണിയെ അനിശ്ചതത്വത്തിലാക്കിയിരിക്കുന്നത്.
സാധാരണ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുമ്പോള്‍ കേരളത്തിലും വില താഴേണ്ടതാണ്. എന്നാല്‍ ഇന്നലെ രേഖപ്പെടുത്തിയ വില തന്നെ തുടരാനാണ് ഒരു വിഭാഗം ജ്വല്ലറി വ്യാപാരികളുടെ തീരുമാനം. എന്നാല്‍ ഒരു വിഭാഗം വലിയ തോതില്‍ വില കുറയ്ക്കുകയും ചെയ്തു. അപ്രതീക്ഷിത മാറ്റത്തിന് ഇനിയും സാധ്യതയുണ്ടെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 105200 രൂപയാണ് വില. 1880 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 235 രൂപ കുറഞ്ഞ് 13150 രൂപയുമായി. അതേസമയം, ഒരു വിഭാഗം ജ്വല്ലറികള്‍ ഇന്നലെ രേഖപ്പെടുത്തിയ വിലയില്‍ തന്നെ വില്‍പ്പന തുടരുന്നുണ്ട്. പവന്‍ സ്വര്‍ണത്തിന് 107080 രൂപയും ഗ്രാമിന് 13385 രൂപയുമാണ് ഇവര്‍ ഈടാക്കുന്നത്. വൈകാതെ ഇതില്‍ ക്രമീകരണം വരുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോള വിപണിയില്‍ ഇപ്പോള്‍ കാണുന്ന ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തില്‍ ഇനിയും സ്വര്‍ണവില കുറഞ്ഞേക്കാം. ആഗോള ഓഹരി വിപണിയില്‍ വലിയ മാറ്റം സംഭവിച്ചു. അമേരിക്കന്‍ വിപണി വലിയ തോതില്‍ ഇടിഞ്ഞു. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും നെഗറ്റീവ് ട്രെന്‍ഡ് ആണ് കാണുന്നത്.
കേരളത്തില്‍ ഈ മാസം ഒന്നിന് ഒരു പവന്റെ വില 101840 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 4500 രൂപയില്‍ അധികം വര്‍ധിച്ചത് ആഭരണം വാങ്ങാനിരുന്നവര്‍ക്ക് നിരാശയുണ്ടാക്കി. അമേരിക്കയിലെ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പ്രതീക്ഷിച്ച വിപണി മാറ്റമാണിത്. എന്നാല്‍ ഇന്നലെ വൈകീട്ട് മുതല്‍ ട്രെന്‍ഡ് മാറിയിട്ടുണ്ട്.
ക്രൂഡ് ഓയില്‍ ബാരല്‍ വില 93 ഡോളര്‍ വരെ കുറഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ വീണ്ടും 100 ഡോളറിലെത്തി. ഇറാന്‍-അമേരിക്ക ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു എങ്കിലും ആശാവഹമായ വിവരം വന്നിട്ടില്ല. ഇതാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം. എന്നാല്‍ ഇനിയും അമേരിക്ക യുദ്ധം ചെയ്യാന്‍ വരില്ല എന്നു തന്നെയാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4043 ആയി കുറഞ്ഞിട്ടുണ്ട്. ഇന്നലെ 4200 ഡോളറിലേക്ക് അടുത്ത ശേഷമാണ് ഈ നിരക്കിലെത്തിയത്. ക്രൂഡ് ഓയില്‍ 100 ഡോളറിലെത്തിയതോടെ ഡോളര്‍ സൂചിക 102ലേക്ക് മുന്നേറുകയാണ്. ഡോളര്‍ കരുത്ത് കൂട്ടുമ്പോള്‍ സ്വര്‍ണവില കുറയും. ഇതാണ് ആഗോള വിപണിയില്‍ സംഭവിക്കുന്നത്. രൂപയുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്. 94.37 എന്ന നിരക്കിലാണ് ഇപ്പോള്‍ രൂപയുടെ വ്യാപാരം.


Click it and Unblock the Notifications
