സ്വര്‍ണം തുടര്‍ച്ചയായി ഇടിയുന്നു; ഇന്നത്തെ പവന്‍ വില അറിയാം, ആഭരണം വാങ്ങാന്‍ നല്ല ദിനം
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞുവരികയാണ്. സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് വില കുറയുന്നത്. ഇന്ന് വില കുറഞ്ഞതോടെ ഈ മാസം 18ന് രേഖപ്പെടുത്തിയ വിലയിലേക്ക് സ്വര്‍ണം എത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് കേരളത്തിലും വില ഇടിയാന്‍ കാരണമായത്.
നാല് ദിവസം മുമ്പ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3430 ഡോളറില്‍ എത്തിയിരുന്നു. ഇന്ന് 3336 ഡോളറിലാണ്. ഇത്രയും കുറഞ്ഞതിനാലാണ് കേരളത്തിലും വില താഴ്ന്ന് വരുന്നത്. ഡോളര്‍ കരുത്ത് കാര്യമായി കൂടിയിട്ടില്ല. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുക കൂടി ചെയ്താല്‍ സ്വര്‍ണവില ഇനിയും കുറയും. മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയിലും കാര്യമായ മാറ്റമില്ല.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റു രാജ്യങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ താരിഫ് ഭീഷണിക്ക് ഇപ്പോള്‍ അയവ് വന്നിട്ടുണ്ട്. ജപ്പാനുമായി പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കരാര്‍ ഒപ്പുവച്ചു. യൂറോപ്പുമായും സഹകരിച്ചുമുന്നോട്ട് പോകുമെന്നാണ് സൂചന. ഇന്ത്യയും ബ്രിട്ടനും വ്യാപാര കരാറില്‍ ഒപ്പുവച്ചതും വിപണിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്.
ഇതെല്ലാം സ്വര്‍ണവിലയില്‍ ഇടിവ് വരാനുള്ള കാരണമാണ്. ഇനി അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമോ കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്. പലിശ നിരക്കില്‍ വലിയ കുറവ് വരുത്തിയാല്‍ സ്വര്‍ണവില കൂടും. നേരിയ മാറ്റമാണ് വരുത്തുന്നതെങ്കില്‍ കാര്യമായ വില മാറ്റം സ്വര്‍ണത്തിലുണ്ടാകില്ല. ക്രൂഡ് ഓയില്‍ വിലയില്‍ നിര്‍ണായക തീരുമാനമെടുക്കുന്ന ഒപെക് രാജ്യങ്ങളുടെ യോഗം തിങ്കളാഴ്ച ചേരാനിരിക്കുകയാണ്.
ഇന്നത്തെ സ്വര്‍ണവില അറിയാം
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞ് 73280 രൂപയായി. ഗ്രാമിന് 50 രൂപ താഴ്ന്ന് 9160 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7515 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5855 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3775 രൂപയായി. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 123 രൂപയില്‍ തുടരുന്നു.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 72000 രൂപയും കൂടിയത് 75040 രൂപയുമായിരുന്നു. ഈ വിലയില്‍ നിന്ന് 1760 രൂപയുടെ കുറവ് ഇന്നുണ്ട്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഇന്ന് ആഭരണം വാങ്ങുന്നവര്‍ക്ക് 79000 വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം ഒരു പവന്‍ വില്‍ക്കുന്നവര്‍ക്ക് 71000 രൂപയ്ക്ക് മുകളില്‍ കൈയ്യില്‍ കിട്ടും.
വില വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കുറഞ്ഞ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. 24, 22 കാരറ്റിനേക്കാള്‍ വില കുറവാണ് 18, 14, 9 കാരറ്റുകള്‍ക്ക്. ആഭരണം മാത്രമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ ഇവ വാങ്ങാം. അതേസമയം, സമ്പാദ്യമായും വരുമാന മാര്‍ഗമായും സ്വര്‍ണത്തെ കാണുന്നവര്‍ക്ക് നല്ലത് 24 കാരറ്റാണ്. ഏത് സമയം വില്‍ക്കുമ്പോഴും മാര്‍ക്കറ്റ് വില ഈ സ്വര്‍ണത്തിന് ലഭിക്കും. മറ്റുള്ള സ്വര്‍ണത്തിന് അത് കിട്ടില്ല.












Click it and Unblock the Notifications