സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടം; ഉച്ചയ്ക്ക് വില കുത്തനെ ഇടിഞ്ഞു... ഇതെന്ത് മറിമായം
കൊച്ചി: രാവിലെ കാണുന്ന വിലയില്‍ വിശ്വസിച്ച് സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികളിലെത്തിയവര്‍ ശരിക്കും പെട്ടു. കാരണം ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത് മറ്റൊരു വിലയാണ്. ഒരു ദിവസം തന്നെ രണ്ടു വിലയാണ് സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയത്. കേരളത്തില്‍ മാത്രമല്ല ആഗോള തലത്തില്‍ ഈ മാറ്റം വന്നിട്ടുണ്ട്. സ്വാഭാവികമായും ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാക്കുന്നതാണിത്.
പത്രങ്ങളില്‍ സ്വര്‍ണ വില നിലവാരം കാണിക്കുന്ന പ്രത്യേക കോളമുണ്ട്. ഇന്നലെ രേഖപ്പെടുത്തിയ വിലയാണ് ഇന്നിറങ്ങുന്ന പത്രത്തില്‍ കാണിക്കുക. അത് വിശ്വസിച്ച് വില കണക്കാക്കി ജ്വല്ലറിയില്‍ പോയാല്‍ കുരുക്കാകും. കാരണം ഓരോ ദിവസവും രാവിലെ പുതിയ വില നിശ്ചയിച്ച ശേഷമാണ് ജ്വല്ലറി വ്യാപാരികള്‍ കച്ചവടം തുടങ്ങുക. ഇതിന് വ്യാപാരികള്‍ക്ക് പ്രത്യേക സംവിധാനമുണ്ട്.

ഇന്ന് കേരളത്തില്‍ രണ്ടു വിലയാണ് രേഖപ്പെടുത്തിയത്. രാവിലെ ഒരു വിലയും ഉച്ചയ്ക്ക് ശേഷം മറ്റൊരു വിലയും. രാവിലെ ഒരു പവന് വില കൂടുകയാണ് ചെയ്തത്. ചൊവ്വാഴ്ച ഒരു പവന് 44680 രൂപയായിരുന്നു വില. ഇന്ന് രാവിലെ 160 രൂപ വര്‍ധിച്ച് പവന് 44840 രൂപയായി. ഉച്ചയ്ക്ക് ശേഷം വില കുറയുകയാണ് ചെയ്തത്. ഒരു പവന് 44520 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില.
എന്തുകൊണ്ടാണ് ഒരു ദിവസം രണ്ടു വില രേഖപ്പെടുത്തിയത് എന്ന കാര്യത്തില്‍ വ്യാപാരികള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ആഗോള മാര്‍ക്കറ്റില്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റമാണ് ഇതിന് കാരണമത്രെ. ഡോളര്‍ കരുത്താര്‍ജിച്ചിരിക്കുന്നു. ഇതോടെ സ്വര്‍ണവില കുറയും. ആഗോള വിപണിയില്‍ രാവിലെ സ്വര്‍ണത്തിന് 2004 ഡോളര്‍ ആയിരുന്നു വില. ഇത് ഉച്ചയ്ക്ക് ശേഷം 1974 ഡോളറായി കുറഞ്ഞു.
പത്ത് ഗ്രാം സ്വര്‍ണത്തിന് ഡല്‍ഹിയില്‍ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ വില 59940 രൂപയാണ്. 510 രൂപയുടെ കുറവാണ് ഉണ്ടായത്. വെള്ളിയുടെ വിലയിലും ഈ കുറവ് പ്രകടമായി. 920 രൂപയാണ് കിലോയില്‍ കുറവ് വന്നിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം വെള്ളി കിലോയ്ക്ക് 74680 രൂപയാണ് രേഖപ്പെടുത്തിയത്. എന്താണ് ഇതിന് കാരണമെന്ന് വിശദമാക്കാം.
അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കുകയാണ്. ഡോളര്‍ കരുത്ത് കൂടിയാല്‍ സ്വര്‍ണത്തിന് വില കുറയുകയാണ് ചെയ്യുക. ഡോളറും ബോണ്ട് യീല്‍ഡും കരുത്താര്‍ജ്ജിച്ചതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ അനലിസ്റ്റ് സൗമില്‍ ഗാന്ധി പറയുന്നു. ഡോളറും സ്വര്‍ണവും വിപരീത ദിശയിലാണ് സഞ്ചരിക്കുക. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വര്‍ണവില കുതിച്ചുകയറും. ഇതിന് കാരണം മറ്റൊന്നാണ്.
ഡോളര്‍ മൂല്യം ഇടിയുന്ന വേളയില്‍ നിക്ഷേപകര്‍ക്ക് ആശങ്കയാണ്. അവര്‍ സുരക്ഷിതമായി കാണുന്നത് സ്വര്‍ണത്തെയാണ്. എത്ര നിക്ഷേപിച്ചാലും നഷ്ടം വരാത്തത് സ്വര്‍ണത്തിലെ നിക്ഷേപം മാത്രമാണ്. അതുകൊണ്ടുതന്നെ ഡോളര്‍ കരുത്ത് കുറയുമ്പോള്‍ നിക്ഷേപകര്‍ വേഗം സ്വര്‍ണം വാങ്ങിക്കൂട്ടും. ഇതോടെ സ്വര്‍ണവില കൂടും. ഡോളര്‍ മൂല്യം ഉയരുമ്പോള്‍ മറിച്ചും സംഭവിക്കും.
ഡോളര്‍ കരുത്ത് കുറയുക എന്ന് പറയുമ്പോള്‍ ഡോളറുമായി മല്‍സരിക്കുന്ന മറ്റു കറന്‍സികള്‍ക്ക് ശേഷി കൂടി എന്നാണ് അര്‍ഥം. കനേഡിയന്‍ ഡോളറും യൂറോയും പൗണ്ടും യെന്നുമെല്ലാം കരുത്താര്‍ജിക്കും. ഈ കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം കൂടുതല്‍ വാങ്ങാനും സാധിക്കും. ഇത്തരത്തില്‍ ആവശ്യക്കാര്‍ കൂടുമ്പോള്‍ സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് ശേഷം മറിച്ചാണ് സംഭവിച്ചിരിക്കുന്നത്.












Click it and Unblock the Notifications