സ്വര്‍ണം റെക്കോര്‍ഡ് നിരക്കില്‍; 22, 18 കാരറ്റ് സ്വര്‍ണത്തിന്റെ വില അറിയാം, ഇനിയും കൂടിയേക്കും
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കൂടുകയാണ്. ഇന്നലെ 1500 രൂപയോളം കൂടിയ പിന്നാലെ ഇന്നും വില വര്‍ധിച്ചു. ഇറാന്‍-ഇസ്രായേല്‍ യുദ്ധമാണ് വില കൂടാനുള്ള കാരണമായി പറയുന്നത്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില തീപിടിച്ച പോലെ പായുകയാണ്. ക്രൂഡ് ഓയില്‍ വിലയും കുത്തനെ വര്‍ധിച്ചു. നിലവിലെ സാഹചര്യത്തില്‍ മാറ്റം വന്നില്ലെങ്കില്‍ ഇനിയും വില കൂടിയേക്കും.
ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി പ്രമുഖ ഇറാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ജറുസലേമില്‍ ടെല്‍ അവീവിലും ഇറാന്‍ നടത്തിയ ആക്രമണത്തിലും വലിയ നഷ്ടമുണ്ടായി. ഇനിയും ആക്രമണം നടത്തുമെന്ന് ഇരുരാജ്യങ്ങളും പറഞ്ഞു. ഇതോടെയാണ് വിപണി കൂടുതല്‍ ആശങ്കയിലായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ എല്ലാവരും സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെ സ്വര്‍ണവില കൂടുകയാണ്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 74560 രൂപയാണ് വില. 200 രൂപ വര്‍ധിച്ചു. ഗ്രാമിന് 25 രൂപ കൂടി 9320 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7645 രൂപയിലെത്തി. വെള്ളിയുടെ വില കേരളത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 115 രൂപയാണ് വില. രാജ്യാന്തര സ്വര്‍ണവില 3432 രൂപയായി. ഇനി വ്യാപാരം നടക്കുന്ന തിങ്കളാഴ്ചയാകും വിലയില്‍ അടുത്ത മാറ്റം സംഭവിക്കുക.
സ്വര്‍ണവില കുറയുമോ?
ഉയര്‍ന്ന വിലയില്‍ എത്തിയ സാഹചര്യത്തില്‍ വിറ്റ് ലാഭം കൊയ്യാന്‍ നിക്ഷേപകര്‍ തയ്യാറായാല്‍ മാത്രമാണ് ഇനി സ്വര്‍ണവില കുറയുക. അല്ലെങ്കില്‍ യുദ്ധ സാഹചര്യം ഒഴിവാകണം. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, നേരിട്ട് സ്വര്‍ണം ഇറക്കുന്ന മുംബൈ വിപണിയിലെ വില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുക.
ഡോളര്‍ സൂചിക 98.14 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം ഇടിഞ്ഞ് 86.25ലെത്തി. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും. രൂപ മൂല്യം ഇടിയുമ്പോള്‍ പ്രവാസികള്‍ക്ക് രണ്ട് രീതിയിലുള്ള നേട്ടമാണുണ്ടാകുക. ഒന്ന് അവര്‍ നാട്ടിലേക്ക് അയക്കുന്ന വിദേശ പണത്തിന് മൂല്യം കൂടും. രണ്ട് ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കുന്നത് എളുപ്പമാകും. ഭവന-വാഹന വായ്പകള്‍ എടുത്തവര്‍ക്ക് നേട്ടമാകുന്ന രീതിയില്‍ റിസര്‍വ് ബാങ്ക് അടുത്തിടെ റിപ്പോ നിരക്ക് കുറച്ചിരുന്നു.
വിപണിയിലെ മറ്റൊരു ആശങ്ക
സ്വര്‍ണവില ലോകത്ത് എല്ലായിടത്തും കുതിക്കുകയാണ്. അതുകൊണ്ടുതന്നെ വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങുന്ന പ്രവാസികളും ഉയര്‍ന്ന വില കൊടുക്കേണ്ടി വരും. യുഎഇയില്‍ കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവുണ്ടാകുമെന്ന് മാത്രം. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന്. ഈ മാസം ഏറ്റവും കുറഞ്ഞ പവന്‍ വില 71360 രൂപയായിരുന്നു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81000 രൂപ ചെലവ് വരും.
ക്രൂഡ് ഓയില്‍ വില കൂടിവരുന്നതാണ് വിപണിയില്‍ സംഭവിക്കുന്ന മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 75 ഡോളറിന് അടുത്തെത്തി. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 74 ഡോളറായി. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 73 ഡോളറിലെത്തിയിട്ടുണ്ട്. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നതു കൊണ്ടുതന്നെ എണ്ണവില കൂടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇന്ത്യന്‍ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന മാറ്റമാണിത്. രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ കാരണമാകും.












Click it and Unblock the Notifications