കുത്തനെ വര്‍ധിച്ച് സ്വര്‍ണവില; ഞെട്ടിച്ച് മഞ്ഞലോഹം; ആശ്വാസം നിലച്ചു, ഇന്നത്തെ വില അറിയാം
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില വലിയ ആശ്വാസത്തിലായിരുന്നു. ഓരോ ദിവസവും കുറഞ്ഞുവരുന്നതായിരുന്നു വാര്‍ത്തകള്‍. ആഗോള സാമ്പത്തിക സാഹചര്യം മെച്ചപ്പെടുന്നു എന്ന ശുഭസൂചനയും ഇതോടൊപ്പം ലഭിച്ചിരുന്നു. വിവാഹ ആവശ്യവുമായി കാത്തിരുന്നവര്‍ക്കെല്ലാം സന്തോഷമുള്ള വാര്‍ത്തയായിരുന്നു വന്നിരുന്നത്. എന്നാല്‍ ഇന്ന് എല്ലാം തകിടം മറിഞ്ഞു.
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി നേരിയ കുറവ് പ്രകടമാക്കിയ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില വീണ്ടും പവന് 45000 കടന്നു. സ്വര്‍ണവില 45000 ത്തില്‍ നിന്ന് താഴെ എത്തിയത് വലിയ ആശ്വാസമായി എന്ന് കരുതിയിരിക്കെയാണ് പുതിയ വിലക്കുതിപ്പ് ഉണ്ടായിരിക്കുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് ഇന്ന് കേരളത്തില്‍ വര്‍ധിച്ചത്. 45040 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 5630 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഞൊടിയിടയിലുള്ള വര്‍ധനവ് പ്രതീക്ഷിച്ചതല്ല എന്ന് എറണാകുളത്തെ ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. നേരിയ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട് എന്ന് കരുതിയിരുന്നു എന്നും അവര്‍ സൂചിപ്പിച്ചു.
ഈ മാസം ഒന്നിന് കേരളത്തില്‍ സ്വര്‍ണവില 44560 രൂപയായിരുന്നു. അഞ്ചാം തിയ്യതി സര്‍വകാല റെക്കോര്‍ഡായ 45760 രൂപയായി. നാല് ദിവസം കൊണ്ട് 1200 രൂപയാണ് കൂടിയത്. എന്നാല്‍ പിന്നീട് നേരിയ കുറവ് പ്രകടമായി തുടങ്ങി. വെള്ളിയാഴ്ച 44640 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ഇന്ന് 400 രൂപ വര്‍ധിച്ചു. എന്താണ് വില ഒറ്റയടിക്ക് കൂടാനുള്ള കാരണം എന്ന ചോദ്യം സ്വാഭാവികമാണ്.
സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം ഇതാണ്
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഔണ്‍സിന് 1977 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. ഒരു ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ ഇടിവുണ്ടായതാണ് സ്വര്‍ണവില കൂടാന്‍ കാരണമായി പറയപ്പെടുന്നത്. വിപണിയില്‍ ആശങ്ക ഉടലെടുത്തതാണ് സ്വര്‍ണത്തിന് വില കൂടാന്‍ കാരണം.
വ്യാഴാഴ്ച ഡോളര്‍ ഇന്‍ഡക്‌സ് രേഖപ്പെടുത്തിയത് 104 ആയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇത് 103 ആയി കുറഞ്ഞു. ഡോളര്‍ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണത്തിന് വില വര്‍ധിക്കും. രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്ന ഡോളര്‍ താഴോട്ട് പോയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഡോളര്‍ മൂല്യം ഇടിയുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും കുതിച്ചുകയറും.
പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സ്വീകരിച്ചിരുന്നു. ഇത് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചു. ബാങ്കിങ് മേഖലയുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമായി പറയുന്നത്. മാത്രമല്ല, അമേരിക്കയുടെ കടമെടുക്കല്‍ പരിധി ഉയര്‍ത്താനുള്ള ചര്‍ച്ചകള്‍ താല്‍ക്കാലിമായി നിര്‍ത്തിവച്ചതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications